ഇന്ത്യാ ചരിത്രം മാറ്റിയെഴുതണമെന്ന വാദവുമായി കന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ.രാജ്യത്തിന്റെ കാഴ്ചപ്പാടില്‍ ഇന്ത്യാ ചരിത്രം മാറ്റിയെഴുതേണ്ടതുണ്ടെന്നായിരുന്നു ബിജെപി ദേശീയ അദ്ധ്യക്ഷന്റെ വാക്കുകള്‍. സവര്‍ക്കര്‍ ഇല്ലായിരുന്നുവെങ്കില്‍ 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം വെറും ലഹളയായി അറിയപ്പെടുമായിരുന്നുവെന്ന വിചിത്രവാദവും അദ്ദേഹം മുന്നോട്ടുവെച്ചു. ഭാരതരത്‌നയ്ക്ക് വി.ഡി സവര്‍ക്കറെ ശുപാര്‍ശ ചെയ്യുമെന്ന് മഹാരാഷ്ട്ര ബിജെപി തങ്ങളുടെ പ്രകടന പത്രികയില്‍ പരാമര്‍ശിച്ചതിന് പിന്നാലെയാണ് ഷായുടെ പരാമര്‍ശം. രാജ്യത്തിന്റെ കാഴ്ചപ്പാടില്‍ ചരിത്രം തിരുത്തിയെഴുതാന്‍ ചരിത്രകാരന്‍മാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വീര്‍ സവര്‍ക്കര്‍ ഇല്ലായിരുന്നെങ്കില്‍ 1857 ലെ യുദ്ധം ചരിത്രമാകുമായിരുന്നില്ല. ബ്രിട്ടീഷുകാരുടെ കാഴ്ചപ്പാടിലേ വിലയിരുത്തപ്പെടുമായിരുന്നുള്ളൂ. ആ യുദ്ധത്തെ ഒന്നാം സ്വാതന്ത്ര്യസമരം എന്ന് വിശേഷിപ്പിച്ചത് സവര്‍ക്കറാണ്. അല്ലെങ്കില്‍ നമ്മുടെ കുട്ടികള്‍ അതിനെ ലഹളയായേ മനസ്സിലാക്കുമായിരുന്നുള്ളൂ. അമിത് ഷാ
ഛത്രപതി ശിവജിയുടെ പോരാട്ടങ്ങളെ കുറിച്ച് പഠനങ്ങളൊന്നുമില്ല. സിഖ് ഗുരുവിന്റെയും മഹാറാണാ പ്രതാപിന്റെയും ത്യാഗോജ്വല ജീവിതത്തെക്കുറിച്ച് ചരിത്രത്തിലെവിടെയും പറയുന്നില്ല. രേഖകള്‍ വേണ്ടപോലെ സൂക്ഷിക്കാതിരുന്നതിനാലാണ് സ്‌കന്ദഗുപ്ത വിക്രമാദിത്യന്റെ സംഭാവനകളെയും ധീരതയെയും കുറിച്ച് പുതുതലമുറയ്ക്ക് അറിയാത്തതെന്നും അദ്ദേഹം പറഞ്ഞു.ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ.
എത്രകാലം നമ്മള്‍ ബ്രിട്ടീഷുകാരെ കുറ്റം പറഞ്ഞിരിക്കും. ആരെയും പഴിചാരാതെ അത് ചെയ്യേണ്ടതുണ്ട്. ചരിത്രം മാറ്റിയെഴുതുക നമ്മുടെ ഉത്തരവാദിത്വമാണ്. ആരോടും തര്‍ക്കിക്കേണ്ടതില്ല, ശരിയെന്താണോ അത് നാം എഴുതണം. എല്ലാക്കാലവും അത് നിലനില്‍ക്കും അമിത് ഷാ
വി.ഡി സവര്‍ക്കര്‍ സ്വാതന്ത്ര്യസമര വേളയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രവര്‍ത്തിക്കില്ലെന്ന് മാപ്പ് എഴുതി നല്‍കി ജയില്‍ മോചിതനായെന്നാണ് ചരിത്രം. എന്നാല്‍ സവര്‍ക്കറെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. സവര്‍ക്കറുടെ മൂല്യങ്ങളാണ് രാഷ്ട്ര നിര്‍മാണത്തിന്റെ അടിത്തറയെന്നായിരുന്നു മോദിയുടെ അവകാശവാദം.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം