എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാകാന്‍ സി.കെ ജാനുവിന് പത്ത് ലക്ഷത്തിന് പുറമേ 25 ലക്ഷം കൂടി കൈമാറിയതായി ജെ.ആര്‍.പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്. ബി.ജെ.പി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ കോട്ടക്കുന്നിലെ റിസോര്‍ട്ടിലെത്തിയാണ് പണം കൈമാറിയതെന്നും പ്രസീത.
സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പൂജ കഴിപ്പിച്ചതിന്റെ പ്രസാദം എന്ന നിലക്കാണ് സി.കെ ജാനുവിന് പണം എത്തിച്ചിരുന്നതെന്നും പ്രസീത. കെ.സുരേന്ദ്രനുമായി നടത്തുന്ന ഫോണ്‍ സംഭാഷണം തന്റേതാണെന്നും പ്രസീത. ആര്‍.എസ്.എസ് അറിവോടെയാണ് പണം കൈമാറിയതെന്ന് ഫോണ്‍ സംഭാഷണത്തില്‍ ഉണ്ടായിരുന്നു. ഈ ഫോണ്‍ സംഭാഷണത്തിന്റെ തൊട്ടടുത്ത ദിവസമാണ് പണം കൈമാറിയത്.
തുണിസഞ്ചിയില്‍ മുകളില്‍ ചെറുപഴം നിറച്ചാണ് പണമെത്തിച്ചത്. പൂജ ചെയ്ത പ്രസാദം സ്ഥാനാര്‍ത്ഥിക്ക് കൊടുക്കാനാണെന്നാണ് അന്വേഷിച്ചവരോട് പറഞ്ഞത്. ചെറുപഴം സെക്രട്ടറി ചോദിച്ചപ്പോള്‍ സ്ഥാനാര്‍ത്ഥിക്കായി നടത്തിയ പൂജയെന്ന് പറഞ്ഞു. അഞ്ച് മിനുട്ടിന് ശേഷം സി.കെ ജാനു പണം വാങ്ങിയെന്നും പ്രസീത അഴീക്കോട്. മാതൃഭൂമി ചാനലിലാണ് പ്രതികരണം.
പാര്‍ട്ടിയുമായി ധാരണയുണ്ടാക്കുമ്പോള്‍ കെ.സുരേന്ദ്രന്‍ ചില വാക്കുകള്‍ തന്നിരുന്നു. അഞ്ചു സീറ്റായിരുന്നു സി.കെ.ജാനു ആവശ്യപ്പെട്ടത്. തിരുവനന്തപുരത്തെ ചര്‍ച്ചയില്‍ അത് ചുരുക്കി രണ്ട് സീറ്റാക്കി മാറ്റി. സുല്‍ത്താന്‍ ബത്തേരിയും ബാലുശ്ശേരിയുമായിരുന്നു ഇത്. അവിടങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങാനും പറഞ്ഞു. എന്നാല്‍ ബാലുശ്ശേരി പിന്നീട് എടുത്തുമാറ്റി. ഇതേ കുറിച്ച് സുരേന്ദ്രനെ വിളച്ച് ആരാഞ്ഞപ്പോള്‍, ബാലുശ്ശേരി തരാന്‍ പറ്റില്ല. അവിടെ ചില പ്രശ്നങ്ങളുണ്ട്. സുല്‍ത്താന്‍ബത്തേരിയില്‍ എ ക്ലാസ് പരിഗണനയുണ്ടാകുമെന്നും പറഞ്ഞു. എല്ലാ പാര്‍ട്ടി സന്നാഹങ്ങളും ഈ മണ്ഡലത്തില്‍ ഉണ്ടാകുമെന്നും അറിയിച്ചു. എന്നാല്‍ എല്ലാ സന്നാഹത്തിന്റേയും എതിര്‍പ്പാണ് ബത്തേരിയില്‍ നിന്ന് നേരിട്ടത്, പ്രസീത പറയുന്നു.