എറണാകുളം സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പി എസ് സുരേഷിനെതിരെ ലൈംഗിക ആരോപണം. സംവിധായകന്‍ മേജര്‍ രവിയുടെ സഹോദരനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ കണ്ണന്‍ പട്ടാമ്പിയും ഭാര്യയുമാണ് എസിപിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ ഹൗസ് ഓഫീസറായിരുന്ന വിഎസ് നവാസിന്റെ തിരോധാനത്തില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനാണ് പി എസ് സുരേഷ്.
പട്ടാമ്പിയില്‍ സിഐ ആയിരുന്ന സമയത്ത് സുരേഷുമായി സൗഹൃദത്തിലായിരുന്നുവെന്നും സൗഹൃദം മുതലെടുത്ത് വീട്ടിലെത്തി ഭാര്യയോട് ലൈംഗിക അതിക്രമം നടത്തിയെന്നാണ് കണ്ണന്‍ പട്ടാമ്പിയുടെ ആരോപണം. മനോരമ ഓണ്‍ലൈനിനോട് കണ്ണന്‍ പട്ടാമ്പി ഇക്കാര്യം പറഞ്ഞത്.
2016 ജൂണ്‍ ഏഴിന് വീടിനടുത്ത് ഒരു പൊലീസുകാരന്റെ ഗൃഹപ്രവേശം ഉണ്ടായപ്പോള്‍ അന്നു രാത്രി സുരേഷ് വിളിച്ച്, എന്റെ വീട്ടില്‍ എത്തിയിട്ടുണ്ടെന്നു പറഞ്ഞു. ഞാന്‍ അപ്പോള്‍ പുറത്തായിരുന്നു. ഇയാളുടെ ഫോണ്‍ വന്നതിനെ തുടര്‍ന്ന് വീട്ടില്‍ എത്തിയപ്പോഴേക്കും അയാള്‍ പോകുകയാണ് എന്നു പറഞ്ഞ് തിടുക്കത്തില്‍ ഇറങ്ങി. വീട്ടില്‍ എന്താണു സംഭവിച്ചതെന്ന് ഭാര്യ എന്നോട് അപ്പോള്‍ പറഞ്ഞില്ല.
പക്ഷേ ആ ദിവസത്തിനു ശേഷം എന്റെ ഭാര്യ വലിയ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. മകളുടെ പിറന്നാളിന് സിഐ സുരേഷിനെ ക്ഷണിക്കാമെന്നു പറഞ്ഞപ്പോള്‍ അവര്‍ എതിര്‍ത്തു. ഒരുമിച്ച് മദ്യപിക്കുന്നതിലുള്ള നീരസമായിരിക്കും ഭാര്യയുടെ അത്തരം പ്രതികരണത്തിന് പിന്നിലെന്നായിരുന്നു കരുതിയിരുന്നത്. പക്ഷേ, ആ സംഭവത്തിനു ശേഷം സുരേഷ് എന്നെ ദ്രോഹിക്കാന്‍ തുടങ്ങി. എന്താണ് അതിനു കാരണമെന്ന് എനിക്കു മനസ്സിലായിരുന്നില്ല. 2017ലാണ് ഭാര്യ എന്നോട് കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. അന്നു രാത്രി സുരേഷ് വീട്ടില്‍ വന്നപ്പോള്‍ വെള്ളമെടുക്കാന്‍ പോയ എന്റെ ഭാര്യയെ അയാള്‍ കടന്നുപിടിക്കാന്‍ ശ്രമിക്കുകയും മോശമായി പെരുമാറുകയും ചെയ്തെന്ന് ഭാര്യ എന്നോടു വെളിപ്പെടുത്തി. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കണ്ണന്‍ പട്ടാമ്പി പറയുന്നു.
പൊലീസുകാര്‍ ഒത്തുകളിച്ച് കേസ് ഇല്ലാതാക്കിയെന്നും നീതി നടപ്പാകണം എന്നും ആവശ്യപ്പെട്ട് ജൂണ്‍ 14ന് ഡിജിപിയെ സമീപിച്ചതായും കണ്ണന്‍ പട്ടാമ്പി. ഹൈക്കോടതിയില്‍ കേസ് കൊടുത്തതായും അദ്ദേഹം പരയുന്നു.
സുരേഷ് കീഴുദ്യോഗസ്ഥരെ ചീത്ത പറയുന്ന ഓഡിയോ ക്ലിപ് കയ്യിലുണ്ടെന്നും കണ്ണന്‍ പട്ടാമ്പി. ഇയാള്‍ക്കെതിരെ എസ്പിക്ക് നിരവധി തവണ പരാതി പോയിട്ടുണ്ട്. സുരേഷ് പലപ്പോഴും കീഴുദ്യോഗസ്ഥരുടെ ഭാര്യമാരോട് ലൈംഗിക ഒത്താശ ചെയ്തു തരണമെന്ന് ആവശ്യപ്പെടാറുണ്ടെന്നും കണ്ണന്‍ പട്ടാമ്പി പരാതിപ്പെടുന്നു.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ സ്വാധീനം ഉപയോഗിച്ചാണ് സുരേഷ് പൊലീസില്‍ ഉന്നത സ്ഥാനങ്ങളിലെത്തിയതെന്നാണ് കണ്ണന്റെ ആരോപണം. മുന്‍ എം.പി. ശ്രീമതി ടീച്ചറുടെ മകന്‍ സുധീര്‍ വഴിയും എന്റെ ജ്യേഷ്ഠന്‍ മേജര്‍ രവി വഴിയും സ്വാധീനിക്കാന്‍ ശ്രമിച്ചതായും കണ്ണന്‍ പട്ടാമ്പി.
ഇതുപോലൊരു പരാതി കിട്ടിയിട്ടുണ്ടെങ്കില്‍ സുരേഷിനെ സര്‍വീസില്‍ നിന്ന് നീക്കണമെന്നാണ് മേജര്‍ രവിയുടെ പ്രതികരണം.