നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെ ബുധനാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്നാണ് ബുധനാഴ്ച ആലുവയിലെ വീട്ടില്‍ ചോദ്യം ചെയ്യാമെന്ന് തീരുമാനിക്കുന്നത്. നാളെ ഹാജരാകാനായിരുന്നു ക്രൈംബ്രാഞ്ച് നോട്ടീസെങ്കിലും മറ്റൊരു ദിവസം സമയം അനുവദിക്കണമെന്നായിരുന്നു കാവ്യയുടെ ആവശ്യം.
ഗൂഢാലോചനയിൽ കാവ്യ മാധവന്റെ പങ്ക് സൂചിപ്പിക്കുന്ന നിർണായക ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് കാവ്യയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ അറിയിച്ചത്. ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവ് സുരാജും ശരതും തമ്മിലുള്ള ശബ്ദരേഖയാണ് പുറത്ത് വന്നത്. നടി കാവ്യ മാധവൻ സുഹൃത്തുക്കൾക്ക് കൊടുക്കാൻ വച്ചിരുന്ന പണിയെന്ന് ശബ്ദരേഖയിൽ പറയുന്നു. അത് ദിലീപ് ഏറ്റെടുത്തതാണെന്നും സുരാജ് വ്യക്തമാക്കുന്നു. സുരാജിന്റെ ഫോണിൽ നിന്നാണ് ശബ്ദരേഖ വീണ്ടടുത്തത്.
കേസിന്റെ ഫോക്കസ് ദിലീപിൽ നിന്നും കാവ്യയിലേക്ക് മാറ്റാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്ന സംശയവും നിലനിൽക്കുന്നുണ്ട്. ദിലീപിന്റെ അറിവോടെയാണോ ഇക്കാര്യം സുരാജ് പറയുന്നതെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ദിലീപും കാവ്യമാധവനും തമ്മിലുള്ള സംഭാഷണങ്ങളുടെ ചില ശബ്ദരേഖകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. 'എനിക്കു നിങ്ങളെ ഭയമാണെ'ന്നു കാവ്യ കരഞ്ഞുകൊണ്ടു പറയുന്നത് ഇക്കൂട്ടത്തിലുണ്ടെന്ന് അന്വേഷണസംഘം സൂചിപ്പിക്കുന്നു.