തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവോയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി. 2016 സെപ്തംബറില്‍ ഇന്ത്യന്‍ ആര്‍മി നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ തെളിവ് ചോദിച്ചതിന് പിന്നാലെയാണ് ബി.ജെ.പിയും ചന്ദ്രശേഖര്‍ റാവോയും തമ്മിലുള്ള പോര് കനക്കുന്നത്.
''ഇന്ത്യന്‍ ആര്‍മിയെ ഇടിച്ചു താഴ്ത്തി സംസാരിക്കുന്ന രാജ്യദ്രോഹിയെ പോലെയാണ് തെലങ്കാന മുഖ്യമന്ത്രി സംസാരിക്കുന്നത്.പാകിസ്താന്റെയും ചൈനയുടെയും ഏജന്റായ താങ്കളെ പോലുള്ളവരല്ല തെലങ്കാനയുടെ മണ്ണില്‍ വേണ്ടത്. നിങ്ങളെ തെലങ്കാനയിലെ ജനങ്ങള്‍ തന്നെ ആട്ടിയോടിക്കും, ബി.ജെ.പി പ്രസിഡന്റ് ബന്ദി സഞ്ജയ് പറഞ്ഞു.
ഇന്ത്യന്‍ ആര്‍മിയെക്കുറിച്ചുള്ള ചന്ദ്രശേഖര്‍ റാവോയുടെ പരാമര്‍ശം ഇന്ത്യക്കാര്‍ക്ക് എല്ലാവര്‍ക്കും നാണക്കേട് ഉണ്ടാക്കുന്നതാണ്. ആളുകളുടെ രക്തം രോഷം കൊണ്ട് തിളയ്ക്കുകയാണ്. കോണ്‍ഗ്രസുകാര്‍ എഴുതിയത് വായിക്കുന്നത് പോലെയാണ് തെലങ്കാന മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും ബി.ജെ.പി പറഞ്ഞു.
ഞായറാഴ്ച സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ തെളിവ് ചോദിച്ച് ചന്ദ്രശേഖര്‍ റാവോ രംഗത്തെത്തിയിരുന്നു. ബി.ജെ.പി പ്രൊപ്പഗാന്‍ഡ ഉണ്ടാക്കുന്നത് കൊണ്ടാണ് ഇത്തരത്തില്‍ ചോദിക്കേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഏകാധിപതിയെ പോലെയാണ് ബി.ജെ.പി രാജ്യം ഭരിക്കുന്നതെന്നും തെലങ്കാന മുഖ്യമന്ത്രി തുറന്നടിച്ചിരുന്നു.