Around us

ഹേമ കമ്മീഷൻ റിപ്പോർട്ട് കൃത്യമാകണം, അവ്യക്തമാണെങ്കിൽ കമ്മീഷൻ അത് വ്യക്തതയിലേക്ക് എത്തിക്കണം; അഞ്ജലി മേനോൻ

ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാനുള്ള സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് WCC സ്ഥാപക അംഗവും സംവിധായികയുമായ അഞ്ജലി മേനോൻ. ചർച്ചകൾക്കും, പ്രസ്താവനകൾക്കും മേലെ തൊഴിലിടത്തിൽ പ്രാവർത്തികമായാൽ മാത്രമേ ശരിക്കുള്ള മാറ്റം പ്രതീക്ഷിക്കാനാകൂ എന്നും അഞ്ജലി മേനോൻ ദ ക്യുവിനോട് പ്രതികരിച്ചു. സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഡബ്ല്യു.സി.സിയുടെ പരാതി പ്രകാരം 2018 മെയ് മാസത്തിലാണ് സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാനായി സര്‍ക്കാര്‍ കമ്മീഷനെ നിയമിക്കുന്നത്. ഒന്നരവര്‍ഷത്തിന് ശേഷം 2019 ഡിസംബര്‍ 31ന് ഹേമ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാൽ റിപ്പോർട്ട് പുറത്തു വിടാൻ സർക്കാർ തയ്യാറായില്ല. റിപ്പോർട്ട് വളരെ അവ്യക്തമാണ് എന്ന് കേട്ടിരുന്നതായും അത്തരത്തിലാണെങ്കിൽ അംഗീകരിക്കാനാകില്ലെന്നും അഞ്ജലി മേനോൻ പറഞ്ഞു.

ഞങ്ങൾ ഈ ഉത്തരവ് സ്വാഗതം ചെയ്യുന്നു. പക്ഷെ മുൻപുണ്ടായ കാര്യങ്ങളെ മുൻനിർത്തി, ചർച്ചകൾക്കും, പ്രസ്താവനകൾക്കും മേലെ പ്രവർത്തികൾ ഉണ്ടായാൽ മാത്രമേ ശരിക്കുള്ള മാറ്റം പ്രതീക്ഷിക്കാനാകൂ. ഈ റിപ്പോർട്ടിന്റെ ഉള്ളടക്കത്തിനപ്പുറം, ഇതിന്റെ ഇതുവരെയുള്ള യാത്ര വളരെ വിചിത്രമായൊന്നാണ്. എല്ലാവർക്കും സുരക്ഷിതവും തുല്യവുമായ തൊഴിലിടങ്ങൾ സാധ്യമാക്കാനുള്ള പ്രതിബദ്ധത ഇവിടെ നിലനിൽക്കുന്നുണ്ടോ എന്ന് മനസിലാക്കാനുള്ള അവസരമാണ് ഈ ഉത്തരവിനോടുള്ള സർക്കാരിന്റെയും ചലച്ചിത്ര മേഖലയുടെയും പ്രതികരണം
അഞ്ജലി മേനോൻ

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വന്നാൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷയുണ്ടോ?

എൻ്റെ അഭിപ്രായത്തിൽ, ഇൻഡസ്ട്രിയിൽ സംഭവിക്കുന്ന ചെറിയ മാറ്റങ്ങൾ വ്യക്തികളുടെ ബോധ്യങ്ങളും, സാമൂഹിക മാറ്റങ്ങളും വഴി സ്വാഭാവികമായി സംഭവിക്കുന്നത് മാത്രമാണ്. പല നല്ല കാര്യങ്ങൾക്കും മുൻകൈയ്യെടുത്തിട്ടുള്ള ചരിത്രം മലയാളം ഫിലിം ഇൻഡസ്ട്രിക്കുണ്ട്. പല കാര്യങ്ങളിൽ കൂട്ടായി പ്രവർത്തിക്കുന്ന ഫിലിം ഇൻഡസ്ട്രി കൂടെയാണ് നമ്മുടേത്. അതേ ആവേശം തുല്യനീതിയുടെ കാര്യത്തിലും കാണിച്ചെങ്കിൽ, മാതൃകാപരമായ മാറ്റം നമ്മുക്ക് ഇവിടെ കൊണ്ട് വരാനാകും.

2017-ലാണ് WCC മുഖ്യമന്ത്രിയെ കണ്ട് അപേക്ഷ സമർപ്പിച്ചത്. അന്ന് ആവശ്യപ്പെട്ട ഒരുപാട് കാര്യങ്ങളിൽ ഒന്നാണ് ഫിലിം ഇൻഡസ്ട്രിയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കണമെന്നുള്ളത്. WCC പറയുന്നതിനപ്പുറം ഔദ്യോഗികമായ ഒരു പഠനം വേണം എന്ന നിലയിലാണ് അത്തരമൊരു ആവശ്യം ഉന്നയിച്ചത്. തുടർന്നാണ് ജസ്റ്റിസ് ഹേമ കമ്മീഷനെ നിയമിക്കുന്നതും, അവർക്ക് പ്രത്യേക 7 നിബന്ധനകൾ (term of reference) നൽകിയതും. അത്തരത്തിലൊരു ടേം ഓഫ് റഫറൻസ് ഉണ്ടെന്നിരിക്കെ, ഓരോ നിബന്ധനകളിലുമുള്ള കൃത്യമായ കണ്ടെത്തൽ എന്താണ് എന്നറിയാനുള്ള അവകാശം എല്ലാവർക്കുമുണ്ട്.

ഹേമ കമ്മീഷൻ റിപ്പോർട്ട് വളരെ അവ്യക്തമാണ് എന്ന് പലരും പറയുന്നത് കേട്ടിരുന്നു. ഞങ്ങളാരും ഇത് കണ്ടിട്ടില്ല. റിപ്പോർട്ട് അവ്യക്തമാണെങ്കിൽ ആ റിപ്പോർട്ട് അംഗീകരിക്കാനാകില്ല. ഇത്രയും സമയവും, പണവും ചിലവഴിച്ച്, കമ്മീഷനടക്കം ഒരുപാട് പേർ പ്രയത്നിച്ചതിന്റെ ഫലമായുള്ള ഒരു റിപ്പോർട്ട് കൃത്യവും സമ​ഗ്രവുമായിരിക്കണമല്ലോ, റിപ്പോർട്ട് അവ്യക്തമാണെങ്കിൽ അത് കൃത്യതയിലേക്കെത്തിക്കുക എന്നത് സർക്കാരിന്റെ കൂടെ ഉത്തരവാദിത്തമാണ്. അവ്യക്തമാണെങ്കിൽ ആ റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ല.

ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ കാര്യത്തിൽ ഒരുപാട് സ്ത്രീകൾ കമ്മീഷന് മുന്നിലെത്തി അവർക്ക് ഇൻഡസ്ട്രിയിൽ നേരിടേണ്ടി വന്ന അനുഭവങ്ങളെക്കുറിച്ച് വ്യക്തമായി പറഞ്ഞിട്ടുണ്ട്. റിപ്പോർട്ടിൽ പേരുകൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കമ്മിറ്റി അം​ഗങ്ങൾക്ക് മുന്നിൽ നൽകിയ മൊഴികളാണ് അവയൊക്കെ. അങ്ങനെ മൊഴി കൊടുക്കേണ്ടി വന്ന സാഹചര്യമെന്താണ്?നിലവിലെ അവസ്ഥ മാറണം എന്നത് കൊണ്ടാണല്ലോ ഓരോരുത്തരും ദുരനുഭവങ്ങൾ പറഞ്ഞിട്ടുണ്ടാവുക. നമ്മുടെ ഇൻഡസ്ട്രിയെ ഏതൊരു സ്ത്രീയും അർഹിക്കുന്ന ജോലിസ്ഥലമാക്കി മാറ്റേണ്ടതുണ്ട്. അത് സാധ്യമായേ തീരൂ. കഴിഞ്ഞ കുറെ വർഷങ്ങളായി ചെറിയ ചെറിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. പക്ഷെ ഇനിയും മാറ്റങ്ങൾ വരേണ്ടതുണ്ട്. പ്രേക്ഷകരാണെങ്കിൽ പോലും ഓഫ് സ്ക്രീനിൽ ഇൻഡസ്ട്രി എങ്ങനെയാണ് പെരുമാറുന്നത് എന്ന് അന്വേഷിക്കുന്ന നിലയിൽ ബോധ്യമുള്ളവരാണ്.

നിലവിലെ സാഹചര്യത്തിൽ വിമൻ ഇൻ സിനിമ കളക്ടീവിന്റെ നിലപാട്? മുന്നോട്ടുള്ള നീക്കങ്ങൾ എന്താണ്?

WCC തൊഴിൽ സ്ഥലത്തെ ഒന്നിലധികം പ്രശ്നങ്ങളിൽ ഇടപെടുന്നുണ്ട്, ഇനിയും അത് തുടരും. ഇതുവരെ ഉണ്ടായിരുന്ന ലക്ഷ്യങ്ങൾക്ക് പുറമേ, തൊഴിൽ അവസരങ്ങൾക്കും ചലച്ചിത്രമേഖലയിലെ സഹകരണത്തിനുമായി സ്ത്രീകൾക്കിടയിൽ ഒരു നെറ്റ് വർക്ക് ഞങ്ങൾ സൃഷ്ടിച്ചു തുടങ്ങിയിട്ടുണ്ട്. വളരെ പോസിറ്റീവ് ആയ രീതിയിൽ അതിന്റെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

WCC ഈ ആവശ്യങ്ങൾക്ക് വേണ്ടി തുടർന്ന് നിരന്തരം സംസാരിക്കുക മാത്രമല്ല ചെയ്യുന്നത്, ഹേമ കമ്മീഷൻ റിപ്പോർട്ട് തയ്യാറാവുമ്പോഴേക്കും,WCC സർക്കാരിനും, ഇൻഡസ്ട്രിയ്ക്കും, വനിതാ കമ്മീഷനും ഉൾപ്പെടെ ഷിഫ്റ്റ് ഫോക്കസ് (SHIFT FOCUS) എന്ന ഒരു റിസർച്ച് ആൻഡ് ഡിസ്കഷൻ ബേസ്ഡ് റിപ്പോർട്ടും സമർപ്പിച്ചിരുന്നു. 5 ഇന്ത്യൻ ഫിലിം ഇൻഡസ്ട്രികൾ ഉൾപ്പെട്ടിട്ടുള്ള കോൺഫെറൻസുകൾ നടത്തി റിസർച്ച് സമാഹരിച്ച് WCCയും, സഖി വിമൻസ് റിസോർഴ്‌സസും ചേർന്നൊരുക്കിയ, ബെസ്റ്റ് പ്രാക്റ്റീസസ് അടങ്ങിയ റിപ്പോർട്ടാണ് അതിലുള്ളത്.

Shift-Focus-Women-Shaping-the-Narrative-in-Media-and-Entertainment.pdf
Preview

സർക്കാരിനും ഇൻഡസ്ട്രിയ്ക്കും ഈ മാറ്റങ്ങൾ കൊണ്ട് വരാനുള്ള പ്രചോദനവും, സപ്പോർട്ടുമായിട്ടാണ് ഞങ്ങൾ ഈ റിപ്പോർട്ടുകളെ കാണുന്നത്.

സിനിമാ സെറ്റുകളിൽ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി വേണം എന്നത് നിയമമായിട്ടും, അത് പാലിക്കപ്പെടുന്നില്ല എന്ന് ആരോപിക്കുന്നുണ്ടല്ലോ?

എല്ലാ സെറ്റുകളിലും ഐസി വേണമെന്ന നിയമം, നമ്മുടെ സിനിമയ്ക്ക് ബാധകമല്ല എന്ന് നമ്മുടെ ഇൻ‍ഡസ്ട്രി ഓർ‌​ഗനെെസേഷൻസും പ്രൊഡ്യൂസേഴ്സും പറഞ്ഞ അവസ്ഥ വന്നപ്പോഴാണ് ഞങ്ങൾ ഹെെക്കോടതിയിൽ പൊതുതാത്പര്യ ഹർജ്ജി കൊടുക്കാൻ നിർബന്ധിതരായത്. ശേഷം കോടതയിൽ നിന്ന് എല്ലാ അവ്യക്തതകളും മാറ്റിക്കൊണ്ടുള്ള വളരെ പ്രധാനപ്പെട്ട വിധിയാണ് ഞങ്ങൾക്ക് ലഭിച്ചത് . അതായത് സിനിമാ വ്യവസായവും പോഷ് ആക്ടിന് കീഴിൽ വരുന്നതാണ്, എല്ലാ പ്രൊഡക്ഷൻ യൂണിറ്റുകളിലും പോഷ് കംപ്ലൈൻസ് വേണം എന്നതായിരുന്നു കോടതി വിധി.

ആ പോഷ് കംപ്ലൈൻസിന്റെ ഒരു ഭാഗമാണ് ഐസി എന്നത്. പോഷ് കംപ്ലൈൻസ് എന്നത് സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയാനുള്ള ഉപാധി കൂടിയാണ്. അതായത് എല്ലാ ഫിലിം ഇൻ‌ഡസ്ട്രി പ്രവർത്തനങ്ങളും സീറോ ടോളറൻസ് സ്പേസ് ആണ്. സെക്ഷ്വൽ ഹരാസ്മെന്റ്സ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്തെല്ലാമാണ് എന്ന് കൃത്യമായി നിർവചിച്ചിട്ടുണ്ട്, അതിലേർപ്പെടുന്ന ആരെയും നിയമപരമായി നേരിടാം. അത് ക്രൂവിലുള്ള എല്ലാവരെയും അറിയിക്കുക എന്നത് അതിന്റെ തൊഴിൽ ദാതാവിന്റെ/ പ്രൊഡ്യൂസറുടെ ഉത്തരവാദിത്തമാണ്.

പേരിന് ഒരു ഐസി വച്ചിട്ട് കാര്യമില്ല. ആ ഐസി കൃത്യമായി പ്രവർത്തിക്കണം. ഇവിടെ ആളുകൾ ധരിച്ചു വച്ചിരിക്കുന്നത് ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ പോയി പറയാനുള്ള ഒരു സ്ഥലം എന്ന് മാത്രമാണ്. അതല്ല. ആക്ട് പ്രകാരം prevention & protection ആദ്യം നടത്തണം. ശേഷമാണ് പരാതി പരിഹാരത്തിനെക്കുറിച്ച് (redressal) പറയുന്നത്. പോഷ് ആക്ട് വായിച്ചു നോക്കാനുള്ള ഉത്തരവാദിത്തം ഓരോ എംപ്ലോയർക്കും/ പ്രൊഡ്യൂസർക്കും ഉണ്ട്. ഉത്തരവാദിത്തമുണ്ടെങ്കിൽ അത് കോൺട്രാക്ടിൽ ഉൾപ്പെടുത്തും. കേരളത്തിന് പുറത്ത് ജോലി ചെയ്യുമ്പോൾ, പ്രത്യേകിച്ചും ഒടിടിയ്ക്ക് വേണ്ടി ജോലി ചെയ്യുമ്പോൾ, അവർ കോൺട്രാക്ടിൽ വ്യക്തമായി എഴുതി വക്കുന്നത് കാണാം.

ആക്ട് പ്രകാരം പ്രവർത്തിക്കാത്ത എംപ്ലോയേഴ്സിന് എതിരെ എടുക്കാനുള്ള നടപടികൾ വ്യക്തമാക്കുന്നുണ്ട്. പോഷ് കംപ്ലൈൻസിന്റെ നോഡൽ ഓഫീസ് ആയി നിയമിച്ചിരിക്കുന്നത് എല്ലാ സംസ്ഥാനത്തെയും വനിതാ-ശിശുക്ഷേമ വകുപ്പിനെയാണ്. പോഷ് കമ്മിറ്റി കൃത്യമായി പ്രവർത്തിക്കുന്നുണ്ട് എന്ന ഉറപ്പ് വരുത്തേണ്ടത് സർക്കാരിന്റെയും ഉത്തരവാദിത്തമാണ്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT