എഐസിസി ജനറല്‍ സെക്രട്ടറിയും മദ്ധ്യപ്രദേശില്‍ നിന്നുള്ള പ്രമുഖ നേതാവുമായ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടു. മദ്ധ്യപ്രദേശ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി 14 എംഎല്‍എമാര്‍ ഇദ്ദേഹത്തോടൊപ്പം രാജിവെച്ചിട്ടുമുണ്ട്. ആഭ്യന്തരമന്ത്രി അമിത്ഷായ്‌ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കോണ്‍ഗ്രസില്‍ നിന്നുള്ള രാജി. രാജിക്കത്ത് അദ്ദേഹം ട്വീറ്റ് ചെയ്തു. 18 വര്‍ഷത്തെ കോണ്‍ഗ്രസ് ജീവിതം അവസാനിപ്പിക്കുകയാണെന്ന് കത്തില്‍ പരാമര്‍ശിക്കുന്നു.
സംസ്ഥാനത്തെ ജനങ്ങളെ സേവിക്കുകയൈന്നതാണ് തന്റെ ലക്ഷ്യം. എന്നാല്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്ന് അത് സാധ്യമല്ലെന്നാണ് കരുതുന്നത്. കൂടെയുളളവരുടെ സ്വപ്‌ന സാക്ഷാത്കാരത്തിനായി പുതിയ തുടക്കം അനിവാര്യമായി വന്നിരിക്കുകയാണെന്നും രാജിക്കത്തില്‍ പറയുന്നു. സിന്ധ്യ ബിജെപിയുടെ ഭാഗമായി കേന്ദ്രമന്ത്രിയാകുമെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്. അരുരഞ്ജനത്തിന് കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും സിന്ധ്യ മുഖം കൊടുത്തിരുന്നില്ല. 228 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 115 അംഗങ്ങളുടെ പിന്‍തുണയാണ് വേണ്ടത്.
കോണ്‍ഗ്രസ് പക്ഷത്ത് 121 അംഗങ്ങളാണ്. ബിജെപിക്ക് 107 എംഎല്‍എമാരുണ്ട്. സിന്ധ്യയ്‌ക്കൊപ്പം 18 എംഎല്‍എമാര്‍ ബിജെപി വിട്ടാല്‍ കമല്‍നാഥ് സര്‍ക്കാര്‍ നിലംപൊത്തും. കഴിഞ്ഞ കുറച്ചിടെയായി ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് നേതൃത്വത്തോട് അസ്വാരസ്യവുമായി നിലകൊള്ളുകയായിരുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിമതസ്വരം കടുപ്പിക്കുകയും പരസ്യമാക്കുകയുമായിരുന്നു. കോണ്‍ഗ്രസില്‍ അവഗണന നേരിടുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ വാദം.