വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി സിസ്റ്റര്‍ അഭയയുടെ പോരാളികളും. 2020 ജനുവരി നാലിന് വാളയാര്‍ നീതി യാത്ര ആരംഭിച്ച എറണാകുളം കച്ചേരിപ്പടി ഗാന്ധി പ്രതിമയ്ക്ക് സമീപമാണ് ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിക്കുന്നതെന്ന് വാളയാര്‍ നീതി സമരസമിതി കണ്‍വീനര്‍ വി.എം.മാർസൻ അറിയിച്ചു.
'വാളയാര്‍ കുട്ടികള്‍ക്ക് നീതി ലഭ്യമാക്കുക എന്ന ആവശ്യവുമായി എറണാകുളത്ത് നിന്നും തിരുവനന്തപുരം വരെ 'നീതി കിട്ടാതെ മടക്കമില്ല' എന്ന പ്രഖ്യാപനത്തോടെ നടത്തിയ 18 ദിവസം നീണ്ടു നിന്ന ഐതിഹാസികമായ വാളയാര്‍ നീതി യാത്ര ആരംഭിച്ചത് 2020 ജനുവരി 4-നായിരുന്നു. 21 ന് തിരുവനന്തപുരത്തെത്തി 22 ന് നടന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിനോടൊപ്പം തന്നെ ആരംഭിച്ച 62 ദിവസം പിന്നിട്ട അനിശ്ചിതകാല റിലെസത്യാഗ്രഹ സമരം രാജ്യം സമ്പൂര്‍ണ കൊവിഡ് ലോക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 23 ന് അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായി.
വാളയാര്‍ അമ്മയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് നീതി ലഭ്യമാക്കാനുള്ള പോരാട്ടങ്ങള്‍ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സിസ്റ്റര്‍ അഭയയ്ക്ക് നീതി ലഭിക്കാനായി പോരാടിയവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സമര പരിപാടി ഏറെ പ്രസക്തമാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
സിസ്റ്റര്‍ അഭയയ്ക്ക് നീതി ലഭ്യമാക്കാന്‍ വേണ്ടി 28 വര്‍ഷക്കാലം പോരാടിയ ജോമോന്‍ പുത്തന്‍പുരക്കല്‍, സിസ്റ്റര്‍ അഭയയ്ക്ക് നീതി ലഭിക്കാന്‍ നിലകൊണ്ട മുഖ്യസാക്ഷി രാജു, വാളയാര്‍ രക്തസാക്ഷി പ്രവീണിന്റെ അമ്മ എലിസബത്ത് റാണി എന്നിവരും ഐക്യദാര്‍ഢ്യവുമായി സമരപ്പന്തലില്‍ എത്തുമെന്നും സമരസമിതി കണ്‍വീനര്‍ അറിയിച്ചു.