രാജസ്ഥാനിലേക്ക് താമസം മാറിയത് പ്രിയങ്ക ഗാന്ധിയുടെ ഉപദേശ പ്രകാരമെന്ന് കോടതി ഉത്തരവിനെ തുടര്‍ന്ന് ജയില്‍ മോചിതനായ കഫീല്‍ ഖാന്‍. കുടുംബത്തോടൊപ്പമാണ് അദ്ദേഹം രാജസ്ഥാനിലെത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് കൂടുതല്‍ സുരക്ഷിതത്വം തോന്നുന്നുവെന്നും ജയ്പൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കഫീല്‍ ഖാന്‍ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിലായിരുന്നു കഫീല്‍ ഖാനെ അന്യായമായി ജയിലിലടച്ചത്. അലഹബാദ് ഹൈക്കോടതി ഉത്തരവ് പ്രകാരം തനിക്കെതിരെയുള്ള കേസ് ഒഴിവാക്കിയെങ്കിലും യോഗി സര്‍ക്കാര്‍ ഇനിയും കേസുകള്‍ ചാര്‍ത്തി തടങ്കലിലാക്കുമെന്ന് ഭയമുണ്ടെന്നും, ഇതിനാലാണ് ജയ്പൂരിലേക്ക് വന്നതെന്നും കഫീല്‍ ഖാന്‍ പറഞ്ഞു. പ്രിയങ്ക ഗാന്ധി വിളിച്ച് രാജസ്ഥാനില്‍ വന്ന് താമസിക്കാന്‍ ഉപദേശിച്ചു. ഞങ്ങള്‍ സുരക്ഷിത ഇടം നല്‍കാം, യുപി സര്‍ക്കാര്‍ മറ്റേതെങ്കിലും കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചേക്കാമെന്നും, അവിടെ തുടരുന്നത് സുരക്ഷിതമല്ലെന്നും പറഞ്ഞു. അതുകൊണ്ടാണ് ഉത്തര്‍പ്രദേശില്‍ നിന്നും മാറിനില്‍ക്കാന്‍ തീരുമാനിച്ചതെന്നും കഫീല്‍ ഖാന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് സര്‍ക്കാരായതിനാല്‍ എന്റെ കുടുംബത്തിനും ഇവിടെ താമസിക്കുന്നതാണ് സുരക്ഷിതമെന്ന് കരുതുന്നു. കഴിഞ്ഞ എട്ട് മാസത്തോളം താന്‍ ഒരുപാട് മാനസിക-ശാരീരിക പീഡനങ്ങള്‍ അനുഭവിച്ചതായും, ദിവസങ്ങളോളം ഭക്ഷണം നല്‍കിയിരുന്നില്ലെന്നും കഫീല്‍ ഖാന്‍ പറഞ്ഞു.
മനുഷ്യരെ കൊല്ലാനുള്ള പൗഡര്‍ കണ്ടുപിടിച്ചിട്ടുണ്ടോ, സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ജപ്പാന്‍ സന്ദര്‍ശിച്ചിട്ടുണ്ടോ തുടങ്ങിയ വിചിത്രമായ ചോദ്യങ്ങളാണ് തന്നോട് ചോദിച്ചത്. താനൊരു ശിശുരോഗ വിദഗ്ധനാണെന്നും മനുഷ്യരെ കൊല്ലാന്‍ എങ്ങനെ പൗഡറുണ്ടാക്കുമെന്നും മറുപടി നല്‍കിയെന്നും കഫീല്‍ ഖാന്‍ പറഞ്ഞു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ താന്‍ ശ്രമിച്ചതിന് തെളിവ് എവിടെയെന്ന് ചോദിച്ചപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മറുപടി ഇല്ലായിരുന്നുവെന്നും കഫീല്‍ ഖാന്‍ പറഞ്ഞു. കൊവിഡ് പ്രതിസന്ധി ഘട്ടത്തില്‍ സേവനമനുഷ്ടിക്കാന്‍ ആഗ്രഹമുണ്ടെന്നും, ജോലിയില്‍ തിരികെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതുമെന്നും അദ്ദേഹം വ്യക്തമാക്കി.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം