മീശ വിവാദത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ബഹിഷ്‌കരണം പിന്‍വലിക്കാന്‍ എന്‍എസ്എസ് ആസ്ഥാനത്ത് പോയി ഖേദപ്രകടനം നടത്തിയ മാതൃഭൂമി എംഡി എംപി വീരേന്ദ്രകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരന്‍ സച്ചിദാനന്ദന്‍. അപമാനകരമായ ഒത്തുതീര്‍പ്പാണ് പെരുന്നയില്‍ നടന്നതെന്ന് കവി പറഞ്ഞു. സ്വാതന്ത്രസമരകാലത്ത് നിര്‍ണായക പങ്കുവഹിക്കുകയും നവോത്ഥാനമൂല്യങ്ങള്‍ക്കായി നിലകൊള്ളുകയും ചെയ്ത പത്രമാണ് മാതൃഭൂമി. വാട്‌സാപ്പിലൂടെ കിട്ടിയ എന്‍എസ്എസ് കത്ത് വ്യാജമായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുകയാണെന്നും സച്ചിദാനന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സച്ചിദാനന്ദന്റെ പ്രതികരണം
വാട്‌സാപ്പില്‍ ലഭിച്ച ഈ കത്ത് യഥാര്‍ത്ഥമാണെങ്കില്‍-ഈ ഒത്തുതീര്‍പ്പ് അനാവശ്യവും അപമാനകരവുമാണ്. ചര്‍ച്ച ചെയ്യപ്പെട്ട സമയത്ത് നോവലിന് ഒപ്പം നിന്ന എഴുത്തുകാരില്‍ ഒരാള്‍ എന്ന നിലയിലും നോവലിസ്റ്റിന്റെ നാട്ടില്‍ നടന്ന പ്രതിഷേധപരിപാടിയുടെ ഭാഗമായ ആള്‍ എന്ന നിലയിലും എഴുത്തുകാരന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്ന ആളെന്ന നിലയിലും ചെറുപ്പം മുതല്‍ മാതൃഭൂമി പത്രം വായിക്കുകയും സ്വാതന്ത്രസമരകാലത്ത് നിര്‍ണായക പങ്കുവഹിക്കുകയും നവോത്ഥാനമൂല്യങ്ങള്‍ക്കായി നിലകൊള്ളുകയും ചെയ്ത പത്രത്തോട് ആദരവുള്ള വ്യക്തിയെന്ന നിലയിലും പറയട്ടെ, ഈ ഒത്തുതീര്‍പ്പ് അനാവശ്യവും അന്തസ് കുറയ്ക്കുന്നതുമാണ്. ഈ കത്ത് വ്യാജമായിരുന്നെങ്കിലെന്ന് ശരിക്കും ആഗ്രഹിച്ചുപോകുന്നു.
മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ എസ് ഹരീഷിന്റെ ‘മീശ’ പ്രസിദ്ധീകരിച്ചതിനേത്തുടര്‍ന്ന് മാതൃഭൂമി ദിനപത്രം ബഹിഷ്‌കരിക്കാന്‍ എന്‍എസ്എസ് ആഹ്വാനം ചെയ്തിരുന്നു.
മാതൃഭൂമി എംഡിയും ചെയര്‍മാനുമായ വീരേന്ദ്രകുമാര്‍ പെരുന്നയിലെത്തി ഖേദം പ്രകടിപ്പിച്ചെന്ന് വ്യക്തമാക്കുന്ന കത്ത് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്തുവന്നത്. എല്ലാ എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റുമാരേയും സെക്രട്ടറിമാരേയും അഭിസംബോധന ചെയ്തുകൊണ്ടുള്ളതായിരുന്നു ബഹിഷ്‌കരണം പിന്‍വലിക്കാന്‍ ആഹ്വാനം ചെയ്യുന്ന ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ കത്ത്.
എന്‍എസ്എസ് കത്തില്‍ പറയുന്നത്
എംപി വീരേന്ദ്രകുമാര്‍ എന്‍എസ്എസ് ആസ്ഥാനത്ത് വന്ന് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലും തങ്ങളുടെ പ്രസിദ്ധീകരണത്തിലെ പരാമര്‍ശം ആരെയെല്ലാം വേദനിപ്പിച്ചിട്ടുണ്ടോ അതെല്ലാം തിരിച്ചറിയുന്നു എന്നും മേലില്‍ അത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം രേഖാമൂലം അറിയിച്ച സാഹചര്യത്തിലും ദിനപത്രത്തിന്റെ ബഹിഷ്‌കരണം ഉപേക്ഷിച്ച് പഴയതുപോലെ മാതൃഭൂമിയുമായി സഹകരിക്കുകയാണ് വേണ്ടത് എന്ന് കരുതുന്നു.