കൊച്ചി: സംസ്ഥാനത്ത് കടകള്‍ തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനം എടുക്കേണ്ട സമയമായെന്ന് ഹൈക്കോടതി. കേരളത്തില്‍ ആള്‍ക്കൂട്ട നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കുന്നില്ലെന്നും പൊതു ഇടങ്ങളില്‍ സാമൂഹിക അകലം പാലിക്കപ്പെടുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.
വസ്ത്ര വില്‍പ്പനശാലകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. കേരള ടെക്‌സ്‌റ്റൈല്‍സ് ആന്റ് ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് അസോസിയേഷന്‍ ആണ് എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
നിലവില്‍ ആളുകള്‍ മാസ്‌ക് ധരിക്കുന്നു എന്നതിന് പുറമെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ നിര്‍ണായകമായ സാമൂഹിക അകലം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ജാഗ്രതക്കുറവ് ഉണ്ട്. കേരളത്തിലെ പൊതു നിരത്തുകളിലെ കാഴ്ച ഇതാണെന്നും ജസ്റ്റിസ് ടി.ആര്‍. രവി അഭിപ്രായപ്പെട്ടു.
നിലവില്‍ വിദഗ്ധ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങളെടുക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ അടുത്ത വ്യാഴാഴ്ചക്കകം നിലപാടറിയിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.