ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് അയ്ഷി ഘോഷ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ കേരള ഹൗസിലെത്തിയായിരുന്നു അയ്ഷി ഘോഷടക്കമുള്ള വിദ്യാര്‍ത്ഥികള്‍ പിണറായി വിജയനെ കണ്ടത്. കാമ്പസിലെ നിലവിലെ അവസ്ഥയെ കുറിച്ച് ചോദിച്ചറിഞ്ഞ മുഖ്യമന്ത്രി, ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവും അറിയിച്ചു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
നീതിക്കു വേണ്ടി ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നടത്തുന്ന പോരാട്ടത്തില്‍ രാജ്യം മുഴുവന്‍ കൂടെയുണ്ടെന്നാണ് മുഖ്യമന്ത്രി വിദ്യാര്‍ത്ഥികളോട് പറഞ്ഞത്. വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരവും, സംഭവിച്ചതും എല്ലാവര്‍ക്കും അറിയാമെന്നും പിണറായി വിജയന്‍ പറഞ്ഞു. സുധാന്‍വ ദേശ്പാണ്ഡെ രചിച്ച സഫ്ദര്‍ ഹാഷ്മിയുടെ ജീവചരിത്രം ‘ഹല്ലാ ബോല്‍’ മുഖ്യമന്ത്രി അയ്ഷിക്ക് സമ്മാനിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ജെഎന്‍യു സമരങ്ങള്‍ക്ക് പ്രചോദനം നല്‍കിയിട്ടുണ്ടെന്നായിരുന്നു അയ്ഷി ഘോഷ് പ്രതികരിച്ചത്. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളുടെ പോരാട്ടത്തിന്റെ ശക്തി ഈ പെണ്‍കുട്ടിയുടെ കണ്ണുകളിലുണ്ടെന്ന് അയ്ഷി ഘോഷുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്തി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വീട്ടുവീഴ്ചയില്ലാത്ത പോരാട്ടവീറാണ് കാമ്പസ് കാഴ്ചവെച്ചത്, വിദ്യാര്‍ത്ഥി നേതാവ് അയ്ഷി ഘോഷാണ് പോരാട്ടത്തിന് നേതൃത്വം നല്‍കിയത്. നീതിക്ക് വേണ്ടിയുള്ള സമരത്തിന് എല്ലാവിധ ആശംസകളെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.