രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ വാട്‌സ് ആപ്പ് ഡിപിയില്‍ നിന്ന് മാറ്റിയില്ലെങ്കില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരമുള്ള വീട് തരില്ലെന്ന് അപേക്ഷകനെ ഭീഷണിപ്പെടുത്തി സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റിയംഗം ടി സത്യന്‍. നന്നംമുക്ക് പഞ്ചായത്തില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വീടിന് അപേക്ഷിച്ച കാഞ്ഞിപ്പാടം ഗഫൂറിനെയാണ് സിപിഎം നേതാവ് ഭീഷണിപ്പെടുത്തിയത്. ഗഫൂറും സത്യനും തമ്മിലുള്ള ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഭീഷണിക്കൊപ്പം രാഹുല്‍ ഗാന്ധിയെ അസഭ്യം പറഞ്ഞു കൊണ്ടാണ് സത്യന്റെ സംസാരം.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഗഫൂര്‍ ഡ്രൈവിംഗ് നടത്തിയാണ് കുടുംബം പോറ്റുന്നത്. മുപ്പത് വര്‍ഷമായി വാടക വീട്ടിലാണ് താമസം.
സംഭാഷണത്തില്‍ സിപിഎം നേതാവ് പറയുന്നത്
‘പ്രൊഫൈലില്‍ രാഹുല്‍ഗാന്ധിയെ മാറ്റി ഗഫൂറിനെ ആക്ക് ഗഫൂറെ. ഞാന്‍ ടി സത്യന്‍ ഇഎംഎസിന്റെ പേരിടും. ഞാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. പക്ഷേ പാര്‍ട്ടി നോക്കിയിട്ടല്ല ലൈഫില്‍ വീട് കൊടുത്തത്. വിളിച്ചത് ലൈഫിന്റെ പൈസ റെഡിയായിക്കൊണ്ടിരിക്കുന്നുണ്ട്. അത് തരണോ വേണ്ടയോ എന്ന് നോക്കാന്‍ വേണ്ടി വിളിച്ചതാണ്. എനിക്ക് നിന്റെ വിഷമം മനസിലാകും. കോണ്‍ഗ്രസിന് വോട്ട് ചെയ്തിട്ടുണ്ടാകും. കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ടാകും. ഞങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചിട്ടുണ്ടാകും. എനിക്കെതിരെ അപവാദ പ്രചരണം നടത്തിയിട്ടുണ്ട്. അതൊക്കെയുണ്ടാകും. നിനക്ക് വീട് തരണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍. മറ്റെ ചങ്ങാതിയുടെ ഇളിഞ്ഞ മോന്തയുണ്ടല്ലോ. പ്രധാനമന്ത്രിയാകാന്‍ നിന്ന നായിന്റെ മോന്‍ അപ്പുറത്ത് തോറ്റില്ലേ. ആ നായിന്റെ മോന്റെ ഫോട്ടോ ഉണ്ടല്ലോ അതങ്ങ് മാറ്റിയിട്ട് നിന്റെ ഫോട്ടോ വെക്ക്. അതാണ് നല്ലത്. ഇല്ലെങ്കില്‍ ഒന്നും കിട്ടലുണ്ടാകില്ല’.
സ്ഥലം കണ്ടെത്തി അപേക്ഷ നല്‍കിയിട്ടും വീട് കിട്ടാന്‍ വൈകിയതിനാലാണ് പഞ്ചായത്ത് അംഗമായ സത്യനെ വിളിച്ചതെന്ന് ഗഫൂര്‍ ദ ക്യൂവിനോട് പറഞ്ഞു. വീട് ലഭിക്കില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് മൂന്ന് മാസം മുമ്പത്തെ സംഭാഷണം പുറത്തു വിട്ടത്.
ജനിച്ചപ്പോള്‍ മുതല്‍ വാടക വീട്ടിലാണ്. സ്വന്തമായി വീട് വേണമെന്ന ആഗ്രഹം ഉണ്ടാവില്ലേ. മൂന്ന് മക്കളുണ്ട്. ഞാന്‍ അസ്സല്‍ കോണ്‍ഗ്രസുകാരനാണ്. ചെറുപ്പം മുതല്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ്. അങ്ങനെയൊരാള്‍ രാഹുല്‍ഗാന്ധിയുടെ ഫോട്ടോ വെച്ചതിനാണ് ചീത്ത വിളിച്ചിരിക്കുന്നത്. മുപ്പത് വര്‍ഷമായി വാടക വീട്ടില്‍ താമസിക്കുന്നു. സ്ഥലമുണ്ടായിട്ടും വീട് ലഭിച്ചില്ല. രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ മാറ്റിയിട്ട് കിട്ടുന്ന വീട് വേണ്ട. ഗഫൂര്‍
വീടിനായി കണ്ടെത്തിയ സ്ഥലം ചതുപ്പാണെന്നും അനുമതി കിട്ടാന്‍ വൈകുന്നത് അതുകൊണ്ടാണെന്നുമാണ് സത്യന്‍ നല്‍കുന്ന വിശദീകരണം. സത്യന്‍ അപേക്ഷകനോട് മോശമായി സംസാരിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് ദ ക്യൂവിനോട് പ്രതികരിച്ചു. പഞ്ചായത്ത് അംഗമായ വനിതയോട് ഫോണില്‍ മോശമായി സംസാരിച്ചതിന്റെ ഓഡിയോ പുറത്ത് വന്നതിനെത്തുടര്‍ന്ന് സത്യന്റെ പ്രസിഡന്റ് സ്ഥാനം നേരത്തെ നഷ്ടപ്പെട്ടിരുന്നു.