പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് ആരോപണത്തെ തള്ളി ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍. പ്രസ്താവനപിന്‍വലിച്ച് മാപ്പ് പറയണമെന്നും അല്ലെങ്കില്‍ പ്രസ്താവനയെ പിന്തുണയ്ക്കുന്ന വസ്തുതാപരമായ തെളിവുകള്‍ ഹാജരാക്കണമെന്നും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
കല്ലറങ്ങാട്ടിന്റെ പ്രസ്താവനയെ ശക്തമായി അപലപിക്കുന്നുവെന്നും കൗണ്‍സില്‍ പറഞ്ഞു. സാമുദായിക കലാപാഹ്വാനവുമായാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് രംഗത്തെത്തിയത്. ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്യേണ്ടതാണ് എന്നും കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു.
'മതങ്ങള്‍ തമ്മില്‍ സുദൃഢമായ മതസൗഹാര്‍ദ്ദവും പരസ്പര സഹകരണവും നിലനില്‍ക്കുന്ന മലയാള മണ്ണില്‍ കാലുഷ്യത്തിന്റെയും പകയുടെയും വിത്ത് വിതയ്ക്കാനുള്ള ശ്രമം കത്തോലിക്ക സഭയില്‍ നിന്നും ആദ്യമുണ്ടാകുന്നത് ഇല്ലാത്ത ലവ് ജിഹാദ് ആദ്യം ഉണ്ടെന്ന് പറഞ്ഞ് ഭൂമി കുംഭകോണകേസ് പ്രതി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ്. അതിന്റെ വാലുപിടിച്ചായിരുന്നു ആദ്യം ഇതേ പ്രസ്താവന പുറപ്പെടുവിച്ച ഇതേ മെത്രാന്‍ വര്‍ധിക്കുന്ന മുസ്‌ലിം ജനസംഖ്യയെ മറികടക്കാന്‍ നാലിലേറെ കുട്ടികളെ പ്രസവിക്കുന്ന കുട്ടികള്‍ക്ക് സഹായ വാഗ്ദാനവുമായി രംഗത്ത് വന്നത്. അത് ജനം പുച്ഛിച്ച് തള്ളിയപ്പോഴാണ് പുതിയ വിഷയവുമായി വന്നിരിക്കുന്നത്,' കൗണ്‍സില്‍ പറഞ്ഞു.
ഇത്തരം മാനസിക രോഗികളെ നിയന്ത്രിക്കാന്‍ കേരള മെത്രാന്‍ സഭ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. സഭയുടെയും സമുദായത്തിന്റെയും ആധ്യാത്മികമായ വിഷയങ്ങള്‍ മാത്രം കൈകാര്യം ചെയ്യുവാന്‍ നിയോഗിതരായ മെത്രാന്‍മാര്‍ അനവസരത്തില്‍ അപ്രസക്തമായ പ്രസ്താവനകള്‍ പുറപ്പെടുവിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന സാമുദായിക സൗഹൃദ അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നത് ശക്തമായ എതിര്‍പ്പിന് ഇടയാക്കും എന്നും കൗണ്‍സില്‍ പ്രസിഡന്റ് ഫെലിക്‌സ് ജെ പുല്ലൂടന്‍ പറഞ്ഞു.
ലൗ ജിഹാദിനൊപ്പം കേരളത്തില്‍ നാര്‍ക്കോട്ടിക്ക് ജിഹാദുമുണ്ടെന്നുമായിരുന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത്.
അമുസ്ലിങ്ങളായവരെ പ്രത്യേകിച്ച് യുവജനങ്ങളെ മയക്കുമരുന്നിന് അടിമയാക്കി അവരുടെ ജീവിതം നശിപ്പിച്ചു കളയുന്നതിനെയാണ് നാര്‍ക്കോട്ടിക് ജിഹാദ് എന്ന് പറയുന്നതെന്ന വിചിത്ര വാദങ്ങളാണ് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ഉന്നയിച്ചത്. കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് പറയുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുകയാണെന്നും കല്ലറങ്ങാട്ട് പറഞ്ഞു.
''ഇളം പ്രായത്തില്‍ തന്നെ പെണ്‍കുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂളുകള്‍, കോളേജുകള്‍, ട്രെയിനിങ്ങ് സെന്ററുകള്‍ എന്നുവേണ്ട ഒരുവിധം ആളുകള്‍ കൂടുന്നിടത്തെല്ലാം തീവ്രവാദ ചിന്താഗതിക്കാരായ ജിഹാദികള്‍ വലവിരിച്ചിട്ടുണ്ട് എന്ന് നമ്മള്‍ തിരിച്ചറിയേണ്ട സമയം കടന്നുപോയെന്ന് ഞാന്‍ വിചാരിക്കുകയാണ്.
കേരളത്തില്‍ ലൗ ജിഹാദില്ല എന്ന് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നവര്‍ വെറുതെ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. നാര്‍ക്കോട്ടിക് ഡ്രഗ് ജിഹാദാണ്. അമുസ്ലിങ്ങളായവരെ മയക്കുമരുന്നിന് അടിമയാക്കി അവരുടെ ജീവിതം നശിപ്പിച്ചു കളയുന്നവരെയാണ് നാര്‍ക്കോട്ടിക്ക് ജിഹാദ് അഥവാ ഡ്രഗ് ജിഹാദെന്ന് നമ്മള്‍ പറയുന്നത്. വര്‍ദ്ധിച്ചുവരുന്ന കഞ്ചാവ് മയക്കുമരുന്ന് കച്ചവടങ്ങള്‍ ഇതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് എന്നത് വ്യക്തമാണല്ലോ,'' പാലാ ബിഷപ്പ് പറഞ്ഞു.
ആയുധം ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥലങ്ങളിലാണ് ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതെന്നതുള്‍പ്പെടെയുള്ള വിദ്വേഷ പ്രസ്താവനകളാണ് കല്ലറങ്ങാട്ട് നടത്തിയത്. നിമിഷയുടെയും സോണിയ സെബാസ്റ്റ്യന്റെയും പേര് എടുത്ത് ഉപയോഗിച്ചായിരുന്നു കല്ലറങ്ങാട്ടിന്റെ പ്രതികരണം. കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണം എന്നും കല്ലറങ്ങാട്ട് പറഞ്ഞു.