സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രയ്ക്ക് യാത്രാവിലക്കേര്‍പ്പെടുത്തി എയര്‍ഇന്ത്യയും ഇന്‍ഡിഗോ എയര്‍ലൈന്‍സും. മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ വിമാനത്തിനകത്ത് വെച്ച് ചോദ്യം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതിനാണ് നിരോധനം. യാത്രക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് നടപടിയെന്നാണ് വിമാനകമ്പനികളുടെ വിശദീകരണം.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ചൊവ്വാഴ്ച ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ മുംബൈ-ലഖ്‌നൗ യാത്രയ്ക്കിടെയായിരുന്നു സഹയാത്രികനായ അര്‍ണാബിനെ കമ്ര ചോദ്യം ചെയ്തത്. താങ്കള്‍ ഒരു ഭീരുവാണോ മാധ്യമപ്രവര്‍ത്തകനാണോ അല്ലെങ്കില്‍ ദേശീയവാദിയാണോ എന്ന് പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു കമ്രയുടെ ചോദ്യം. അര്‍ണബിന്റെ അവതരണ ശൈലിയെ പരിഹസിച്ച് അതേ രീതിയിലായിരുന്നു ചോദ്യം.
ജെഎന്‍യുവില്‍ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയ്ക്കും അയാളുടെ അമ്മ രാധിക വെമുലയ്ക്കും വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്ന് കമ്ര വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. രോഹിത് വെമുലയുടെ ആത്മഹത്യ കുറിപ്പ് വായിച്ചിരുന്നുവെങ്കില്‍ താങ്കള്‍ മനുഷ്യത്വപരമായി ചിന്തിച്ചേനെയെന്നും കമ്ര അര്‍ണാബിനോട് പറഞ്ഞു. കമ്രയുടെ ചോദ്യങ്ങള്‍ക്ക് ചെവികൊടുക്കാതെയിരിക്കുന്ന അര്‍ണബിനെയും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കുനാല്‍ കമ്ര ട്വിറ്ററിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും പുറത്തുവിട്ടിരുന്നു.
ഇതിന് പിന്നാലെയാണ് കുനാല്‍ കമ്രയ്ക്ക് ഇന്‍ഡിഗോ ആറു മാസത്തേക്ക് യാത്രാനിരോധനം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് എയര്‍ഇന്ത്യയും അനിശ്ചിത കാലത്തേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. വിലക്കിനെ പിന്തുണച്ച വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി, മറ്റു വിമാനക്കമ്പനികളും സമാനരീതിയില്‍ കമ്രയ്ക്ക് വിലക്കേര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.
താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ചെയ്തതില്‍ കുറ്റബോധമില്ലെന്നുമാണ്, വിമാനക്കമ്പനികളുടെ വിലക്കിനോട് കുനാല്‍ കമ്ര പ്രതികരിച്ചത്. വിമാനത്തിലെ ജീവനക്കാര്‍ക്കും ഒരു യാത്രക്കാരനൊഴികെ മറ്റ് സഹയാത്രികര്‍ക്കും അസൗകര്യം നേരിട്ടിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും കമ്ര വ്യക്തമാക്കി.