പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിനിടയില്‍ പ്രകോപനപരമായ പ്രസ്താവന നടത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത ഡോക്ടര്‍ കഫീല്‍ ഖാന് ജയിലില്‍ ഭീഷണിയുണ്ടെന്ന് ഭാര്യ ഷബിഷ്ട ഖാന്‍. മാനസികമായും ശാരീരികമായും കടുത്ത പീഡനങ്ങളാണ് നേരിടുന്നത്. അഞ്ചു ദിവസമായി ഭക്ഷണം പോലും നല്‍കിയിട്ടില്ലെന്നും ഷബിഷ്ട ഉത്തര്‍പ്രദേശ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കെഴുതിയ കത്തില്‍ പറയുന്നു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
അദ്ദേഹത്തിന് പ്രത്യേക പരിഗണന നല്‍കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല. കുറച്ചാളുകളുള്ള ഒരു മുറിയിലേക്ക് മാറ്റാന്‍ മാത്രമാണ് ആവശ്യപ്പെടുന്നത്. ജയിലില്‍ അദ്ദേഹത്തിന് ഒരാപത്തും വരരുതെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും കഫീല്‍ ഖാന്റെ സഹോദരന്‍ ആദില്‍ ഖാന്‍ ദ ക്വിന്റിനോട് പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയില്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ച് ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് കഴിഞ്ഞ മാസമാണ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്.
കഫീല്‍ ഖാന്‍ ഭാര്യയ്ക്കും മാതാപിതാക്കള്‍ക്കും എഴുതുന്ന കത്തുകള്‍ ജയിലിനുള്ളില്‍ തന്നെ പൊലീസുകാര്‍ നശിപ്പിക്കുകയാണെന്നും ആദില്‍ ഖാന്‍ പറഞ്ഞു. കഫീല്‍ ഖാന്റെ അറസ്റ്റിന് പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും ആദില്‍ ആരോപിച്ചു.
ഉത്തര്‍പ്രദേശ് സ്വദേശിയായ കഫീല്‍ ഖാന്‍ ഗൊരഖ്പൂരിലെ ബിആര്‍ഡി ആശുപത്രിയില്‍ പിഞ്ചുകുട്ടികള്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ശ്രദ്ധിക്കപ്പെടുന്നത്. കുട്ടികളെ രക്ഷപ്പെടുത്താന്‍ കഴിയാവുന്ന വിധം ശ്രമിക്കുകയും, ഓക്‌സിജന്‍ വാങ്ങുകയും ചെയ്ത അദ്ദേഹത്തെ യുപി സര്‍ക്കാര്‍ പ്രതിക്കൂട്ടിലാക്കുകയായിരുന്നു. തുടര്‍ന്ന് മാസങ്ങളോളം ജയില്‍ കഴിഞ്ഞ കഫീല്‍ ഖാനെ, കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വെറുതെവിട്ടു. പുറത്തിറങ്ങിയെങ്കിലും അദ്ദേഹത്തിനെതിരെ കേസെടുത്ത് വീണ്ടും ജയിലില്‍ അടച്ചിരുന്നു.