പാലക്കാട് സൈലന്റ് വാലിയില്‍ പടക്കക്കെണി കഴിച്ച് ആന മരച്ച സംഭവത്തില്‍ സ്‌ഫോടക വസ്തു വെച്ചത് തേങ്ങയിലെന്ന് റിപ്പോര്‍ട്ട്. പൈനാപ്പിളില്‍ നിറച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് കാട്ടാനയ്ക്ക് പരുക്കേറ്റതെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍ പന്നിയെ പിടികൂടുന്നതിനായി തേങ്ങ നെടുകെ കീറി സ്‌ഫോടക വസ്തു നിറച്ചാണ് കെണിയുണ്ടാക്കിയതെന്ന് അറസ്റ്റിലായ വില്‍സനാണ് വെളിപ്പെടുത്തിയത്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
സംഭവത്തില്‍ രണ്ട് പേര്‍ കൂടി പിടിയിലാകാനുണ്ടെന്നാണ് വിവരം. ഇവര്‍ ഭൂവുടമകളായ പിതാവും മകനുമാണെന്നാണ് സൂചന. അറസ്റ്റിലായ വില്‍സണ്‍ എസ്റ്റേറ്റ് സൂപ്പര്‍വൈസറായിരുന്നു. അമ്പലപ്പാറ എസ്റ്റേറ്റില്‍ പന്നിയെ കൊല്ലുന്നതിനായി തേങ്ങയില്‍ പടക്കം വെക്കുന്നത് സ്ഥിരം സംഭവമാണെന്ന് പൊലീസ് പറയുന്നു. പടക്കം പൊട്ടി ചാവുന്ന പന്നിയുടെ ഇറച്ചി ഇവര്‍ വില്‍പ്പന നടത്തിയിരുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്. വൈദ്യുതി ഉപയോഗിച്ചും കുരുക്കിട്ടും കുഴികളില്‍ ചാടിച്ചുമെല്ലാം പന്നികളെ പിടികൂടിയിരുന്നുവെന്നും സൂചനയുണ്ട്.
മെയ് 27നാണ് ഗര്‍ഭിണിയായ പിടിയാന ചരിഞ്ഞത്. 25നായിരുന്നു ആനയെ വായ തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. അതിനും രണ്ടാഴ്ച മുമ്പ് ആനയ്ക്ക് പരുക്കേറ്റിരിക്കാമെന്നാണ് ഫോറന്‍സിക് സര്‍ജന്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അറിയിച്ചത്. ഭക്ഷണം തേടി എസ്‌റ്റേറ്റിലെത്തിയ ആനയ്ക്ക് പന്നിപ്പടക്കം പൊട്ടി പരുക്കേറ്റിരിക്കാമെന്നാണ് നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.