വിദ്യാലയങ്ങളിലെ ഉച്ച ഭക്ഷണത്തില്‍ നിന്നും മുട്ടയും മാംസവും ഒഴിവാക്കണമെന്ന് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എന്‍.ഇ.പി) കര്‍ണാടകയിലെ സമിതി. മുട്ടയും മാംസവും പതിവായി കഴിക്കുന്നത് പ്രമേഹം, നേരത്തെയുള്ള ആര്‍ത്തവം, പ്രാഥമിക വന്ധ്യത എന്നിവയുള്‍പ്പെടെയുള്ള 'ജീവിതശൈലി രോഗങ്ങള്‍ക്ക്' കാരണമാകുമെന്നും ഇന്ത്യക്കാരുടെ ചെറിയ ശരീരഘടന കണക്കിലെടുക്കുമ്പോള്‍, കൊളസ്ട്രോളിലൂടെ ലഭിക്കുന്ന ഏതെങ്കിലും അധിക ഊര്‍ജ്ജം അസുഖങ്ങള്‍ക്ക് കാരണമാകും എന്നാണ് സമിതിയുടെ അവകാശവാദം.
മുട്ടയും മാംസവും കഴിക്കുന്നതിന്റെ ദൂഷ്യഫലങ്ങളെപ്പറ്റി 'ആരോഗ്യവും ക്ഷേമവും' എന്ന വിഷയത്തില്‍ പ്രസിദ്ധീകരിച്ച പേപ്പറിലാണ് എഴുതിയിരിക്കുന്നത്.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസിലെ (നിംഹാന്‍സ്) ചൈല്‍ഡ് ആന്‍ഡ് അഡോളസന്റ് സൈക്ക്യാട്രി വിഭാഗത്തിലെ പ്രൊഫസറും തലവനുമായ ഡോ. കെ ജോണ്‍ വിജയ് സാഗറിന്റെ നേതൃത്വത്തിലാണ് പേപ്പര്‍ പ്രസിദ്ധീകരിച്ചത്.
എന്നാല്‍ ഈ വാദം അശാസ്ത്രീയമാണെന്ന് പബ്ലിക് ഹെല്‍ത്ത് ഡോക്ടറും ഗവേഷകയുമായ ഡോ. സില്‍വിയ കര്‍പ്പഗം പറഞ്ഞു. നയത്തേക്കാള്‍ കൂടുതല്‍ പ്രോപഗാന്റയാണ് ഇത്തരം ലേഖനങ്ങളിലൂടെ ഉദ്ദേശിക്കുന്നതെന്നും ഒരു മനോരോഗ വിദഗ്ധൻ എന്തിനാണ് പോഷകാഹാരത്തെ കുറിച്ചെഴുതുന്നതെന്നും ഡോക്ടര്‍ ചോദിച്ചു.
'മുട്ടയെക്കുറിച്ച് അവര്‍ പറഞ്ഞതെല്ലാം അശാസ്ത്രീയമാണ്. ഒരു തരത്തിലുള്ള തെളിവുകളുടെ അടിസ്ഥാനത്തിലും അല്ല പേപ്പര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. യോഗയും ജിംനാസ്റ്റിക്‌സും ചെയ്യുന്ന ഒരാള്‍ പോഷകാഹാര നയം തീരുമാനിക്കുന്നു. സംസ്ഥാനത്ത് ഗുരുതരമായ പോഷകാഹാര പ്രതിസന്ധിയുണ്ട്. തലമുറകളായി കുട്ടികളെ ഇത് ബാധിക്കും, കുട്ടികളുടെ വളര്‍ച്ചാ മുരടിപ്പിനും അണുബാധയ്ക്കും സാധ്യതയുണ്ട്. ദീര്‍ഘകാല ചികിത്സ ആവശ്യമുള്ള രോഗങ്ങള്‍ക്കും ഇടയാകാം,' ഡോ. സില്‍വിയ വ്യക്തമാക്കി.
'ഇത് സംസ്ഥാനം നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ്. അതിന് അര്‍ഹിക്കുന്ന ഗൗരവം നല്‍കുന്നതിനുപകരം, കഴിക്കുന്ന ആഹാരം കുറ്റകരമാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നത്,'എന്നും ഡോ. സില്‍വിയ കൂട്ടിച്ചേര്‍ത്തു.
മുട്ടയും ഉള്ളിയും വെളുത്തുള്ളിയുമൊന്നും ഉള്‍പ്പെടുത്താതെ ഉച്ചഭക്ഷണം തയ്യാറാക്കുന്ന ഇസ്‌കോണ്‍ (ISKON) പോലെയുള്ള സംഘടനകള്‍ക്കാണ് സംസ്ഥാനത്തെ സ്‌കൂളുകളിലെ മിഡ് ഡേ മീല്‍സിന്റെ കരാര്‍ കര്‍ണാടക സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. കുട്ടികളുടെ പോഷകാഹാരക്കുറവ് വലിയ ആശങ്കയായി നില്‍ക്കുന്ന സാഹചര്യത്തില്‍ വിവിധ സമുദായങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് കര്‍ണാടക സര്‍ക്കാര്‍ ഉച്ചഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ സ്‌കീം സംസ്ഥാനമൊട്ടാകെ നടപ്പാക്കാതെ ചില ജില്ലകളില്‍ മാത്രമാണ് അവതരിപ്പിച്ചത്.
നാഷണല്‍ ഹെല്‍ത്ത് സര്‍വ്വേ-5 പ്രകാരം കര്‍ണാടകയില്‍ അഞ്ചു വയസ്സിനുതാഴെയുള്ള കുട്ടികളില്‍ 35% എങ്കിലും വളര്‍ച്ച മുരടിച്ചവരാണ് എന്നാണ് റിപ്പോര്‍ട്ട്.