വയനാട്ടില്‍ പ്രളയത്തില്‍ വീട് തകര്‍ന്ന തൊഴിലാളി ആത്മഹത്യ ചെയ്തു. മേപ്പാടി പഞ്ചായത്തിലെ നത്തംകുനി തുറയന്‍കുന്നിലെ മൂഞ്ഞെലിയില്‍ സനലിനെ ഇന്നലെ വൈകീട്ടാണ് താല്കാലിക ഷെഡിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സര്‍ക്കാര്‍ ധനസഹായങ്ങളൊന്നും സനലിന്റെ കുടുംബത്തിന് ലഭിച്ചിരുന്നില്ല. റവന്യു പുറമ്പോക്ക് ഭൂമിയിലാണ് താമസിച്ചിരുന്നതെന്ന കാരണം കാണിച്ചാണ് അധികൃതര്‍ സഹായം നിഷേധിച്ചതെന്നാണ് ആരോപണം.
തുറയന്‍കുന്നിലെ 11 സെന്റ് ഭൂമിയില്‍ മണ്‍കട്ട കൊണ്ടുണ്ടാക്കിയ വീട്ടിലായിരുന്നു 40 വര്‍ഷത്തോളമായി സനല്‍ താമസിച്ചിരുന്നത്. 2018ലെ പ്രളയത്തില്‍ ഭാഗികമായും 2019ല്‍ വീട് പൂര്‍ണമായും തകര്‍ന്നു. ഇതോടെ പെരുവഴിയിലായ സനലിന്റെ നാലംഗ കുടുംബം ബന്ധുക്കളുടെ വീടുകളിലായിരുന്നു കഴിഞ്ഞിരുന്നത്. വീട് നിന്ന സ്ഥലത്ത് സുഹൃത്തുക്കള്‍ താല്‍ക്കാലിക ഷെഡ് നിര്‍മ്മിച്ച് കൊടുത്തിരുന്നു.
പ്രളയത്തില്‍ നഷ്ടം സംഭവിച്ചവര്‍ക്കുള്ള ആശ്വാസ ധനസഹായമായ 10000 രൂപ പോലും സനലിന്റെ കുടുംബത്തിന് ലഭിച്ചിരുന്നില്ലെന്ന് അയല്‍വാസിയായ ബെന്നി ദ ക്യുവിനോട് പറഞ്ഞു. വീട് നിക്കാനുള്ള സര്‍ക്കാര്‍ സഹായം ലഭിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും റവന്യു ഭൂമിയാണെന്ന കാരണത്താല്‍ ഇത് നിഷേധിക്കുകയായിരുന്നുവെന്നും ബെന്നി പറഞ്ഞു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
മുപ്പത് വര്‍ഷമായി വീട് നിര്‍മ്മിക്കാന്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിട്ട്. എല്ലാ തവണയും ലിസ്റ്റില്‍ പേരുണ്ടാകും. പതിനാറും പതിനെട്ടും വയസ്സുള്ള രണ്ട് കുട്ടികളാണ്. കൂലിപ്പണിയും ഇല്ലാതായി. കടം കയറി ബുദ്ധിമുട്ടിലായിരുന്നു.ബെന്നി
വീട് നിര്‍മ്മിക്കാന്‍ സഹായം ലഭിക്കാത്തതാണ് ആത്മഹത്യക്ക് കാരണമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ അനില്‍കുമാര്‍ പി കെ പ്രതികരിച്ചു. ലൈഫ് മിഷനില്‍ ഉള്‍പ്പെട്ടിട്ടും റവന്യു അധികൃതര്‍ മടക്കി അയക്കുകയായിരുന്നു. മക്കളുടെ പഠനം പോലും തുടരാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അനില്‍കുമാര്‍ പറഞ്ഞു.
സനലിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാന്‍ അനുവദിക്കാതെ നാട്ടുകാരും ബന്ധുക്കളും പ്രതിഷേധിച്ചിരുന്നു. തഹസില്‍ദാരും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി ഭൂമിയുടെ പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.