സിബിഎസ്ഇ സിലബസില്‍ നിന്ന് നിര്‍ണായക പാഠഭാഗങ്ങള്‍ ഒഴിവാക്കിയ കേന്ദ്രത്തിന്റെ നടപടിക്കെതിരെ കമല്‍ ഹാസന്‍. വിദ്യാര്‍ത്ഥികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കാനെന്ന പേരില്‍ പൗരത്വം മതേതരത്വം തുടങ്ങിയ പാഠഭാഗങ്ങള്‍ ഒഴിവാക്കിയ സര്‍ക്കാര്‍ പകരം ഒരുപക്ഷെ ഹിറ്റ്‌ലറിന്റെ മെയിന്‍ കാംഫോ കു ക്ലക്‌സ് ക്ലാന്‍ ചരിത്രമോ ഉള്‍പ്പെടുത്തുമെന്നും കമല്‍ ഹാസന്‍ വിമര്‍ശിക്കുന്നു.
'വിദ്യാര്‍ത്ഥികളുടെ സ്‌ട്രെസ്സ് കുറയ്ക്കാനെന്ന പേരില്‍ സിബിഎസ്ഇ സിലബസില്‍ നിന്ന് മതേതരത്വം, പൗരത്വം, ജനാധിപത്യ അവകാശങ്ങള്‍, ജിഎസ്ടി തുടങ്ങിയ പാഠഭാഗങ്ങള്‍ ഒഴിവാക്കിയിരിക്കുകയാണ്. പകരം ഒരുപക്ഷെ മെയിന്‍ കാംഫോ, കു ക്ലക്‌സ് ക്ലാന്‍ ചരിത്രമോ, മാര്‍ക്വിസ് ഡി സാഡ്‌സ ജസ്റ്റിനോ ഉള്‍പ്പെടുത്തുമായിരിക്കാം', കമല്‍ ഹാസന്‍ പറയുന്നു.
കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് അധ്യയന ദിനങ്ങല്‍ നഷ്ടപ്പെട്ടതിനാല്‍ സിലബസ് 30 ശതമാനം കുറയ്ക്കാന്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സിബിഎസിഇയോട് ആവശ്യപ്പെട്ടതിന്റെ മറവിലായിരുന്നു നിര്‍ണായക പാഠഭാഗങ്ങല്‍ ഒഴിവാക്കിക്കൊണ്ടുള്ള നടപടി. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ സിലബസിലാണ് മാറ്റം വരുത്തിയത്.