ആന്ധ്രപ്രദേശിന്റെ തലസ്ഥാനമായ അമരാവതിയിലെ കൃഷ്ണനദീ തീരത്തുള്ള മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സ്വകാര്യ വസതിയും പൊളിച്ചു നീക്കാന്‍ ജഗന്‍ സര്‍ക്കാര്‍. വുണ്ടാവല്ലിയിലെ ചന്ദ്രബാബു നായിഡു ആഞ്ച് വര്‍ഷമായി താമസിക്കുന്ന കൊട്ടാരം പോലുള്ള ബംഗ്ലാവാണ് നിയമലംഘനത്തിന്റെ പേരില്‍ പൊളിച്ചു നീക്കാന്‍ ജഗന്‍ സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഉദ്യോഗസ്ഥര്‍ ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കുമ്പോള്‍ വസതിയില്‍ മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ഉണ്ടായിരുന്നു. നേരത്തെ കോണ്‍ഫറന്‍സ് ഹാളായി വസതിക്ക് സമീപം നായിഡു ഉപയോഗിച്ചുവന്ന എട്ടുകോടിയുടെ പ്രജാവേദിക കെട്ടിടവും തീരദേശ സംരക്ഷണ നിയമം ലംഘിച്ചതിന്റെ പേരില്‍ ഒരാഴ്ചയ്ക്കിടയില്‍ പൊളിച്ചുനീക്കിയിരുന്നു.
കൃഷ്ണനദിയില്‍ നിന്നും 100 മീറ്റര്‍ പരിധി പാലിക്കാതെ നിര്‍മ്മിച്ചിരിക്കുന്ന 28 കെട്ടിടങ്ങള്‍ക്കാണ് ജഗന്‍ സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. അനധികൃത നിര്‍മ്മാണം അനുവദിക്കില്ലെന്നും സ്വാഭാവിക നടപടിയാണെന്നും മാത്രമാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവിന്റെ നിലപാട്.
ആന്ധ്രപ്രദേശ് റീജിയണ്‍ ഡെവലപ്‌മെന്റ് അതോറിറ്റിയാണ് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. നായിഡു താമസിക്കുന്ന വസതിയില്‍ നോട്ടീസ് നല്‍കിയിരിക്കുന്നത് വ്യവസായി രമേശ് ലിംഗമനേനിയുടെ പേരിലാണ്. അദ്ദേഹത്തോടാണ് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരാഴ്ചയാണ് സമയം നല്‍കിയിരിക്കുന്നത്. ഇതിനുള്ളില്‍ അനധികൃത കെട്ടിടമല്ലെന്ന് തെളിയിക്കാത്ത പക്ഷം എപ്പോള്‍ വേണമെങ്കിലും സര്‍ക്കാരിന് ഇത് പൊളിച്ചുനീക്കാം.
ഹൈദരബാദില്‍ നിന്ന് അമരാവതി ആന്ധ്രപ്രദേശിന്റെ തലസ്ഥാനമാക്കിയതോടെ 2104ല്‍ വിജയിച്ച ഉടനെ വുണ്ടവല്ലിയിലെ ലിംഗമനേനിയുടെ ഗസ്റ്റ് ഹൗസിലേക്ക് മുഖ്യമന്ത്രിയായിരുന്ന നായിഡു താമസം മാറ്റുകയായിരുന്നു. മുഖ്യമന്ത്രിയുടെ വസതിയ്ക്ക് ആവശ്യമായ സുരക്ഷാക്രമീകരണങ്ങളും സ്വകാര്യ വ്യക്തിയുടെ വസ്തുവില്‍ ചെയ്തു. ഒരു പൂന്തോട്ടവും സ്വിമ്മിംഗ് പൂളും ഹെലിപാടുമെല്ലാം ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ചെടുക്കുകയായിരുന്നു.
പ്രജാ വേദിക എന്ന് പേരിട്ട മുന്‍ മുഖ്യമന്ത്രി നിര്‍മ്മിച്ച സര്‍ക്കാര്‍ കെട്ടിടം അനധികൃതമെന്ന് കണ്ടെത്തി ദിവസങ്ങള്‍ക്കുള്ളിലാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊളിച്ചുനീക്കിയത്. ജനങ്ങളുടെ പരാതി കേള്‍ക്കാനും കളക്ടര്‍മാരുടെ മീറ്റിങ് വിളിച്ചു ചേര്‍ക്കാനുമെല്ലാമാണ് നായിഡു കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മ്മിച്ചത്. തെലുങ്കു ദേശം പാര്‍ട്ടിയുടെ യോഗവും നായിഡു ഇവിടെയായിരുന്നു വിളിച്ചു ചേര്‍ത്തിരുന്നത്. പ്രതിപക്ഷ നേതാവായ ചന്ദ്രബാബു നായിഡു തന്റെ കാര്യാലയത്തിന്റെ ഭാഗമാക്കി ഈ കെട്ടിടം വിട്ടുനല്‍കണമെന്ന് കത്ത് മുഖാന്തിരം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഈ കെട്ടിടം പ്രതിപക്ഷ നേതാവിന്റെ കാര്യാലയത്തിന്റെ അനുബന്ധ കെട്ടിടമാക്കി പ്രഖ്യാപിക്കണമെന്നായിരുന്നു നായിഡുവിന്റെ ആവശ്യം. എന്നാല്‍ അനധികൃതമായി സര്‍ക്കാര്‍ പണം മുടക്കി നിര്‍മ്മിച്ച കെട്ടിടം പൊളിച്ചുകളയാനാണ് ജഗന്‍ തീരുമാനിച്ചത്.