Around us

ലക്ഷദ്വീപിനെ കേരളത്തിന്റെ ഭാഗമാക്കണമെന്ന് സിപിഐ നേതാവ് കെ പ്രകാശ് ബാബു; അത് പാർട്ടിയുടെ നിലപാടല്ലെന്ന് കാനം രാജേന്ദ്രൻ

കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിനെ കേരളത്തിന്റെ ഭാഗമാക്കണമെന്ന നിർദേശവുമായി സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു. സി.പി.ഐ മുഖപത്രമായ ജനയുഗം ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് നിലവിൽ കേന്ദ്രസർക്കാരിന്റെ ഭരണ പരിഷ്ക്കരണ നടപടികളിൽ ദുരിതം അനുഭവിക്കുന്ന ലക്ഷദ്വീപിനെ കേരളത്തിന്റെ ഭാഗമാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്. കേരളവും ലക്ഷദ്വീപും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങൾ ലേഖനത്തിൽ അദ്ദേഹം അനുസ്മരിച്ചു. 1956 ലെ സംസ്ഥാന പുന സംഘടനാ വേളയിൽ ലക്ഷദ്വീപിനെ കേരളത്തിന്റെ ഭാഗമാക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനയുഗം ദിനപത്രത്തിൽ കെ പ്രകാശ് ബാബു എഴുതിയ ലേഖനത്തെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ്സ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

കോർപ്പറേറ്റ് കമ്പനികൾക്ക് കശ്മീരിൽ ഭൂമി സ്വന്തമാക്കാനായി കേന്ദ്ര സർക്കാർ നിയമങ്ങളിൽ മാറ്റം വരുത്തിയിരുന്നു. അധികം വൈകാതെ ലക്ഷദ്വീപിലെ ഭൂമിയും ഇന്ത്യയിലെയും വിദേശത്തെയും കോർപ്പറേറ്റുകൾക്ക് പാട്ടത്തിന് നൽകാൻ കേന്ദ്ര സർക്കാർ ശ്രമിക്കും. ഭയവും ഉത്കണ്ഠയും നിറഞ്ഞ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് പൊതുവെ സമാധാനം നിറഞ്ഞ ലക്ഷദ്വീപിൽ ഫാസിസ്റ്റ് അജണ്ട കേന്ദ്ര സർക്കാർ നടപ്പാക്കുകയാണ്. കോർപ്പറേറ്റുകളുടെ സൗകര്യത്തിനായി ലക്ഷദ്വീപിലെ ജനങ്ങളെ ഒഴിപ്പിക്കുന്നതിനുള്ള നിയമ നടപടികൾ അവർ പതിയെ ആരംഭിക്കും. ഒരു കേന്ദ്രഭരണ പ്രദേശമായി ലക്ഷദ്വീപ് തുടരുകയാണെങ്കിൽ ഇങ്ങനെയെല്ലാം അവിടെ സംഭവിക്കുമെന്ന് അദ്ദേഹം ലേഖനത്തിൽ എഴുതി. ലക്ഷദ്വീപിലെ ജനങ്ങളുടെ സവിശേഷതകൾ കണക്കിലെടുക്കുമ്പോൾ കേരളവുമായി കൂട്ടിച്ചേർക്കുന്നതാണ് ഉത്തമം. ഇതിനായി കേന്ദ്ര സർക്കാരും പാർലമെന്റും നിയമനിർമ്മാണം നടത്തേണ്ടതുണ്ട്. ലക്ഷദ്വീപിലെ ആളുകൾ മലയാളം സംസാരിക്കുന്നുവെന്നും ഹൈക്കോടതിക്ക് ദ്വീപിൽ ജുഡീഷ്യൽ അധികാരപരിധി ഉണ്ടെന്നും പ്രകാശ് ബാബു വാദിച്ചു. 1956 ൽ ലക്ഷദ്വീപിനെ കേരളവുമായി ബന്ധിപ്പിക്കാത്തതിനെക്കുറിച്ച് പുനർവിചിന്തനം നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതെ സമയം പ്രകാശ് ബാബുവിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പാർട്ടി അത്തരമൊരു നിലപാട് സ്വീകരിച്ചിട്ടില്ല. അഡ്മിനിസ്ട്രേറ്ററുടെ സ്വേച്ഛാധിപത്യ മാർഗങ്ങൾക്കെതിരെ ലക്ഷദ്വീപിലെ ജനങ്ങൾ നടത്തിയ പ്രതിഷേധത്തിന് സിപിഐ സ്റ്റേറ്റ് എക്സിക്യൂട്ടീവ് പിന്തുണ നൽകിയിട്ടുണ്ട്, എന്നാൽ ഈ വിഷയത്തിൽ വിശദമായ ചർച്ച നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

കേന്ദ്രഭരണ പ്രദേശവുമായി ബന്ധപ്പെട്ട സിപിഐയുടെ നയങ്ങൾക്ക് വിരുദ്ധമാണ് കെ പ്രകാശ ബാബുവിന്റെ നിലപാട്. കേന്ദ്രഭരണ പ്രദേശങ്ങളിൽ ജനങ്ങൾക്ക് സ്വയം നിർണ്ണയിക്കാനുള്ള നിലപാടിനോട് യോജിപ്പുള്ള പാർട്ടിയാണ് സിപിഐ. പുതുച്ചേരിയിലെ സർക്കാരും ലെഫ്റ്റനന്റ് ഗവർണറും തമ്മിൽ തർക്കമുണ്ടായപ്പോൾ 1963 ലെ കേന്ദ്രഭരണപ്രദേശ നിയമത്തിൽ ഭേദഗതി വരുത്തി പ്രാദേശിക സർക്കാരിന് കൂടുതൽ അധികാരങ്ങൾ നൽകണമെന്ന് സിപിഐ ആവശ്യപ്പെട്ടിരുന്നു. സി.പി.ഐ കേന്ദ്രഭരണ പ്രദേശത്തിന് കൂടുതൽ സ്വയംഭരണാവകാശം ആവശ്യപ്പെട്ട് പുതുച്ചേരിയിലുടനീളം സംസ്ഥാന സെക്രട്ടറി ആർ വിശ്വനാഥന്റെ നേതൃത്വത്തിൽ പ്രചാരണങ്ങളും സംഘടിപ്പിച്ചിരുന്നു.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

SCROLL FOR NEXT