ഫിറോസ് കുന്നംപറമ്പില്‍ 
Around us

‘സര്‍ക്കാര്‍ കടമ നിറവേറ്റിയാല്‍ കേരളത്തില്‍ നന്മമരങ്ങള്‍ ഉണ്ടാകില്ല’; ആരോപണങ്ങള്‍ തെളിയിക്കാന്‍ വെല്ലുവിളിച്ച് ഫിറോസ് കുന്നംപറമ്പില്‍

THE CUE

നന്മ മരങ്ങള്‍ ഭിക്ഷാടന മാഫിയ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ച സാമൂഹിക സുരക്ഷാ മിഷന് മറുപടിയുമായി ഫിറോസ് കുന്നംപറമ്പില്‍. ചികിത്സാച്ചെലവ് കൂട്ടി പറഞ്ഞ് നന്മ മരങ്ങള്‍ കമ്മീഷന്‍ തട്ടുകയാണെന്ന് പറഞ്ഞ സാമൂഹിക സുരക്ഷാമിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മൊഹമ്മദ് അഷീല്‍ ആരോപണങ്ങള്‍ തെളിയിക്കുകയാണ് വേണ്ടതെന്ന് ഫിറോസ് പറഞ്ഞു. എന്നേ പോലുള്ള ആളുകള്‍ എന്തുകൊണ്ട് ചാരിറ്റി പ്രവര്‍ത്തനത്തിന് ഇറങ്ങി എന്നത് ആലോചിക്കണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പോരാതെ വന്നതുകൊണ്ടാണ് ഞങ്ങള്‍ ഇറങ്ങിയത്. സര്‍ക്കാര്‍ രോഗികളെ കൃത്യമായി സഹായിക്കാന്‍ തയ്യാറാണെങ്കില്‍ ചാരിറ്റി പ്രവര്‍ത്തനം ഉപേക്ഷിക്കാന്‍ തയ്യാറാണെന്നും ഫിറോസ് വ്യക്തമാക്കി.

ഞങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതൊക്കെ നിങ്ങള്‍ ഏറ്റെടുത്താല്‍ ഞങ്ങള്‍ എല്ലാം അവസാനിപ്പിക്കാം. എനിക്ക് എന്റെ മൊബൈല്‍ കട വീണ്ടും തുറക്കാം. കുടുംബജീവിതം തുടരാം. നിങ്ങള്‍ എസിയില്‍ ഉറങ്ങുന്നതുകൊണ്ടാണ് ഞങ്ങള്‍ ഉണരേണ്ടി വന്നത്. നിങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ ഞങ്ങള്‍ക്കൊന്ന് ഉറങ്ങാമായിരുന്നു.   
ഫിറോസ് കുന്നംപറമ്പില്‍

ഒരാളുടെ ആവശ്യം കഴിഞ്ഞ് ശേഷിക്കുന്ന തുക ചികിത്സ വേണ്ട മറ്റൊരാള്‍ക്ക് നല്‍കുന്നത് തോന്നിയവാസമാണെങ്കില്‍ ആ തോന്നിയവാസം ചെയ്യാതെ എനിക്ക് നിവൃത്തിയില്ല. മൂന്ന് ലക്ഷം രൂപയ്ക്ക് കിഡ്‌നി മാറ്റിവെയ്ക്കുന്ന സ്വകാര്യ ആശുപത്രി ഏതെന്ന് വ്യക്തമാക്കണം. 5 ലക്ഷം രൂപയെങ്കിലും ഇല്ലാതെ കിഡ്‌നി ശസ്ത്രക്രിയ കഴിഞ്ഞ രോഗിക്ക് ആശുപത്രിയില്‍ നിന്നിറങ്ങാന്‍ കഴിയില്ല. തന്റെ അക്കൗണ്ട് ആര്‍ക്ക് വേണമെങ്കിലും ഓഡിറ്റ് ചെയ്യാം. തന്റെ ചാരിറ്റി അക്കൗണ്ടും വ്യക്തിഗത അക്കൗണ്ടും പരിശോധിക്കാവുന്നതാണ്. സത്യസന്ധമായി ഞാന്‍ ചെയ്ത ചാരിറ്റിയിലൂടെ നിങ്ങള്‍ക്ക് എന്നെ തുറുങ്കിലടയ്ക്കാന്‍ കഴിയില്ല. കള്ളക്കേസില്‍ ജയിലില്‍ ഇട്ടാലും മുട്ടുമടക്കില്ല. രാഷ്ട്രീയ പ്രേരിതമായ നീക്കങ്ങള്‍ ഏതു വിധേനയും ചെറുത്ത് തോല്‍പിക്കുമെന്നും ഫിറോസ് കുന്നംപറമ്പില്‍ വ്യക്തമാക്കി.

ഫിറോസ് കുന്നംപറമ്പിലിന്റെ പ്രതികരണം

“മൊഹമ്മദ് അഷീല്‍ പറയുന്നതുപോലെ എനിക്ക് അങ്ങനൊരു കോര്‍ഡിനേറ്റര്‍ ഇല്ല. ആരെ വിളിച്ചാണ് സംസാരിച്ചതെന്ന് അദ്ദേഹം പറയണം. ഏത് കേസാണ്, ഏത് കുട്ടി, അവരുടെ അഡ്രസ് എന്നിവ വ്യക്തമാക്കണം. 25 ലക്ഷം ആവശ്യമുള്ളിടത്ത് 35 സമാഹരിച്ച് കൊടുക്കുന്നയാളാണ്. മൊഹമ്മദ് ആഷില്‍ പറയുന്നത് കല്ലുവെച്ച നുണയാണ്. ഞാന്‍ ഇടപെട്ട കേസാണെങ്കില്‍ ആ വീഡിയോ കാണിക്കണം. എന്നേ പോലുള്ള ആളുകള്‍ എന്തുകൊണ്ട് ചാരിറ്റി പ്രവര്‍ത്തനത്തിന് ഇറങ്ങി എന്നത് ആലോചിക്കണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പോരാതെ വന്നതുകൊണ്ടാണ് ഞങ്ങള്‍ ഇറങ്ങിയത്. സാമൂഹിക സുരക്ഷാ മിഷന്‍ എത്ര പേര്‍ക്ക് കൊടുത്തു? ഞാനൊന്നുമല്ല. പക്ഷെ നിങ്ങള്‍ ഒരു ഗവണ്‍മെന്റാണ്. നിങ്ങളാണ് ഉത്തരവാദിത്തപ്പെട്ട ആളുകള്‍. ഫിറോസ് കുന്നംപറമ്പില്‍ ഒരു വ്യക്തി മാത്രമാണ്. താങ്കളേപ്പോലുള്ള ആളുകള്‍ വാങ്ങിക്കുന്ന ശമ്പളത്തിന് കൃത്യമായി ജോലി ചെയ്തിരുന്നെങ്കില്‍ ഞങ്ങള്‍ ഇത് ചെയ്യേണ്ടി വരില്ല.

ഒരാളുടെ ആവശ്യം കഴിഞ്ഞ് ശേഷിക്കുന്ന തുക ചികിത്സ വേണ്ട മറ്റൊരാള്‍ക്ക് നല്‍കുന്നത് തോന്നിയവാസമാണെങ്കില്‍ ആ തോന്നിയവാസം ചെയ്യാതെ എനിക്ക് നിവൃത്തിയില്ല. മൂന്ന് ലക്ഷം രൂപയ്ക്ക് കിഡ്‌നി മാറ്റിവെയ്ക്കുന്ന സ്വകാര്യ ആശുപത്രി ഏതെന്ന് വ്യക്തമാക്കണം. കോഴിക്കോട് ഇക്ര ആശുപത്രിയില്‍ മാത്രമാണ് മൂന്ന് ലക്ഷം രൂപ വാങ്ങുന്നത്. അടുത്തിടെ ഒരു കിഡ്‌നി മാറ്റിവെയ്ക്കലിന് അവിടെ അഞ്ച് ലക്ഷം രൂപ ബില്‍ തന്നു. കിഡ്‌നി ചികിത്സയ്ക്ക് 30-50 ലക്ഷം വേണമെന്ന് ഞാന്‍ പറഞ്ഞത് എപ്പോഴാണെന്ന് വ്യക്തമാക്കണം. 25 ലക്ഷം രൂപയെങ്കിലും ഇല്ലാതെ കിഡ്‌നി ശസ്ത്രക്രിയ കഴിഞ്ഞ രോഗിക്ക് ആശുപത്രിയില്‍ നിന്നിറങ്ങാന്‍ കഴിയില്ല. സര്‍ജറി കഴിഞ്ഞ് ഇന്‍ഫെക്ഷന്‍ വരാതെ മാറിത്താമസിക്കുന്നതിന്റേത് ഉള്‍പ്പെടെ ഇക്ര ഹോസ്പിറ്റലില്‍ നിന്ന് ഇറങ്ങുമ്പോള്‍ ആകെ 7-8 ലക്ഷം രൂപ.

ഞാന്‍ രോഗികള്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. നിങ്ങള്‍ ചെയ്യേണ്ട ജോലി ചെയ്യാതെ, സംരക്ഷിക്കേണ്ടവരെ സംരക്ഷിക്കാതെ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വില കുറച്ച് കാണുന്നു. നിങ്ങള്‍ കൃത്യമായി പണിയെടുത്താല്‍ നന്മ മരങ്ങള്‍ ഇറങ്ങേണ്ടി വരില്ല. 12 വയസുള്ള ഒരു കുട്ടിയുടെ കിഡ്‌നി ചികിത്സയ്ക്ക് വേണ്ടിയാണ് ഇപ്പോള്‍ പോകുന്നത്. സര്‍ക്കാര്‍ സഹായിക്കുകയാണെങ്കില്‍ ഞാന്‍ അത് ചെയ്യില്ല. ഫിറോസ് കുന്നംപറമ്പില്‍ 30 ലക്ഷത്തിന് ചെയ്യുന്നത് സര്‍ക്കാരിന് 20 ലക്ഷത്തിന് ചെയ്യാമെങ്കില്‍ നിങ്ങള്‍ ചെയ്‌തോളൂ. ഞങ്ങള്‍ക്ക് കുട്ടികളേയും മക്കളേയും നോക്കി വീട്ടിലിരുന്നൂടെ. എന്നേക്കാള്‍ എത്രയോ ഇരിട്ടി എന്ന് പറയുമ്പോള്‍ കുറച്ചില്‍ തോന്നേണ്ടത് സര്‍ക്കാരിനാണ്. നിങ്ങള്‍ സാമൂഹിക സുരക്ഷാ മിഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്. ആ കസേരയില്‍ നിന്ന് ഇറങ്ങുക. മൂന്ന് ലക്ഷം രൂപയ്ക്ക് കിഡ്‌നി മാറ്റിവെയ്ക്കാന്‍ കഴിയുമെന്നാണ് നിങ്ങള്‍ വിശ്വസിക്കുന്നതെങ്കില്‍ നിങ്ങള്‍ ഉറങ്ങുകയാണ്.

എന്റെ അക്കൗണ്ട് ആര്‍ക്ക് വേണമെങ്കിലും ഓഡിറ്റ് ചെയ്യാം. എന്റെ ചാരിറ്റി അക്കൗണ്ടും വ്യക്തിഗത അക്കൗണ്ടും പരിശോധിക്കാം. നിങ്ങളെ ആര്‍ക്കും തടയാന്‍ കഴിയില്ലല്ലോ. ആളുകളുടെ ദയനീയത ചൂഷണം ചെയ്യുന്നത് തെറ്റു തന്നെയാണ്. ഞങ്ങള്‍ ഉപയോഗിക്കുന്നത് രോഗികളുടെ അക്കൗണ്ട് ആണ്. എന്നിട്ടാണ് ശേഷിക്കുന്ന പണം മറ്റുള്ളവര്‍ക്ക് കൊടുക്കുന്നത്. ഞാന്‍ സമീപിച്ച എല്ലാ കേസുകളും നിങ്ങള്‍ക്ക് അന്വേഷിക്കാം. ഞാന്‍ എന്ത് കള്ളത്തരമാണ് ചെയ്തതെന്ന് സമൂഹത്തോട് വിളിച്ചുപറയാം.

വീടില്ലാത്തവരേയും രോഗികളേയും സംരക്ഷിക്കേണ്ടത് നിങ്ങളാണ്. എനിക്ക് ഒരു സര്‍ക്കാരും ശമ്പളം തരുന്നില്ല. കാറ് തന്നിട്ടില്ല. ഓഫീസ് തന്നിട്ടില്ല. കറങ്ങുന്ന കസേരയില്ല. നിങ്ങള്‍ക്ക് ഇതെല്ലാമുണ്ട്. ഞങ്ങളുടെ നികുതിപ്പണം ശമ്പളമായി വാങ്ങുന്ന നിങ്ങള്‍ ചെയ്യേണ്ട ജോലിയാണ് ഞങ്ങള്‍ ചെയ്യുന്നത്. നിങ്ങള്‍ ചെയ്യേണ്ട ജോലി നിങ്ങള്‍ കൃത്യമായി ചെയ്തിരുന്നെങ്കില്‍ കേരളത്തില്‍ ഒരു നന്മ മരത്തിന്റേയും ആവശ്യമില്ല. ദുബായില്‍ ചാരിറ്റിക്ക് വേണ്ടി ഒരു രൂപ പോലും പിരിക്കാന്‍ കഴിയില്ല. കാരണം ദുബായ് സര്‍ക്കാര്‍ അത് കൃത്യമായി ചെയ്യുന്നുണ്ട്.

ആയിരക്കണക്കിന് രോഗികള്‍ ജീവന് വേണ്ടി പിടയുമ്പോള്‍ അത് കണ്ട് സഹിക്കാന്‍ പറ്റാത്തതുകൊണ്ടാണ് എന്നേ പോലുള്ള ചാരിറ്റിക്കാര്‍ ഇറങ്ങി ഇങ്ങനെ ഓടുന്നത്. ഞങ്ങള്‍ക്ക് ആരെങ്കിലും കാറ് തരുന്നതും വീട് തരുന്നതും കണ്ട് നിങ്ങള്‍ സങ്കടപ്പെടേണ്ട. അവരവര്‍ സമ്പാദിച്ച പണമാണ് അവര്‍ ഞങ്ങള്‍ക്ക് നല്‍കുന്നത്. ആരോപണങ്ങള്‍ നിങ്ങള്‍ തെളിയിക്കുക തന്നെ വേണം. ഗുരുതരമായ ആരോപണങ്ങളാണ് നിങ്ങള്‍ ഉന്നയിച്ചത് ഒരു മന്ത്രിയേയാണ് നിങ്ങള്‍ കൂട്ടുപിടിച്ചത്. ഏത് രോഗിയുടെ കേസിന്, ആരെ വിളിച്ചു, ഏത് നമ്പറില്‍ വിളിച്ചു എന്ന് വ്യക്തമാക്കുക തന്നെ വേണം. നിങ്ങളുടെ വാക്ക് സര്‍ക്കാരിന്റെ വാക്കാണ്. ആ വാക്കിന് മറുപടി പറഞ്ഞേ പറ്റൂ.

നിങ്ങളുടെ കഴിവുകേട് മറച്ചുവെയ്ക്കലാണ്. മറ്റുള്ളവരുടെ മേല്‍ പഴിചാരലാണ്. രാഷ്ട്രീയ പ്രേരിതമായ നീക്കങ്ങള്‍ ഏതു വിധേനയും ചെറുത്ത് തോല്‍പിക്കും. ഏറി വന്നാല്‍ നിങ്ങള്‍ എനിക്കെതിരെ കള്ളക്കേസുണ്ടാക്കി ജയിലിലാക്കും. അല്ലെങ്കില്‍ നിങ്ങള്‍ എന്നെ കൊല്ലുമായിരിക്കും. സത്യസന്ധമായി ഞാന്‍ ചെയ്ത ചാരിറ്റിയിലൂടെ നിങ്ങള്‍ക്ക് എന്നെ തുറുങ്കിലടയ്ക്കാന്‍ കഴിയില്ല. അത്രയും കൃത്യമായാണ് ഫിറോസ് കുന്നംപറമ്പില്‍ ചാരിറ്റി ചെയ്തിട്ടുള്ളത്. എനിക്ക് ഭയമില്ല. ഏതു ജയിലിലും ഞാന്‍ കിടന്നുകൊള്ളാം. പക്ഷെ ഒരിക്കലും മുട്ട് മടക്കാന്‍ തയ്യാറല്ല. ഒറ്റയ്ക്ക് എങ്കില്‍ ഒറ്റയ്ക്ക് ഞാന്‍ പോരാടും. ഒരു രാഷ്ട്രീയ ചട്ടുകങ്ങള്‍ക്കും പിടി കൊടുക്കാതെ ഞാന്‍ മുന്നോട്ടുപോകും. ഞങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതൊക്കെ നിങ്ങള്‍ ഏറ്റെടുത്താല്‍ ഞങ്ങള്‍ എല്ലാം അവസാനിപ്പിക്കാം. എനിക്ക് എന്റെ മൊബൈല്‍ കട വീണ്ടും തുറക്കാം. കുടുംബജീവിതം തുടരാം. നിങ്ങള്‍ എസിയില്‍ ഉറങ്ങുന്നതുകൊണ്ടാണ് ഞങ്ങള്‍ ഉണരേണ്ടി വന്നത്. നിങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ ഞങ്ങള്‍ക്കൊന്ന് ഉറങ്ങാമായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT