സംസ്ഥാനം ദുരന്തം നേരിടുമ്പോഴും ദ്രോഹപരമായ സമീപനം തുടരുന്ന കേന്ദ്രസര്‍ക്കാരിനെ നിയമപരമായി നേരിടുമെന്ന് ധനമന്ത്രി തോമസ് ഐസക്. വായ്പാ പരിധി ഉയര്‍ത്താന്‍ അനുമതി നല്‍കാതെയും നികുതി വിഹിതം കുറച്ചും കേന്ദ്രം സംസ്ഥാനത്തെ ഞെരുക്കുകയാണ്. പ്രളയകാലത്ത് കൈത്താങ്ങായി മാറേണ്ട കേന്ദ്രം സംസ്ഥാനത്തിന് കൂച്ചുവിലങ്ങിട്ട് വിഷമിപ്പിക്കുന്നു. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതിന് തുല്യമായ നികുതിവിഹിതം പ്രതിരോധമേഖലയ്ക്ക് നീക്കിവെയ്ക്കുന്നതിനേയും തോമസ് ഐസക് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രൂക്ഷമായി വിമര്‍ശിച്ചു.
സംസ്ഥാനങ്ങള്‍ക്ക് മേല്‍ കുതിര കയറി തെരഞ്ഞെടുപ്പില്‍ ജയിച്ചതിന്റെ ശൗര്യം കാണിക്കുകയാണ് ബിജെപി. കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തെ നിയമപരമായി നേരിടും.ധനമന്ത്രി
ദുരന്തത്തിന് ശേഷം നടത്തേണ്ട പുനര്‍നിര്‍മ്മാണത്തിന് 30,000 കോടി രൂപയുടെ വായ്പയാണ് എടുക്കേണ്ടത്. ഇതില്‍ 7,000 കോടി നല്‍കാമെന്ന് വിവിധ ഏജന്‍സികള്‍ ഉറപ്പും നല്‍കി. പക്ഷെ കേരളത്തിന്റെ വായ്പാ പരിധി ഉയര്‍ത്താന്‍ ഇതുവരെ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. മറ്റ് ചെലവുകള്‍ക്കായി സംസ്ഥാനം എടുക്കാനുദ്ദേശിക്കുന്ന വായ്പയിലും ഇത് കുറവ് വരുത്തും. ഇതിനും പുറമേയാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതിന് തുല്യമായ നികുതി വിഹിതം പ്രതിരോധ മേഖലയ്ക്ക് നീക്കിവയ്ക്കാനുള്ള നീക്കം. പ്രതിരോധത്തിന് നീക്കിവെച്ച ശേഷം മാത്രം ലഭിക്കുന്ന വിഹിതമാകും ഇനി മുതല്‍ സംസ്ഥാനങ്ങള്‍ക്കായി നിശ്ചയിക്കുക. സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം കുറയ്ക്കാന്‍ വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഇങ്ങനെ ചെയ്യുന്നതെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.
കാലവര്‍ഷ ദുരന്തങ്ങള്‍ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതം സൃഷ്ടിക്കുമെന്ന് ധനമന്ത്രി പറഞ്ഞിരുന്നു. പ്രളയം മൂലം വരുമാനം കുറയുകയും ചെലവ് ഗണ്യമായി വര്‍ധിക്കുകയും ചെയ്യും. കഴിഞ്ഞ പ്രളയത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്നതിനിടെ ദുരന്തം ആവര്‍ത്തിച്ചത് കേരള സമ്പദ് വ്യവസ്ഥയ്ക്ക് തന്നെ വലിയ തിരിച്ചടിയാണ്. ഏറ്റവും കൂടുതല്‍ നികുതി വരുമാനം ലഭിച്ചിരുന്നത് കാര്‍വില്‍പനയില്‍ നിന്നായിരുന്നു. അത് ഇപ്പോള്‍ സ്തംഭിച്ചിരിക്കുകയാണെന്നും തോമസ് ഐസക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.