കൊല്ലത്ത് കല്ലട ബസ് ബൈക്ക് യാത്രക്കാരെ ഇടിച്ച് നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് ബസിനു നേരേ കല്ലെറിഞ്ഞ് നാട്ടുകാര്‍. ദേശീയപാതയില്‍ കൊല്ലൂര്‍വിള പള്ളിമുക്കിനടുത്ത് വെച്ചാണ് നിര്‍ത്താതെ പോയ കല്ലട ബസിനെ വാഹനത്തില്‍ പിന്തുടര്‍ന്ന് നാട്ടുകാര്‍ കല്ലെറിഞ്ഞത്. തിരുവനന്തപുരത്തു നിന്ന് ബംഗലൂരിലേക്കു പോയ കല്ലടയുടെ മുന്‍വശത്തെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നു.
ചൊവ്വാഴ്ച രാത്രി പത്തരയോയെയാണ് കൊല്ലം പള്ളിമുക്ക് പെട്രോള്‍ പമ്പിന് സമീപം ബൈക്കില്‍ ഉരസിയ കല്ലട ബസ് ബൈക്ക് യാത്രികരെ ചീത്തവിളിച്ച ശേഷം നിര്‍ത്താതെ പോയത്. ഇതോടെ നാട്ടുകാര്‍ വേറെ വാഹനങ്ങളില്‍ ബസിനെ പിന്തുടര്‍ന്നാണ് കല്ലെറിഞ്ഞതെന്ന് പൊലീസ് പറയുന്നു.
നിര്‍ത്താതെ പോയ കല്ലടയ്ക്ക് പിന്നാലെ നാട്ടുകാര്‍ ബൈക്കുകളിലെത്തിയപ്പോള്‍ ഇതിലൊരു ബൈക്കിനെ കൂടി കല്ലടക്കാര്‍ ഇടിപ്പിച്ചു. ഇതോടെയാണ് ഓടിച്ചിട്ട് പിടിച്ച് ആളുകള്‍, ബസിന്റെ ചില്ലെറിഞ്ഞ് തകര്‍ത്തത്.
ഇതോടെ ബസിന്റെ ഡ്രൈവര്‍ ബസ് നടുറോഡില്‍ നിര്‍ത്തി ഇറങ്ങിയോടി. പൊലീസെത്തി റിസര്‍വ്വ് ഡ്രൈവറെ കൊണ്ടാണ് ബസ് നടുറോഡില്‍ നിന്ന് മാറ്റിയത്. യാത്രക്കാരെ മറ്റ് വാഹനത്തില്‍ കയറ്റിവിടാനുള്ള നടപടിയും പൊലീസെടുത്തു. കല്ലെറിഞ്ഞ സംഭവത്തില്‍ ഒരു യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.