യുവതിയെ കടന്നുപിടിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടെന്ന ആരോപണം നേരിടുന്ന വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രാജിവയ്ക്കണണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. രാജിക്ക് തയാറായില്ലെങ്കില്‍ ശശീന്ദ്രനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണം.
വി.ഡി.സതീശന്റെ വാക്കുകള്‍
ഭണഘടനാപരമായ പദവിയില്‍ ഇരിക്കുന്ന മന്ത്രിക്കെതിരെ യുവതിയും പിതാവും ഗുരുതരമായ പരാതിയാണ് ഉന്നയിച്ചിരിക്കുന്നത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ വിളിച്ച മന്ത്രി ശശീന്ദ്രന്‍ സംസാരിച്ചത് താക്കീതിന്റെ സ്വരത്തിലെണെന്നാണ് പരാതിക്കാരി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്.
മന്ത്രിക്ക് കേസിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നെന്ന് പെണ്‍കുട്ടിയുടെ പിതാവും വ്യക്തമാക്കിയിട്ടുണ്ട്. ഒരു സ്ത്രീ നല്‍കിയ പരാതിയില്‍ മന്ത്രി പദവിയില്‍ ഇരിക്കുന്ന ഒരാള്‍ ഇടപെട്ട് നീതി അട്ടിമറിക്കുന്നത് അതീവ ഗൗരവമുള്ള വിഷയമാണ്. പദവി ദുരുപയോഗം ചെയ്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച എ.കെ ശശീന്ദ്രന്‍ ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ല.
മന്ത്രി ശശീന്ദ്രന്‍ പ്രതിരോധത്തില്‍
സ്ത്രീപീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ വിശദീകരണവുമായി മന്ത്രി എ.കെ ശശീന്ദ്രന്‍. സ്ത്രീപീഡന പരാതിയായിരുന്നുവെന്ന് അറിഞ്ഞിരുന്നില്ലെന്നും പാര്‍ട്ടിക്കാരുമായി ബന്ധപ്പെട്ട് എന്തോ പ്രശ്‌നമുണ്ട് എന്നറിഞ്ഞാട്ട് വിളിച്ചതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
''പ്രശ്‌നത്തില്‍ പരാമര്‍ശിക്കപ്പെട്ട രണ്ടാളുകളും എന്റെ പാര്‍ട്ടിക്കാരാണ്. പത്മാകരനായാലും കുട്ടിയുടെ പിതാവായാലും. അങ്ങനെയൊരു പ്രശ്‌നം ഉണ്ടായപ്പോള്‍ രണ്ടു പേരോടും എനിക്ക് അന്വേഷിക്കേണ്ട ഉത്തരവാദിത്തം ഉണ്ട്. അത് നല്ല നിലക്ക് തീര്‍ക്കാന്‍ പറ്റുന്നതാണോ അല്ലയോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. സ്ത്രീപീഡന പരാതിയായിരുന്നെന്ന് അറിഞ്ഞിരുന്നില്ല,'' മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു
ശശീന്ദ്രൻ- അവിടെ ചെറിയ വിഷയമുണ്ടല്ലോ പാർട്ടിയിൽ.
പരാതിക്കാരൻ- പാർട്ടിയിൽ വിഷയമില്ലല്ലോ സാറെ.
ശശീന്ദ്രൻ - ആയിക്കോട്ടെ, നിങ്ങളതൊന്ന് തീർക്കണം.കേട്ടോ.
പരാതിക്കാരൻ- സാർ പറയുന്നത് മനസ്സിലായില്ല.എന്താണെന്ന് പറയണം.
ശശീന്ദ്രൻ- (പരാതിക്കാരന്റെ പേര്) അല്ലെ..?
പരാതിക്കാരൻ- അതെ, ഞാനാണ്
ശശീന്ദ്രൻ- അവിടെ നമ്മുടെ പാർട്ടിക്കാരുമായിട്ട് എന്തൊക്കെയോ വിഷയം ഉണ്ടല്ലോ..
പരാതിക്കാരൻ- സാറേ, സാർ പറയുന്നത്, ഗംഗ ഹോട്ടൽ മുതലാളി പത്മാകരൻ എന്റെ മകളുടെ കയ്യിൽ കയറിപ്പിടിച്ചു.
ശശീന്ദ്രൻ- ആ, അതുതന്നെ.അത് നല്ല നിലയ്ക്ക് തീർക്കണം.
പരാതിക്കാരൻ- എന്റെ മകൾ...
ശശീന്ദ്രൻ- ഞാനറിഞ്ഞു, അതുകൊണ്ടല്ലേ നിങ്ങളോട് പറയുന്നത്, നല്ല നിലയിൽ തീർക്കണം കേട്ടോ.
പരാതിക്കാരൻ- ആ കേസാണ് നല്ലനിലയിൽ തീർക്കണം എന്ന് സാർ പറയുന്നത്. നല്ല നിലയിൽ എന്നുപറയുമ്പോൾ, അതെങ്ങനാ...
ശശീന്ദ്രൻ- അത് നിങ്ങൾക്കറിയാമല്ലോ..
പരാതിക്കാരൻ- സാറേ, അവർ ബിജെപിക്കാരാണ്.അതെങ്ങനെ തീർക്കണമെന്നാണ് സാറ് പറയുന്നത് ?
ശശീന്ദ്രൻ-ഞാൻ പറഞ്ഞല്ലോ, അത് ഒരു പ്രയാസമില്ലാത്ത രീതിയിൽ പരിഹരിക്കണം.
പരാതിക്കാരൻ- സാറേ, പത്മാകരൻ എന്റെ മകളുടെ കയ്യിൽ കയറി പിടിച്ച കേസ്,ആ പീഡനക്കേസാണ് എ.കെ ശശീന്ദ്രൻ സാറ് തീർക്കണമെന്ന് പറയുന്നത്.അതെങ്ങനെ തീർക്കണമെന്നാണ് ഞാൻ ചോദിക്കുന്നത്.
ശശീന്ദ്രൻ- പരിഹരിക്കാൻ നിങ്ങൾക്കറിയില്ലേ....
പരാതിക്കാരൻ- സാറ് പറഞ്ഞാൽ തീർക്കാം. അതെങ്ങനെന്ന് പറ.
ശശീന്ദ്രൻ- പറയാം.ഞാൻ പറയാം.ബാക്കി നമുക്ക് പിന്നെ സംസാരിക്കാം.ഫോണിലൂടെ വേണ്ട.