കടുത്ത വരള്‍ച്ച നേരിടുന്ന തമിഴ്‌നാടിന് 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാമെന്നറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നദികള്‍ വറ്റി വരളുകയും കുടിവെള്ളം കിട്ടാക്കനിയാവുകയും ചെയ്ത സാഹചര്യത്തിലാണ് കേരളത്തിന്റെ സഹായ വാഗ്ദാനം. ട്രെയിന്‍ മാര്‍ഗം വെള്ളം എത്തിക്കാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്. വിഷയത്തില്‍ തമിഴ്‌നാട് ഇന്ന് നിലപാട് വ്യക്തമാക്കും. പളനിസ്വാമിയുടെ നേതൃത്വത്തില്‍ ഉന്നത തല യോഗത്തിന് ശേഷമാണ് നിലപാട് അറിയിക്കുക. ഉച്ചയ്ക്ക് 12 നാണ് യോഗം. വെള്ളം ആവശ്യമില്ലെന്നായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസ് ആദ്യം കേരളത്തെ അറിയിച്ചത്.
തല്‍ക്കാലം വെള്ളം വേണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ ഓഫീസ് വ്യക്തമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചിരുന്നു. അതേസമയം കേരളത്തിന്റെ സഹായം സ്വാഗതം ചെയ്ത് പ്രതിപക്ഷമായ ഡിഎംകെയുടെ അദ്ധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയറിക്കുകയും ചെയ്തു. വലയുന്ന ജനങ്ങള്‍ക്ക് കേരളത്തിന്റെ സഹായത്തോടെ വെള്ളമെത്തിക്കാന്‍ എടപ്പാടി സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.