വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കാശ്മീർ ഫയൽസ് സിനിമക്കെതിരെ ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേള ജൂറി ചെയർമാനും ഇസ്രായേലി സംവിധായകനുമായ നാദവ് ലാപിഡ്.ചലച്ചിത്രമേളയുടെ കലാമൂല്യത്തിന് ചേർന്നതല്ലെന്നും ചിത്രം കണ്ട് ജൂറി അസ്വസ്ഥരായെന്നും എങ്ങനെ മത്സരവിഭാഗത്തിലേക്ക തെരഞ്ഞെടുക്കപ്പെട്ടതിൽ അത്ഭുതം തോന്നിയെന്നും അദ്ദേഹം പറഞ്ഞു. ഈ വേദി നിരൂപണങ്ങളുടെയും സംവാദങ്ങളുടെയും കൂടിയാണ്. അതുകൊണ്ടാണ് താൻ ഇത് പറയാൻ മടിക്കാത്തത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനുരാഗ് താക്കൂർ ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാർ പങ്കെടുത്ത ചടങ്ങിലായിരുന്നു ലാപിഡിന്റെ വിമർശനം. പരസ്യ പ്രതികരണത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിന്റെ അടിസ്ഥാനത്തിൽ ലാപിഡിനെ പിന്തുണച്ചും വിമർശഷിച്ചും നിരവധി ആളുകൾ രംഗത്ത് വന്നു.
മുൻവിധിയോടെയുള്ള പരാമർശമെന്ന് അനുപം ഖേർ
കശ്മീർ ഫയൽസിനെ പറ്റിയുള്ള ലാപിഡിന്റെ പരാമർശം മുൻവിധിയോടു കൂടിയുള്ളതെന്നായിരുന്നു സിനിമയിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച കാഴ്ചവെച്ച അനുപം ഖേറിന്റെ പ്രതികരണം. കാശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപലായനം സത്യമാണെന്നും, സത്യത്തിന് മുന്നിൽ എത്രവലിയ നുണയും ചെറുതാകുമെന്നും അദ്ദേഹം പറഞ്ഞു.
വൾഗാരിറ്റിയല്ല, ഇത് റിയാലിറ്റിയെന്ന് അണിയറ പ്രവർത്തകർ
ചിത്രത്തിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രി അടക്കം ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ച പലരും ലാപിഡിന്റെ പരാമർശത്തിന് എതിരെ രംഗത്തെത്തി. "സത്യമാണ് ഏറ്റവും അപകടകരമായ വസ്തു. അത് മറ്റുള്ളവരെ കള്ളം പറയാൻ പ്രേരിപ്പിക്കും" എന്നായിരുന്നു വിവേക് അഗ്നിഹോത്രി ട്വിറ്ററിൽ കുറിച്ചത്. സിനിമ കാശ്മീരി പണ്ഡിറ്റുകളുടെ സത്യകഥയാണ് കാണിക്കുന്നത്. അത് വൾഗാരിറ്റിയല്ല റിയാലിറ്റിയാണ് എന്നായിരുന്നു ചിത്രത്തിൽ അഭിനയിച്ച നടൻ ദർശൻ കുമാറിന്റെ പ്രതികരണം.
ലാപിഡിന്റെ പരാമർശത്തോട് യോജിപ്പില്ലെന്ന് ഇസ്രായേൽ കോൺസൽ ജനറൽ
കശ്മീർ ഫയൽസിനെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായമാണുള്ളതെന്ന് മുംബൈയിലെ ഇസ്രായേൽ കോൺസൽ ജനറൽ കോബി ശോഷാനി സോഷ്യൽ മീഡിയയിൽ കുറിച്ചു. താൻ സിനിമ കണ്ടുവെന്നും നദവ് ലാപിഡിന്റേതിൽ നിന്നും വ്യത്യസ്തമായ അഭിപ്രായമാണ് തനിക്കുള്ളതെന്നും അക്കാര്യം ലാപിഡിനെ അറിയിച്ചെന്നും കോബി ശോഷാനി ട്വീറ്റ് ചെയ്തു.
എട്ടു മാസങ്ങൾക്കു മുൻപാണ് കശ്മീർ ഫയൽസ് തിയേറ്ററുകളിലെത്തിയത്. സിനിമ പുറത്തിരങ്ങിയതിന് പിന്നാലെ ഹിന്ദുത്വ കേന്ദ്രങ്ങളില്‍നിന്നും വലിയ പിന്തുണയാണ് സിനിമക്ക് ലഭിച്ചത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സിനിമക്ക് സമ്പൂര്‍ണ നികുതിയിളവ് പ്രഖ്യാപിച്ചു. മധ്യപ്രദേശ് സര്‍ക്കാര്‍ സിനിമ കാണാന്‍ പൊലീസുകാര്‍ക്ക് ഒരു ദിവസത്തെ അവധി അനുവദിച്ചിരുന്നു. അസം സര്‍ക്കാര്‍ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സിനിമ കാണുന്നതിനായി പകുതി ദിവസത്തെ അവധി അനുവദിക്കുകയും ചെയ്തിരുന്നു.