കിഴക്കമ്പലത്തെ അക്രമത്തില്‍ ലേബര്‍ കമ്മീഷണറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടുവെന്ന് തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിശദമായ പരിശോധന നടത്തി എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടത്.
മുമ്പ് കിറ്റക്‌സിലെ തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളില്‍ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പരിശോധനയ്ക്ക് പോയതുമായി ബന്ധപ്പെട്ട വിവാദങ്ങളും ഇപ്പോഴത്തെ സംഭവങ്ങളും കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
ലേബര്‍ ക്യാമ്പുകളെ സംബന്ധിച്ചും, തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടോ, ലംഘിക്കുന്നുണ്ടോ എന്ന കാര്യങ്ങളാണ് പ്രധാനമായും അന്വേഷിക്കുക.
കിറ്റക്‌സിലെ അക്രമവുമായി ബന്ധപ്പെട്ട് ജില്ലാ ലേബര്‍ ഓഫീസര്‍ സര്‍ക്കാരിനെ പ്രാരംഭ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
കിറ്റക്‌സിലെ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരായി പൊതുവികാരം ഉയര്‍ത്തിവിടാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ അത് ശരിയല്ലെന്ന് പി.വി ശ്രീനിജന്‍ എം.എല്‍.എ. കേരളത്തില്‍ ഒട്ടനവധി അതിഥി തൊഴിലാളികള്‍ രാജ്യത്തിന്റെ പല ഭാഗത്തു നിന്നും വരുന്നുണ്ട്. അവരെല്ലാം വളരെ മര്യാദക്ക് ജീവിക്കുന്നവരാണ്. തൊഴിലെടുത്ത് കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് അവര്‍ നല്‍കുന്ന പങ്ക് നമുക്കാര്‍ക്കും തള്ളികളയാന്‍ കഴിയില്ല. പക്ഷേ അതില്‍ ഒരു വിഭാഗം ഇത്തരത്തില്‍ എന്തെങ്കിലും ചെയ്ത് കഴിഞ്ഞാല്‍ അത് പൊതുവായി ചിത്രികരിക്കേണ്ട കാര്യമില്ലെന്നും പി.വി ശ്രീനിജന്‍ ദ ക്യുവിനോട് പറഞ്ഞു.
സമയബന്ധിതമായും നിയമപ്രകാരമായിട്ടുള്ള പരിശോധനകള്‍ നടത്താന്‍ എല്ലാവരും തയ്യാറാകണം. അതിന് രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നും നമ്മളെ പോലുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് ഇല്ല. ഇവിടെ സമാധാനമായി ജീവിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അത് അതിഥി തൊഴിലാളികള്‍ക്കുമുണ്ട്. സമയബന്ധിതമായിട്ടും നിയമപ്രകാരമുള്ള പരിശോധനകളാവശ്യമാണ്. അതിനെ എല്ലാവരും അനുകൂലിക്കുകയാണ് വേണ്ടത് എന്നും പി.വി ശ്രീനിജന്‍ പറഞ്ഞിരുന്നു.