സിനിമാ തിയേറ്റര്‍ ടിക്കറ്റുകള്‍ക്ക് വിനോദ നികുതി ചുമത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്ത് ഹൈക്കോടതി. വിനോദ നികുതി ചുമത്താനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനല്ല തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് എന്ന വാദം ഹൈക്കോടതി അംഗീകരിച്ചു. പ്രേക്ഷകര്‍ക്ക് വേണ്ടി സുജിത് മജീദ് എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.
100 രൂപയില്‍ താഴെയുള്ള ടിക്കറ്റുകള്‍ക്ക് 5 ശതമാനവും 100 രൂപയില്‍ കൂടുതലുള്ളവയ്ക്ക് 8.5 ശതമാനവും നികുതി ചുമത്തിക്കൊണ്ടായിരുന്നു സര്‍ക്കാര്‍ ഉത്തരവ്
സിനിമാ ടിക്കറ്റുകള്‍ക്ക് ചരക്കുസേവന നികുതി നിലവില്‍ വന്നപ്പോള്‍ തദ്ദേശ സ്ഥാപനങ്ങള്‍ പിരിച്ചിരുന്ന വിനോദ നികുതി സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. 28 ശതമാനമായിരുന്നു ടിക്കറ്റുകളുടെ ജിഎസ്ടി. കഴിഞ്ഞ ജനുവരി മുതല്‍ ജിഎസ്ടി 18 ശതമാനമായി കുറച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചരക്കുസേവന നികുതിക്കൊപ്പം വിനോദ നികുതി കൂടി പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇതനുസരിച്ച് 10% വരെ വിനോദ നികുതി ഏര്‍പ്പെടുത്തുന്നതിന് നിയമഭേദഗതി കൊണ്ടുവന്നു. എന്നാല്‍ ഇതിനെതിരെ ചലച്ചിത്ര രംഗത്തെ സംഘടനകള്‍ എതിര്‍പ്പറയിച്ച് രംഗത്തെത്തി. തുടര്‍ന്ന് വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടു. ഇതോടെയാണ് 100 രൂപയില്‍ താഴെയുള്ള ടിക്കറ്റുകള്‍ക്ക് 5 ശതമാനവും 100 രൂപയില്‍ കൂടുതലുള്ള ടിക്കറ്റുകള്‍ക്ക് 8.5 ശതമാനവും നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. പ്രേക്ഷകര്‍ക്ക് അധികഭാരമുണ്ടാകാത്ത വിധത്തില്‍ നികുതി ഏര്‍പ്പെടുത്തുന്നുവെന്നാണ് സര്‍ക്കാര്‍ വാദം.