ബിജെപി പ്രവേശത്തിന് പിന്നാലെ നടി ഖുശ്ബു മുന്‍പ് പ്രധാനമന്ത്രിയെയും ബിജെപിയെയും വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ കുത്തിപ്പൊക്കി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അഭ്യൂഹങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ നടന്ന ചടങ്ങിലായിരുന്നു ഖുശ്ബു ബിജെപി അംഗത്വം സ്വീകരിച്ചത്.
രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലുള്ളവര്‍ വേണം. മോദി രാജ്യത്തെ ശരിയായ പാതയില്‍ നയിക്കുന്നു, തുടങ്ങിയ പ്രസ്താവനകളോടെയായിരുന്നു ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നത്. ഇതിന് പിന്നാലെയാണ് ഖുശ്ബുവിന്റെ പഴയ ട്വീറ്റുകള്‍ ചര്‍ച്ചയായത്. ഒരാഴ്ച മുമ്പ് വരെ മോദിയെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ ഖുശ്ബു പങ്കുവെച്ചിട്ടുണ്ട്.
ബിജെപി പ്രവര്‍ത്തകര്‍ മര്യാദയില്ലാത്തവരും, വൃത്തികെട്ടവരും വെറുപ്പ് തോന്നുന്നവരും, അധിക്ഷേപിക്കുന്നവരുമാണെന്നായിരുന്നു 2017 ഒക്ടോബറില്‍ പോസ്റ്റ് ചെയ്ത ഒരു ട്വീറ്റില്‍ നടി പറഞ്ഞത്. ബിജെപിയില്‍ എത്തിയതോടെ നടിയും ഇങ്ങനെയായോ എന്നാണ് ചിലര്‍ ചോദിക്കുന്നത്.
2019 സെപ്റ്റംബറിലെ ഒരു ട്വീറ്റില്‍ സംഘികളും, ബിജെപിയെ പിന്തുടരുന്നവരും, ബുദ്ധിയില്ലാത്തവരും വൈകല്യമുള്ളവരുമാണന്നായിരുന്നു നടി ആരോപിച്ചത്. ആ ട്വീറ്റില്‍ തന്നെ താനൊരു മുസ്ലീമാണെന്നും, ഇന്ത്യ തന്റെ രാജ്യമാണെന്നും, മുസ്ലീങ്ങള്‍ക്ക് ഈ ര്യാജ്യത്ത് സ്ഥാനമില്ലെന്ന് വാദിച്ചവരെ അഭിസംബോധന ചെയ്ത് നടി പറയുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അഞ്ചിലെ ട്വീറ്റില്‍ മുന്‍ കോണ്‍ഗ്രസ് ദേശീയ വക്താവ് പറയുന്നത് സംഘികള്‍ കുരങ്ങന്മാരെ പോലെയാണ് പെരുമാറുന്നതെന്നാണ്.
ഈ വര്‍ഷം ഫെബ്രുവരിയില്‍, മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുന്നവരാണ് സംഘപരിവാറുകാര്‍ എന്നാണ് ഖുശ്ബു പറഞ്ഞത്. ഞങ്ങള്‍ ഇന്ത്യക്കാര്‍ ശരിയായത പാതയിലാണെന്നും അവര്‍ പറഞ്ഞിരുന്നു.
ഒക്ടോബര്‍ ഏഴിന് അതായത് ഒരാഴ്ച മുമ്പ്, നൊബേല്‍ സമ്മാന ജേതാവായ സാമ്പത്തിക വിദഗ്ധന്‍ ജോസഫ് സ്റ്റിഗ്ലിറ്റ്സ് നരേന്ദ്ര മോഡി ഭിന്നിപ്പ് അവസാനിപ്പിക്കണമെന്നും കൊവിഡ് പ്രതിരോധം അമ്പേ പരാജയമാണെന്നും പ്രതികരിച്ച വാര്‍ത്ത രണ്ട് തവണയാണ് നടി പങ്കുവെച്ചിരിക്കുന്നത്.
സ്വയം സംഘികള്‍ എന്ന് പ്രഖ്യാപിക്കുന്നവര്‍, കര്‍ഷകര്‍ രാജ്യത്ത് നേരിടുന്ന പ്രശ്‌നങ്ങള്‍ കാണുന്നില്ലെന്ന് ട്വീറ്റില്‍ ഖുശ്ബു പറയുന്നു. പഞ്ചാബിലെ കര്‍ഷക സമരത്തിന് മുന്‍പ് കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്താസമ്മേളനവും ഖുശ്ബു ട്വീറ്റ് ചെയ്തിട്ടുണ്ട്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ഡി.എം.കെ വിട്ട ഖുശ്ബു 2014 ലായിരുന്നു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് തമിഴ്നാട് ഘടകവുമായി നിലനിന്ന വിയോജിപ്പാണ് പാര്‍ട്ടി വിടാന്‍ താരത്തെ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ സീറ്റിന് ശ്രമിച്ചെങ്കിലും ലഭിച്ചിക്കാത്തതിനാല്‍ നടിക്ക് അതൃപ്തിയുണ്ടായിരുന്നു. കോണ്‍ഗ്രസ് വിട്ട് ഖുശ്ബു ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു.