കാനഡയില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. പക്ഷെ ലിബറല്‍ പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ് കാനഡയില്‍ നടന്നത്. കനേഡിയന്‍ പാര്‍ലമെന്റായ ഹൗസ് ഓഫ് കോമണ്‍സിലെ ആകെയുള്ള 338 സീറ്റുകളില്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിക്ക് 157 സീറ്റുകളാണ് ലഭിച്ചത്. കേവല ഭൂരിപക്ഷം ലഭിക്കാന്‍ 170 സീറ്റുകളാണ് ലഭക്കേണ്ടത്. എന്നാല്‍ അത് നേടാന്‍ ലിബറല്‍ പാര്‍ട്ടിക്ക് ആയില്ല. 123 സീറ്റുകളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേടിയതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
വീണ്ടും ലിബറല്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചതിന് നന്ദിയുണ്ടെന്ന് ജസ്റ്റിന്‍ ട്രൂഡോ ട്വിറ്ററിലൂടെ അറിയിച്ചു.
'നന്ദിയുണ്ട് കാനഡ- വോട്ട് ചെയ്തതിന്. ലിബറല്‍ ടീമില്‍ വിശ്വസിച്ചതിന്, നല്ലൊരു ഭാവിയെ തെരഞ്ഞെടുത്തതിന്. കൊവിഡിനെതിരായ പോരാട്ടം പൂര്‍ത്തിയാക്കാന്‍ പോവുകയാണ് നമ്മള്‍. എല്ലാവര്‍ക്കും വേണ്ടി, കാനഡയെ ഇനിയും മുന്നോട്ട് നയിക്കാന്‍ പോവുകയാണ്,' ട്രൂഡോ പറഞ്ഞു.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് മറ്റു പാര്‍ട്ടികളുമായി സംഖ്യം ചേര്‍ന്നാല്‍ ലിബറല്‍ പാര്‍ട്ടിയെ മറികടന്ന് സര്‍ക്കാര്‍ രൂപീകരിക്കാമെങ്കിലും അത്തരം ഒരു നീക്കം ഉണ്ടാവില്ലെന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞമാസമാണ് കാനഡയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കൊവിഡ് പ്രതിസന്ധിയെ കൈകാര്യം ചെയ്ത വിധം സര്‍ക്കാരിനും ജസ്റ്റിന്‍ ട്രൂഡോയ്ക്കും നല്‍കിയ ജനപിന്തുണ മുതലെടുക്കുന്നതിനാണ് തെരഞ്ഞെടുപ്പ് രണ്ട് വര്‍ഷം മുമ്പ് തന്നെ നടത്താന്‍ ട്രൂഡോ തീരുമാനിച്ചതെന്ന രീതിയില്‍ വിലയിരുത്തലുകളും വിമര്‍ശനങ്ങളും ഉണ്ടായിരുന്നു.
2015ലാണ് ജസ്റ്റിന്‍ ട്രൂഡോ കാനഡയില്‍ അധികാരത്തില്‍ എത്തുന്നത്. പിന്നീട് 2019ലും അധികാരത്തിലേറിയെങ്കിലും കേവല ഭൂരിപക്ഷം നേടാന്‍ ലിബറല്‍ പാര്‍ട്ടിക്ക് ആയില്ല. 2019ലെ തെരഞ്ഞെടുപ്പ് ഫലത്തിന് സമാനമാണ് 2021ലെ തെരഞ്ഞെടുപ്പ് ഫലമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2019ല്‍ 155 സീറ്റുകളായിരുന്നു ലിബറല്‍ പാര്‍ട്ടിക്ക് നേടാനായത്.