ഭരണഘടന മുന്നോട്ട് വയ്ക്കുന്ന ജനാധിപത്യ മതനിരപേക്ഷ സങ്കല്‍പ്പങ്ങളില്‍ നിന്ന് രാജ്യം അകലുന്നുണ്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതത്തിന്റെ പേരില്‍ വിവേചനങ്ങളുണ്ടാവുന്നെങ്കിലും പൗരന്മാര്‍ നീക്കി നിര്‍ത്തപ്പെടുന്നുണ്ടെങ്കിലും അതിന്റെയര്‍ഥം മതനിരപേക്ഷത ദുര്‍ബലപ്പെടുന്നുവെന്നതാണ്. ജനാധിപത്യ പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് വീട്ടുതടങ്കലില്‍ കഴിയുന്ന അവസ്ഥയുണ്ടാകുന്നുവെങ്കില്‍ നാം ജനാധിപത്യ സങ്കല്‍പ്പങ്ങളില്‍ അടുക്കുകയാണോ അതോ അകലുകയാണോയെന്നും എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിന ആഘോഷ ചടങ്ങില്‍ മുഖ്യമന്ത്രി ചോദിച്ചു.
മതനിരപേക്ഷത എന്നതാണ് ഭരണഘടന റിപ്പബ്ലിക്കിന് നല്‍കുന്ന മറ്റൊരു വിശേഷണം. മതത്തിന്റെ പേരില്‍ എവിടെവിടെ വിവേചനങ്ങളുണ്ടാവുന്നെങ്കിലും പൗരന്മാര്‍ നീക്കി നിര്‍ത്തപ്പെടുന്നുണ്ടെങ്കിലും സംശയക്തോടെ വീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും നിര്‍ഭയത്വത്തോടെ കഴിയാനുള്ള അവസരം നിഷേധിക്കപ്പെടുന്നുണ്ടെങ്കിലും അതിന്റെയൊക്കെ അര്‍ഥം മതനിരപേക്ഷത ദുര്‍ബലപ്പെടുന്നുവെന്നതാണ്. അങ്ങനെയെങ്കില്‍ അതും ഭരണഘടനാവിരുദ്ധമല്ലേ ? നമ്മുടേത് ജനാധിപത്യ റിപ്പബ്ലിക്കാണ്. ജനാധിപത്യ പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് വീട്ടുതടങ്കലില്‍ വരെ കഴിയേണ്ടി വരുന്ന അവസ്ഥ ഉണ്ടാകുന്നുവെങ്കില്‍ നാം ജനാധിപത്യ സങ്കല്‍പ്പങ്ങളില്‍ നിന്ന് അടുക്കുകയാണോ അകലുകയാണോ ?പിണറായി വിജയന്‍
ജനിച്ച ജാതിയുടെ പേരില്‍ ദുര്‍ബലരും നിസഹായരുമായ വലിയൊരു വിഭാഗം പൗരന്മാര്‍ക്ക് നീതി നിഷേധിക്കപ്പെട്ട് പീഡിപ്പിക്കപ്പെടുന്ന, കൊല്ലപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ തുടര്‍ച്ചയായി കാണുന്നു. ജാതിയുടെ പേരിലുണ്ടാകുന്ന അതിക്രൂരമായ നിന്ദയും കൊലപാതകങ്ങളും മനുഷ്യത്വ പരമായ ഒരു സമൂഹം എന്ന് അഭിമാനിക്കുന്നതിന് കളങ്കമാകുന്നില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഈ രാജ്യത്തെ ഒരുമിപ്പിച്ച് നിര്‍ത്തുന്ന പ്രധാനഘടകം വൈവിധ്യത്തെ അംഗീകരിക്കുന്ന ഈ ഫെഡറല്‍ സത്തയാണ്. വൈവിധ്യത്തെ ഏകശിലാരൂപമായ യുണിറ്ററി സംവിധാനം കൊണ്ട് പകരം വെയ്ക്കാന്‍ ഉള്ള ശ്രമങ്ങളുണ്ടായാല്‍ അതിനെ ഭരണഘടനാതത്ത്വത്തിന്റെ ലംഘനമായി കാണാനാകും.സംസ്ഥാനങ്ങളുടെ സവിശേഷമായ അവകാശങ്ങള്‍ക്ക് നേരെ കടന്നു കയറ്റമുണ്ടായാല്‍ അതും ഭരണഘടനയുടെ ഫെഡറല്‍ ഘടനയുടെ സത്തയ്ക്ക് എതിരാണ്. ഇത്തരം നിരവധികാര്യങ്ങളുടെ ആത്മപരിശോധന നടത്തുവാന്‍ കൂടിയുള്ള സന്ദര്‍ഭമാണ് സ്വാതന്ത്ര്യദിനം നമുക്ക് തരുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മതനിരപേക്ഷതയ്ക്ക് പലവിധ വെല്ലുവിളികളും ഉയര്‍ന്നുവരുന്ന സമയത്ത് കവളപ്പാറയില്‍ ദുരന്തമുണ്ടായപ്പോള്‍ അവിടെ മരണപ്പെട്ടവരെ പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ മുസ്ലീം ആരാധനാലയം സൗകര്യമൊരുക്കിയത് മഹത്തായ മാതൃകയാണ്. കേരളത്തിന് രാജ്യത്തിന് മുന്നില്‍ അഭിമാനപൂര്‍വ്വം ചൂണ്ടിക്കാണിക്കാനാകുന്ന മാതൃകയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.