നടിയെ അക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപും കൂട്ടാളികളും ശ്രമിച്ചതിന് 20 ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘത്തിനു കൈമാറിയതായി സംവിധായകൻ ബാലചന്ദ്രകുമാർ. കുറ്റകൃത്യത്തിന്‍റെ വിവരങ്ങള്‍ ദിലീപിന്‍റെ സഹോദരന്‍ അനൂപിനും കാവ്യ മാധവനും കൂടി അറിയാമായിരുന്നെന്നും ബാലചന്ദ്രകുമാര്‍ മൊഴി നല്‍കി. എറണാകുളം ക്രൈംബ്രാഞ്ച് ഓഫിസിലെത്തി മൊഴി നൽകിയ ശേഷം സംസാരിക്കുകയായിരുന്നു ബാലചന്ദ്രകുമാർ.
‘ശാസ്ത്രീയ പരിശോധനയിലൂടെ ഈ തെളിവുകളുടെ വിശ്വാസ്യത ബോധ്യപ്പെടും. ഓരോ ഡിജിറ്റൽ തെളിവും സംഭവിച്ച തിയതിയും സമയവും അടക്കം ക്രോഡീകരിച്ചാണു കൈമാറിയത്. മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ പറയുന്ന കാര്യങ്ങളുടെ വിശ്വാസ്യത ശാസ്ത്രീയമായി തെളിയിക്കപ്പെടേണ്ടത് എന്റെ കൂടി ആവശ്യമാണ്. കുറ്റകൃത്യത്തെ കുറിച്ചു നേരിട്ട് അറിയാവുന്ന കാര്യങ്ങൾ തുറന്നുപറഞ്ഞപ്പോൾ മാനസിക സമ്മർദം ഇല്ലാതായി’ അദ്ദേഹം പറഞ്ഞു.
അതേസമയം, കുറ്റകൃത്യത്തിനു ശേഷം ഒന്നാം പ്രതി പൾസർ സുനിയും സുഹൃത്തും കാവ്യയുടെ വസ്ത്രവ്യാപാര ശാലയിൽ എത്തിയെന്നു മൊഴി നൽകിയ ജീവനക്കാരൻ കോടതിയിൽ മൊഴിമാറ്റിയ ദിവസം പ്രതികൾ പാർട്ടി നടത്തിയെന്ന വിവരം അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടില്ല. ഈ ദിവസം ബാലചന്ദ്രകുമാർ ദിലീപിന്റെ വീട്ടിലുണ്ടായിരുന്നില്ല.