ഇന്ത്യയില്‍ പ്രവിശ്യ സ്ഥാപിച്ചതായി ഭീകരസംഘടനയായ ഐസിസ് അവകാശവാദം. കാശ്മീരില്‍ വിലായ ഓഫ് ഹിന്ദ് എന്ന പേരില്‍ ഇന്ത്യയില്‍ ആദ്യമായി ഐസിസ് നിയന്ത്രണ മേഖല സ്ഥാപിച്ചതായി ഐസിസ് വാര്‍ത്താ ഏജന്‍സി അമാഖ് ന്യൂസിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ അംഷിപോറയില്‍ ഏറ്റുമുട്ടലില്‍ ഭീകരവാദിയെ സുരക്ഷാ സേന വധിച്ചതായി സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐസിസ് അവകാശവാദം. അംഷിപോറയില്‍ ഇന്ത്യന്‍ സേനയ്‌ക്കെതിരെ ആക്രമണം നടത്തിയത് ഇന്ത്യന്‍ പ്രവിശ്യയിലെ ഐസിസ് ഗ്രൂപ്പാണെന്നും അമാഖ് അവകാശപ്പെടുന്നു. ഷോപ്പിയാനിലെ ഏറ്റുമുട്ടലില്‍ ഇഷ്ഫാഖ് അഹമ്മദ് സോഫി എന്ന ഭീകരനെ വധിച്ചതായി ജമ്മു കാശ്മീര്‍ പോലീസ് അറിയിച്ചിരുന്നു. വിവിധ വിധ്വംസക ഗ്രൂപ്പുകളുമായി സഹകരിച്ചിരുന്ന സോഫി അടുത്ത കാലത്ത് ഐസിസിന്റെ ഭാഗമാവുകയായിരുന്നുവെന്നാണ് കാശ്മീര്‍ പോലീസിന്റെ വിശദീകരണം. സുരക്ഷാ സേനയ്‌ക്കെതിരെ മേഖലയില്‍ നടന്ന ഗ്രനേഡ് ആക്രമണങ്ങളില്‍ സോഫിയ്ക്ക് പങ്കുള്ളതായും പോലീസ് അറിയിച്ചു.
കാശ്മീരില്‍ ഐസിസിനൊപ്പം പ്രവര്‍ത്തിക്കുന്ന ഏക ഭീകരനാണ് സോഫിയെന്നാണ് സൈനികവൃത്തങ്ങളുടെ വാദം. ഐസിസ് അവകാശവാദത്തോട് ആഭ്യന്തരമന്ത്രാലയം പ്രതികരിച്ചില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാഖിലെയും സിറിയയിലെയും പോലെ സ്വയംപ്രഖ്യാപിത ഖലീഫാ ഭരണം പ്രവിശ്യയില്‍ സ്ഥാപിച്ചെന്നാണ് ഐസിസ് വാദം. സിറിയയില്‍ സഖ്യസേനയുമായുള്ള ഏറ്റുമുട്ടിലെ തുടര്‍ന്നുള്ള പിന്‍മാറ്റം ഐസിസിനെ ദുര്‍ബലമാക്കിയിരുന്നു. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ 253 പേരുടെ മരണത്തിന് ഇടയാക്കിയ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയില്‍ പ്രവിശ്യ സ്ഥാപിച്ചെന്ന പ്രഖ്യാപനം.