കടലിലകപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഇനി കരയിലേക്കും സന്ദേശമയക്കാം. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കുള്ള നാവിക് സംവിധാനം കരയിലേക്ക് സന്ദേശമയയ്ക്കുന്ന വിധം പരിഷ്‌കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനുള്ള സാങ്കേതിക വിദ്യ ഐ എസ് ആര്‍ ഒ ഈ മാസം കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍ പെട്ടാല്‍ മെഡിക്കല്‍ സഹായമെത്തിക്കാനുള്ള മറ്റൈന്‍ ആംബുലന്‍സിന്റെ നിര്‍മ്മാണവും വേഗത്തില്‍ പൂര്‍ത്തിയാക്കാനും തീരുമാനമായി. മറൈന്‍ ആംബുലന്‍സ്, നാവിക് സംവിധാനങ്ങള്‍ ഒരുക്കുമെന്ന പ്രഖ്യാപനം നടപ്പാക്കാത്തതില്‍ മത്സ്യത്തൊഴിലാളികളില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നിരുന്നു.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മന്ത്രിസഭ തീരുമാനിച്ച പദ്ധതിയാണ് മറൈന്‍ ആമ്പുലന്‍സ്. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റ് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി നടപ്പാക്കപ്പെട്ടില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ ഈ മഴക്കാലത്തും വിമര്‍ശനമുന്നയിച്ചിരുന്നു. മത്സ്യബന്ധനത്തിനിടെ അപകടമുണ്ടാകുമ്പോഴും അസുഖം ബാധിക്കുമ്പോഴും തൊഴിലാളികള്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കാനുമാണ് മറൈന്‍ ആംബുലന്‍സ്. മൂന്ന് മറൈന്‍ ആമ്പുലന്‍സ് വാങ്ങുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കൊച്ചി കപ്പല്‍ശാലയുമായി കഴിഞ്ഞ വര്‍ഷം ധാരണയായിരുന്നു. അഞ്ച് മീറ്റര്‍ നീളവും 5.99 മീറ്റര്‍ വലിപ്പവുമുള്ള കപ്പലിന് 14 നോട്ടിക്കല്‍ വേഗതയുണ്ടാകും. ഇന്ധനക്ഷമതയും കൂടുതലാണ്. പാരാമെഡിക്കല്‍ ജീവനക്കാരും രോഗികളും ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ആമ്പുലന്‍സില്‍ മെഡിക്കല്‍ ബെഡ്, മോര്‍ച്ചറി ഫ്രീസര്‍, റഫ്രിജറേറ്റര്‍, പരിശോധന റൂം എന്നിവയൊക്കെ ഉണ്ടാകും. രക്ഷാപ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാക്കാന്‍ സഹായിക്കുമെന്നതാണ് ഇതിന്റെ മേന്‍മ.
കടലില്‍ പോകുന്ന തൊഴിലാളികളുമായുള്ള ആശയവിനിമയം ഫലപ്രദമായി നടക്കുന്നില്ലെന്ന പരാതിയെത്തുടര്‍ന്ന് നാവിക്ക് സംവിധാനം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഓഖിദുന്തമുണ്ടായപ്പോള്‍ കടലില്‍ പോയവരെ കാലാവസ്ഥയിലെ മാറ്റം അറിയിക്കാന്‍ കഴിത്തത് ദുരന്തത്തിന്റെ വ്യാപ്തിക്ക് കാരണമായതായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഐഎസ്ആര്‍ഒയുമായി ചേര്‍ന്നുള്ള മുന്നറിയിപ്പ് സംവിധാനത്തിന് തുടക്കമിട്ടത്. കരയില്‍ നിന്നും 1500 കിലോമീറ്റര്‍ അകലെ വരെയുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുന്ന ഉപകരണം ബോട്ടുകളില്‍ ഘടിപ്പിക്കുന്നതാണ് പദ്ധതി. കാറ്റിന്റെ ഗതി, മഴ, കടല്‍ക്ഷോഭം, ന്യൂനമര്‍ദ്ദം എന്നിവ സംബന്ധിച്ച മുന്നറിയിപ്പുകള്‍ നല്‍കാന്‍ കഴിയും. ആദ്യഘട്ടത്തില്‍ 500 ബോട്ടുകളില്‍ നാവിക് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിലൂടെ മുന്നറിയിപ്പുകള്‍ മാത്രമേ ലഭിക്കുകയുള്ളുവെന്നും കടലിലെ അവസ്ഥ അധികൃതരെ അറിയിക്കാനും സംവിധാനം വേണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് പദ്ധതി പരിഷ്‌കരിക്കുന്നതിനായി ഐഎസ്ആര്‍ഒയോടും കെല്‍ട്രോണിനോട് സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു