തമിഴ് പഠിക്കാന്‍ കഴിയാതെ പോയതില്‍ ദുഃഖമുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തെ വിമർശിച്ച് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍. മോദിക്ക് തമിഴിനോട് പെട്ടെന്നുണ്ടായ സ്‌നേഹം തിരിച്ചറിയുവാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
തമിഴ് ഭാഷയോട് പെട്ടന്നുണ്ടായ ഈ സ്നേഹം എന്തിനാണെന്ന് മനസ്സിലാക്കുവാൻ കഴിയില്ലന്നാണോ വിചാരം? തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയിരിക്കുന്ന സമയത്ത് എന്തുകൊണ്ടാണ് അദ്ദേഹം ഇത്തരമൊരു പരാമര്‍ശം നടത്തിയെന്ന് വ്യക്തമാണ്. രണ്ടുവരി തമിഴില്‍ സംസാരിച്ചാല്‍ എല്ലാവരും അദ്ദേഹത്തിന് വോട്ട് ചെയ്യുമെന്നാണോ കരുതുന്നത്. തമിഴരെയും അവരുടെ വോട്ടിനേയും വിൽക്കാനാവില്ലെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയതിന് ശേഷം ആദ്യമായാണ് അദ്ദേഹം മാധ്യമങ്ങളെ കാണുന്നത്.
മന്‍ കി ബാതില്‍ സംസാരിക്കവെയാണ് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷയായ തമിഴ് പഠിക്കാതെ പോയതില്‍ ദുഃഖമുണ്ടെന്ന് നരേന്ദ്ര മോദി പറഞ്ഞത് . മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ ശാസ്ത്രീയ ഉപദേഷ്ടാവായിരുന്ന വി പൊന്‍രാജ് പാര്‍ട്ടിയില്‍ ചേര്‍ന്നതായും കമല്‍ ഹാസന്‍ വ്യക്തമാക്കി. ഏപ്രില്‍ ആറിനാണ് തമിഴ്‌നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പ് നിശ്ചിയിച്ചിരിക്കുന്നത്. ഒറ്റഘട്ടമായാകും തെരഞ്ഞെടുപ്പ് നടക്കുക. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.