ശിശുക്ഷേമത്തില്‍ മറ്റ് സംസ്ഥാനങ്ങളെ പിന്നിലാക്കി കേരളം ഒന്നാം സ്ഥാനത്ത്. കുട്ടികളുടെ ക്ഷേമം പരിശോധിക്കാനായി തയ്യാറാക്കിയ ചൈല്‍ഡ് വെല്‍ ബീയിങ് ഇന്‍ഡക്‌സ് ഗവേഷണ റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നു. സന്നദ്ധ സംഘടനയായ വേള്‍ഡ് വിഷന്‍ ഇന്ത്യയും ഐഎഫ്എംആര്‍ ലീഡും ചേര്‍ന്ന് തയ്യാറാക്കിയതാണ് ശിശുക്ഷേമ ഇന്‍ഡക്‌സ്. ആരോഗ്യകരമായ വികാസം, നല്ല ബന്ധങ്ങള്‍, സംരക്ഷിത സാഹചര്യങ്ങള്‍ എന്നിവയുള്‍പ്പെടെ 24 അളവുകോലുകള്‍ വെച്ചാണ് പഠനഫലം തയ്യാറാക്കിയിരിക്കുന്നത്.
കേരളം (0.76), തമിഴ്‌നാട് (0.67), ഹിമാചല്‍ പ്രദേശ് (0.67) എന്നീ സംസ്ഥാനങ്ങളാണ് ആദ്യ റാങ്കുകളില്‍. ആരോഗ്യ-പോഷണ, വിദ്യാഭ്യാസ മേഖലകളിലെ മികച്ച പ്രകടനമാണ് കേരളത്തെ ഒന്നാമത് എത്തിച്ചത്.
തങ്ങളുടെ കുട്ടികള്‍ക്ക് ആരോഗ്യപരമായ ഒരു തുടക്കം നല്‍കുന്ന കേരളമാണ് ഒന്നാമത് എത്തിയിരിക്കുന്നത്. അവിടെ കൂടുതല്‍ കുട്ടികള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നു. കേരളം കൂടുതല്‍ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസവും ലഭ്യമാക്കുന്നു.റിപ്പോര്‍ട്ട്
പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിലും ശിശുക്കളുടെ അതിജീവനം ഉറപ്പുവരുത്തുന്നതിലും സംസ്ഥാനം മുന്നിലാണ്. ശുദ്ധമായ കുടിവെള്ളവും ശുചീകരണ സംവിധാനങ്ങളും ഉള്‍പ്പെടെ ആരോഗ്യപരമായ ചുറ്റുപാട് ഒരുക്കുന്നതിലും കേരളമാണ് ഒന്നാമതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ മധ്യപ്രദേശും ഝാര്‍ഖണ്ഡുമാണ് ശിശുക്ഷേമത്തില്‍ ഏറെ പിന്നില്‍. മധ്യപ്രദേശ്- 0.44, ഝാര്‍ഖണ്ഡ് 0.44, മേഘാലയ- 0.53 എന്നിങ്ങനെയാണ് അവസാന സ്ഥാനക്കാരുടെ ഇന്‍ഡക്‌സ് നില. ഈ സംസ്ഥാനങ്ങളിലെ കുട്ടികള്‍ക്ക് പോഷകാഹാരക്കുറവ് മൂലം വരള്‍ച്ച മുരടിപ്പും ഭാരക്കുറവും ഉണ്ടാകുന്നത് കൂടുതലാണ്. സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെ ലഭ്യത കുറവാണെന്നും അഞ്ച് വയസെത്തുന്നതിന് മുമ്പ് ഏറെ കുട്ടികള്‍ മരിക്കുന്നതായും ഇന്‍ഡക്‌സ് സൂചിപ്പിക്കുന്നു. കുട്ടികള്‍ പഠനം നിര്‍ത്തിപ്പോകുന്നത് തടഞ്ഞ് അവരെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ പ്രാപ്തരാക്കണം. കുട്ടികളുടെ അതിജീവനം, പോഷണം, കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍, കുട്ടികള്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ എന്നിവ പരിശോധിച്ചപ്പോഴാണ് മധ്യപ്രദേശ് താഴെ പോയത്. കൂടുതല്‍ കുട്ടികള്‍ ദരിദ്രകുടുംബങ്ങളില്‍ കഴിയുന്നത് മധ്യപ്രദേശിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
കേന്ദ്ര ഭരണപ്രദേശങ്ങളില്‍ പുതുച്ചേരിയാണ് ശിശുക്ഷേമത്തില്‍ മുന്നില്‍ (0.77). ഏറ്റവും പിറകിലുള്ള ദാദ്ര നഗര്‍ ഹവേലിയുടെ ഇന്‍ഡക്‌സ് മാര്‍ക് (0.52). രാജ്യത്തെ മാറ്റിത്തീര്‍ക്കേണ്ടവരായ കുട്ടികളെ അവഗണിച്ചാല്‍ ദാരിദ്ര്യവും അസമത്വവും വര്‍ദ്ധിക്കുമെന്ന് വേള്‍ഡ് വിഷന്‍ ഇന്ത്യ സിഇഒയും ദേശീയ ഡയറക്ടറുമായ ചെറിയാന്‍ തോമസ് വ്യക്തമാക്കി.