നേട്ടം പ്രതീക്ഷിച്ച് ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയറുമായി യുഡിഎഫ് ഉണ്ടാക്കിയ ബാന്ധവം മുന്നണിക്ക് കനത്ത പരിക്കാണ് സമ്മാനിച്ചതെന്ന് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. തങ്ങളുടെ ശക്തികേന്ദ്രമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി അവകാശപ്പെടുന്ന മുക്കം നഗരസഭയില്‍ പോലും കൂട്ടുകെട്ട് യുഡിഎഫിന് ഗുണം ചെയ്തില്ലെന്ന് മാത്രമല്ല മറ്റിടങ്ങളില്‍ വലിയ ആഘാതമേല്‍പ്പിക്കുകയും ചെയ്തു. അഞ്ച് തലങ്ങളില്‍ ഈ ബാന്ധവം യുഡിഎഫിന്റെ വോട്ടുചോര്‍ത്തിയെന്ന് വ്യക്തം. ധാരണയുടെ പേരില്‍ കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനും കെ മുരളീധരന്‍ എംപിയും ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത് മിച്ചം.
മധ്യകേരളത്തില്‍ ക്രൈസ്തവ വോട്ടുകള്‍ എല്‍ഡിഎഫിന് അനുകൂലമാക്കി
യുഡിഎഫും കോണ്‍ഗ്രസും മുസ്ലിം ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുകയാണെന്ന് ക്രൈസ്തവ സഭകള്‍ നേരത്തേ തന്നെ ആരോപിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ മുന്നോക്കക്കാരിലെ പിന്നാക്കര്‍ക്കുള്ള സാമ്പത്തിക സംവരണത്തിനെതിരെ മുസ്ലിം ലീഗ് രംഗത്തെത്തിയതില്‍ ചില ക്രൈസ്തവ മത മേലധികാരികള്‍ എതിര്‍പ്പ് പരസ്യമാക്കിയിരുന്നു. കൂടാതെ ഇല്ലാത്ത ലവ് ജിഹാദ് ഉയര്‍ത്തി സഭകള്‍ പ്രചരണം നടത്തുന്നുമുണ്ട്. തുര്‍ക്കിയിലെ ഹഗിയ സോഫിയ മ്യൂസിയം മുസ്ലിം പള്ളിയാക്കിയ നടപടിയെ പിന്തുണച്ച് മുസ്ലിം ലീഗ് നേതാവ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചന്ദ്രിക പത്രത്തില്‍ ലേഖനമെഴുതിയതിനെ സഭ രൂക്ഷമായി വിമര്‍ശിച്ച സാഹചര്യവുമുണ്ട്. ഇതെല്ലാം മുന്‍നിര്‍ത്തി ക്രൈസ്തവ വിഭാഗക്കാരായ പരമ്പരാഗത കോണ്‍ഗ്രസ് വോട്ടര്‍മാരിലെ ഒരു വിഭാഗത്തിന് മുന്നണിയോട് കടുത്ത അതൃപ്തിയുണ്ടായിരുന്നു. അതിനിടെയാണ് ജോസ് കെ മാണി ഇടതുമുന്നണിയുടെ ഭാഗമാകുന്നത്. പള്ളിത്തര്‍ക്കങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടും ഒരുപരിധിവരെ ചിലരില്‍ ഇടത് അനുകൂല മനോഭാവം വളര്‍ത്തി.സാമൂഹ്യ രാഷ്ട്രീയാന്തരീക്ഷം ഇങ്ങനെയായിരിക്കെയാണ് മുസ്ലിം ലീഗ് യുഡിഎഫിനുവേണ്ടി ജമാ അത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബാന്ധവമുണ്ടാക്കുന്നത്. ഇതോടെ യുഡിഎഫിനോടുള്ള ആ വിഭാഗക്കാരുടെ അതൃപ്തി കൂടുകയും എല്‍ഡിഎഫിന് അനുകൂലമായ വോട്ടായി അവ അടയാളപ്പെടുകയും ചെയ്തു. ഫലത്തില്‍ ജോസ് കെ മാണിയുടെ കടന്നുവരവിനൊപ്പം സാമുദായിക സാഹചര്യവും അനുകൂലമായതോടെ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഇടതുമുന്നണിക്ക് കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണം പിടിക്കാനായി.
ക്രൈസ്തവ വിഭാഗങ്ങളുടെ വോട്ട് ബിജെപിയിലേക്കും
ക്രൈസ്തവിഭാഗങ്ങളില്‍ ഒരു കൂട്ടര്‍ക്ക് ബിജെപിയോട് അകല്‍ച്ചാ മനോഭാവമില്ല. കോണ്‍ഗ്രസിലെ അതൃപ്തരായ ക്രൈസ്തവ വിഭാഗക്കാര്‍ എന്‍ഡിഎയെ ചിലയിടങ്ങളില്‍ പിന്‍തുണച്ചതായി കാണാം. പന്തളത്തും മധ്യകേരളത്തിലെ പലയിടത്തും ബിജെപി സ്ഥാനാര്‍ത്ഥികളുടെ വിജയത്തില്‍ ഇത് നിര്‍ണായകമായി.
കോണ്‍ഗ്രസിന്റെ ഭൂരിപക്ഷ സമുദായ വോട്ട് ചോര്‍ന്നു
സവര്‍ണഹിന്ദുക്കളുടെ വോട്ട് കോണ്‍ഗ്രസിന് പരമ്പരാഗതമായുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് മുസ്ലിം പ്രീണനം നടത്തുന്നുവെന്ന് ഇതിലെ ഒരു വിഭാഗം കാലങ്ങളായി അമര്‍ഷം സൂക്ഷിക്കുന്നുണ്ട്. ശബരിമല വിഷയമുള്‍പ്പെടെ കോണ്‍ഗ്രസ് ഏറ്റെടുത്തപ്പോള്‍ ഈ വിഭാഗം കോണ്‍ഗ്രസിനൊപ്പം അടിയുറച്ചുനിന്നിരുന്നു. എന്നാല്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള കോണ്‍ഗ്രസിന്റെ ബാന്ധവം ഈ വിഭാഗത്തിന്റെ അതൃപ്തി വര്‍ധിപ്പിച്ചു. അവരുടെ വോട്ട് ബിജെപിക്ക് അനുകൂലമായി ഭിന്നിച്ചെന്ന് വിലയിരുത്തേണ്ടിവരും.
ഭൂരിപക്ഷ സമുദായ വോട്ട് ഇടതുമുന്നണിയിലേക്കും
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച ചരിത്രമുണ്ടെങ്കിലും അവര്‍ പാളയം വിട്ടപ്പോള്‍ ആ പാര്‍ട്ടിക്കെതിരെ ഇടതുമുന്നണി ശക്തമായ പ്രചരണം അഴിച്ചുവിട്ടിരുന്നു. വര്‍ഗീയ ശക്തികളുമായി യുഡിഎഫ് കൈ കോര്‍ക്കുന്നുവെന്നുമായിരുന്നു എല്‍ഡിഎഫ് പ്രചരണം. ഇതോടെ അതൃപ്തരായ ഭൂരിപക്ഷ സമുദായ വോട്ടുകള്‍ ഇടതുമുന്നണിക്കും അനുകൂലമായി വന്നു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
മുസ്ലിം ലീഗ് അനുകൂല വോട്ടുകളിലും വിള്ളല്‍
യുഡിഎഫിന്റെ വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തിനെതിരെ സമസ്തയും മുജാഹിദും അടക്കമുള്ള വിഭാഗങ്ങള്‍ രംഗത്തെത്തിയിരുന്നു. മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയെ കണ്ട് സംഘടനാ നേതാക്കള്‍ എതിര്‍പ്പ് അറിയിക്കുകയും ചെയ്തിരുന്നു. അത്തരത്തില്‍ മുസ്ലിം സംഘടനകളില്‍ നിന്നും യുഡിഎഫിന് പരമ്പരാഗതമായി കിട്ടിവരുന്ന വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായി. ഇതും ഇടതിന് അനുകൂലമായി.
How the Welfare party RelationShip badly Affected UDF and Congress in Local Body Elections.