സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തില്‍ നിന്ന് ആറു ദിവസത്തെ വേതനം വീതം അഞ്ചുമാസം സമാഹരിക്കാനുള്ള തീരുമാനത്തെ എതിര്‍ത്ത് ഒരു വിഭാഗം അധ്യാപകര്‍ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് വിഷുക്കൈനീട്ടം കൈമാറിയ കുട്ടികളെയും ആടിനെ വിറ്റ പണം നല്‍കിയ സുബൈദയെയും, റംസാന്‍ മാസത്തെ ദാനധര്‍മ്മാദികള്‍ക്കുള്ള പണം നല്‍കിയവരെയും ഓര്‍മ്മിപ്പിച്ചാണ് മുഖ്യമന്ത്രി ഇവര്‍ക്ക് മറുപടി നല്‍കിയത്.
ആ കുഞ്ഞുമനസുകളുടെ വലുപ്പം ലോകം അറിയണമെന്നുണ്ടായിരുന്നു
ഇന്ന് മാധ്യമങ്ങളില്‍ ഒരു ഗൗരവമായ വിഷയം കണ്ടു, കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ നമ്മുടെ നാട് നേരിടുന്ന ആകെ പ്രയാസത്തിന്റെ അടിസ്ഥാനത്തില്‍, ശമ്പളത്തില്‍ ഒരു ഭാഗം മാറ്റിവയ്ക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ചിലര്‍ കത്തിച്ച വാര്‍ത്ത കണ്ടു. ആ വാര്‍ത്ത കണ്ടപ്പോ ഓര്‍മ്മ വന്നത്, തിരുവനന്തപുരത്ത്, പ്ലാത്താംകരയിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ആദര്‍ശിനെയാണ്. ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാര്‍ത്ഥികള്‍ നിന്ന് സംഭാവന സ്വീകരിക്കാനുള്ള ഒരു പ്രൊജക്ടുമായാണ് ആ കൊച്ചുമിടുക്കാന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്.
അഞ്ചാം ക്ലാസുമുതല്‍ ആദര്‍ശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുടക്കമില്ലാതെ സംഭാവന നല്‍കുന്നുണ്ട്. ദുരിതം അനുഭവിക്കുന്നവരെക്കുറിച്ചുള്ള കുട്ടികളുടെ കരുതല്‍ എത്ര വലുതാണെന്ന് തെളിയിക്കുന്ന അനുഭവമായിരുന്നു അത്്. വിഷുവിന് ലഭിച്ച കൈനീട്ടം സംഭാവന ചെയ്യാമോ എന്ന് വിഷുവിന്റെ തലേദിവസം അഭ്യര്‍ത്ഥന നടത്തിയിരുന്നു. നമ്മുടെ കുട്ടികള്‍ അത് രണ്ട് കൈയും നീട്ടിയാണ് സ്വീകരിച്ചത്. അവര്‍ക്ക് കിട്ടിയ കൈനീട്ടം സന്തോഷത്തോടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ആ കുട്ടികളുടെ പേരുവിവരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് ആ കുഞ്ഞുമനസുകളുടെ വലുപ്പം ലോകം അറിയണമെന്നതുകൊണ്ടാണ്.
വിഷുക്കൈനീട്ടവും കളിപ്പാട്ടങ്ങള്‍ വാങ്ങാനുള്ള പണവും കുട്ടികള്‍ നല്‍കുമ്പോള്‍, റമദാന്‍ മാസത്തില്‍ ദാനധര്‍മ്മാദികള്‍ക്ക് നീട്ടിവച്ച തുകയിലൊരു പങ്ക് ദുരിതാസ്വാസനിധിക്ക് നല്‍കുന്ന സുമനസുകളുമുണ്ട്. പൊലീസ് ജീപ്പ് തടഞ്ഞുനിര്‍ത്തി തന്റെ പെന്‍ഷന്‍ തുക നല്‍കിയ അമ്മയുടെ കഥ നാം കഴിഞ്ഞ ദിവസം പറഞ്ഞതാണ്. ഇന്നുണ്ടായ അനുഭവമുണ്ട്. തന്റെ ആടിനെ വിറ്റ് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയ കൊല്ലത്തെ സുബൈദയുടെ അനുഭവം. അവര്‍ ചെറിയ ചായക്കച്ചവടം നടത്തുകയാണ്. അവര്‍ക്ക് ആടിനെ വിറ്റുകിട്ടിയ തുകയില്‍ നിന്ന് അത്യാവശ്യ കടങ്ങള്‍ തീര്‍ത്ത് 5510 രൂപ അവര്‍ കൈമാറി. കുരുമുളക് വിറ്റ് പണം നല്‍കിയവരുണ്ട്.
കുരുമുളക് വിറ്റ് പണം കൈമാറിയവരുണ്ട്. എന്തിനധികം പറയുന്നു, തങ്ങള്‍ക്ക് സ്‌പെഷ്യല്‍ മീല്‍ വേണ്ട എന്ന് വച്ചുകൊണ്ട്, അതിന്റെ തുക സന്തോഷപൂര്‍വം നല്‍കിയ ത്വക്ക് രോഗ ആശുപത്രിയിലെ അന്തേവാസികളുണ്ട്. ഇവരൊന്നും എന്തെങ്കിലും പ്രതിഫലം പ്രതീക്ഷിച്ചല്ല ഇങ്ങനെ ചെയ്യുന്നത്. തിരിച്ചുകിട്ടും എന്നും പ്രതീക്ഷിച്ചല്ല. ഇത് മനോഭാവത്തിന്റെ പ്രശ്‌നമാണ്. ഏത് പ്രയാസ ഘട്ടത്തിലും സഹജീവികളോട് കരുതല്‍ വേണം എന്ന മാനസികാവസ്ഥയാണ് നമ്മുടെ നാട്ടിലെ ആബാലവൃദ്ധത്തെയും നയിക്കുന്നത്.
സഹജീവികളോടുള്ള കരുതല്‍ വേണ്ടുവോളം ഉള്ളവര്‍ തന്നെയാണ് നമ്മുടെ ജീവനക്കാരും അധ്യാപകരും. കൊവിഡ് 19 പ്രതിരോധത്തില്‍ അവര്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. ഒരേ മനസോടെ ഉദ്യോഗസ്ഥ സമൂഹം പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നുണ്ട്. അവര്‍ക്ക് ഇപ്പോഴത്തെ പ്രതിസന്ധിയെ കുറിച്ച് നല്ല ഗ്രാഹ്യമുണ്ടാകും. അതുകൊണ്ടാണ് അവര്‍ സ്വയം അറിഞ്ഞ് നല്‍കാന്‍ തയ്യാറായത്. പ്രളയസമയത്തും സാലറി ചലഞ്ച് ഏറ്റെടുത്ത് ആയിരങ്ങള്‍ എത്തിയിരുന്നു. ഇത്തവണം സംസ്ഥാനവും, രാജ്യവും, ലോകവും നേരിടുന്ന പ്രതിസന്ധിയുണ്ട്.