Around us

'നമ്മൾ മരിക്കോ ഉമ്മാ..' പുഞ്ചിരിമട്ടത്ത് നിന്ന് താഴേക്ക് പതിച്ച ഉരുൾ വരുത്തിവെച്ച നഷ്ടങ്ങളെത്രയാണ്..!

ചൂരൽമലയിലും മുണ്ടക്കൈയിലും ബാക്കിയായ മനുഷ്യർക്ക് ആ രാത്രിയെ കുറിച്ച് ഓർക്കാൻ ഭയമാണ്. കൂട്ടുകുടുംബവും സൗഹൃദവലയങ്ങളുമുണ്ടായിരുന്ന മനുഷ്യർ ഇനി ഉറ്റവരില്ലാതെ ഒറ്റക്കാണ് ജീവിക്കേണ്ടത്. ദുരിതാശ്വാസ ക്യാമ്പ് അവസാനിച്ചാൽ എങ്ങോട്ട് പോകുമെന്ന ആശങ്ക ഈ മനുഷ്യർക്കുണ്ട്. വീടും നാടും ആ ഗ്രാമമൊന്നാകെ തന്നെ ഉരുൾ എടുത്തിരിക്കുന്നു. അതിജീവനം അകലെയാകില്ല എന്ന് ആശ്വാസ വാക്കുകൾ നൽകുമ്പോളും എല്ലാം നഷ്ടപ്പെട്ട മനുഷ്യർ എങ്ങനെ സമാധാനിക്കാനാണ്.

'ഇപ്പൊ ആലോചിക്കുമ്പോ പേടിയാണ്, ഉപ്പയാണ് ശബ്ദം കേട്ട് വിളിച്ചുണർത്തുന്നത്, ഓട്ടത്തിനിടയിൽ തിരിഞ്ഞ് നോക്കുമ്പോൾ വീട് നിലംപൊത്തിയിരുന്നു, മൂന്ന് മാസമുള്ള കുഞ്ഞിനെ കൊണ്ട് കുന്നിൻമുകളിലേക്ക് ഓടുമ്പോൾ പല തവണ വീണു. കിഡ്നിക്ക് അസുഖമുള്ള ഉപ്പയും കാലിന് ഓപ്പറേഷൻ കഴിഞ്ഞിരിക്കുന്ന ഉമ്മയും അതിജീവിച്ചത് ഭാഗ്യം കൊണ്ടാണ്' ക്യാമ്പിലുള്ളവർ ആ രാത്രിയെ ഓർക്കുന്നതിങ്ങനെയാണ്. രണ്ട് മിനുറ്റ് വ്യത്യാസത്തിൽ മാത്രമാണ് ഉപ്പയും ഉമ്മയും ഭർത്താവും മൂന്ന് മാസമുള്ള കുഞ്ഞും പത്ത് വയസ്സ് പ്രായമുള്ള മറ്റൊരു മകനും അടക്കമുള്ള ഈ കുടുംബം രക്ഷപ്പെട്ടത്. മുണ്ടക്കൈ പാടിയിൽ താമസിച്ചിരുന്ന ഇവർ പ്രസവത്തെ തുടർന്നാണ് മുണ്ടക്കൈയിൽ തന്നെയുള്ള തറവാട് വീട്ടിലേക്ക് മാറുന്നത്. ഇതുവരെ സ്വരുക്കൂട്ടിയതും കടം വാങ്ങിയതും ഉപയോഗിച്ച് നിർമിച്ച പുതിയ വീട്ടിലേക്ക് അടുത്ത മാസം മാറാനിരിക്കെയാണ് ദുരന്തം എല്ലാമെടുത്തത്.

വർഷങ്ങളായി പാടിയിൽ ജോലി ചെയ്യുന്ന പ്രായമായ ഒരു അമ്മ ബെംഗളൂരുവിൽ കുടുംബത്തിലുള്ള ഒരു മരണ ചടങ്ങിന് പോയി തിരിച്ചു വരുമ്പോൾ കാണുന്നത് തറപോലും ഒലിച്ചുപോയ വീടിന്റെ അവശിഷ്ടങ്ങളാണ്. രണ്ട് പെൺകുട്ടികളെയും വിവാഹം കഴിപ്പിച്ച് വിട്ട് ഒറ്റയ്ക്ക് താമസിക്കുന്ന ഈ അമ്മ ദുരിതാശ്വാസ ക്യാംപ് കഴിഞ്ഞാൽ എങ്ങോട്ട് പോകുമെന്ന് ചോദിച്ച് വിലപിക്കുന്നു.

'ഉമ്മച്ചി എണീറ്റു നോക്കുമ്പോ വീടിന്റെ താഴെ ആകെ വെള്ളവും ചെളിയും നിറഞ്ഞിട്ടുണ്ട്. ഉമ്മച്ചി ഞങളെ ഉറക്കത്തിൽ നിന്ന് വിളിച്ചപ്പോളേക്കും വെള്ളം നന്നായി എത്തിയിട്ടുണ്ട്. എണീറ്റു നടക്കാൻ തുടങ്ങിയപ്പോളേക്കും വീടിന്റെ സീലിംഗ് ഒന്നാകെ തകർന്ന് വീണു. കുറെ അലറി വിളിച്ചെങ്കിലും ഒരു മനുഷ്യന്റെ ശബ്‍ദം പോലെ അവിടെ കേട്ടില്ല, ഞങ്ങൾക്ക് മനസ്സിലായി ഇനി ആരും രക്ഷിക്കാൻ വരൻ ഇല്ലെന്ന്, വീടിന്റെ ഒരു സൈഡ് ഇടിയാൻ തുടങ്ങി, അടുക്കള ഭാഗം ഒലിച്ച് പോയി, അപ്പൊ നോക്കുമ്പോ ഞങ്ങടെ വീടിന്റെ കിണറിന്റെ ഭാഗത്ത് ഏതോ ഒരു കുട്ടി ഒലിച്ച് വന്നിട്ടുണ്ട്. ആകെ പേടിച്ച അവസ്ഥ ആയിരുന്ന്, എങ്ങനെ രക്ഷപ്പെട്ടത് എന്നൊന്നും ഓർമ്മല്ല' മുണ്ടക്കൈയിലെ ശഹ്നയുടെ വാക്കുകളാണിത്.ഇത്തരത്തിൽ ഭീകരമായ ഓർമകളും സമ്പാദ്യങ്ങളെല്ലാം നഷ്ടപ്പെട്ടതിൻ്റെ വേദനയുമായി ഒത്തിരി കുടുംബങ്ങളാണ് വിവിധ ദുരിതാശ്വാസ ക്യാംപുകളിലായി കഴിയുന്നത്.

ഓരോ ആംബുലൻസിലും ഉറ്റവരുണ്ടെന്ന് കരുതി കാത്തിരിക്കുന്ന നിരവധി മനുഷ്യരുണ്ട്. ''ഓരോ മനുഷ്യനും അവരുടെ ഉറ്റവരുടെ ബോഡിയും പ്രതീക്ഷിച്ചാണ് ഇരിക്കുന്നത്. അവരുടെ ഒടുവിലത്തെ വസ്ത്രവും കയ്യിൽ കരുതിയാണ് അവർ വാതിൽക്കൽ കാത്തുനിൽക്കുന്നത്. എന്റെയാളായിരിക്കും, എന്റെയാളായിരിക്കും എന്ന പ്രതീക്ഷയിലാണ് എല്ലാവരും വന്നുകൊണ്ടിരിക്കുന്നത്. അതൊക്കെ കാണുമ്പോൾ വല്ലാത്ത് വിഷമം വരും.'' ചൂരൽമലയിൽ നിന്ന് മേപ്പാടി ഹെൽത്ത് സെന്ററിലേക്ക് 13 കിലോമീറ്ററാണ് ദൂരം. നെഞ്ചുപൊട്ടുന്ന കാഴ്ചകളുമായി ആ ദൂരം താണ്ടിയെത്തുന്നവർക്ക് ഒന്നേ പറയാനുള്ളൂ. 'പറയാൻ പറ്റാത്തത്രേം മനുഷ്യരായിട്ടുണ്ട് ഇവിടെ നിന്നും'. ദൗത്യ മേഖലയിലെ ആംബുലൻസ് ഡ്രൈവർമാർ പങ്കുവെക്കുന്നത് ഹൃദയം നുറുങ്ങുന്ന അനുഭവങ്ങളാണ്.

മഴ കോരിച്ചൊരിഞ്ഞിട്ടും മനോജ്‌ ആ മണ്ണിൽനിന്ന്‌ മാറിയില്ല. മുന്നിലൊഴുകുന്ന തോടിന്റെ കര ചൂണ്ടി പറഞ്ഞു: ‘ഇവിടെയായിരുന്നു എന്റെ കുടുംബവീട്‌. അച്ഛനും അമ്മയും അനിയനുമൊക്കെ ഈ മണ്ണിലുണ്ട്‌’. കണ്ണുനിറഞ്ഞൊഴുകി. ചൂരൽമലയിൽനിന്ന്‌ പടവെട്ടിക്കുന്നിലേക്കുള്ളന്ന ഹൈസ്‌കൂൾ റോഡിലായിരുന്നു മനോജിന്റെ തറവാട്‌ വീട്‌. സഹോദരൻ മഹേഷും (37) ഭാര്യയും മക്കളും ഇവിടെയാണ് താമസിച്ചിരുന്നത്. അച്ഛൻ വാസു (60) അമ്മ ഓമന (55)യും മഹേഷിനൊപ്പമായിരുന്നു. മനോജും കുടുംബവും ഇതിനടുത്ത് തന്നെ വാടകവീട്ടിലായിരുന്നു. ‘തിങ്കളാഴ്‌ച രാത്രി വലിയ ശബ്ദം കേട്ടാണ്‌ പുറത്തിറങ്ങിയത്‌. മലയലിടിഞ്ഞുവരുന്നതാണ്‌ എന്ന്‌ മനസ്സിലായിരുന്നില്ല. നോക്കിയപ്പോൾ ഈ ഭാഗത്തെ വീടുകളൊന്നും കണ്ടില്ല. അനിയനെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. അങ്ങോട്ടേക്ക് പോകാനുള്ള വഴിപോലും ഉരുളെടുത്തിരുന്നു. അനിയന്റെ ഭാര്യ രമ്യയെ ആരോ രക്ഷിച്ച്‌ ആശുപത്രിയിലാക്കി. മകൻ അവ്യക്തിനെ(9)യും കണ്ടെത്തിയെന്ന്‌ അറിഞ്ഞു. ആശുപത്രികളിലൊക്കെ അന്വേഷിച്ചു. എവിടെയാണെന്ന്‌ അറിയില്ല. അനിയന്റെ ഇളയമകൾ അരാധ്യയെ(6)യും കുടുംബത്തിലെ മറ്റുള്ളവരെക്കുറിച്ചും ഒരു അറിവുമില്ല. അവരെക്കിട്ടാതെ ഈ മണ്ണിൽനിന്ന്‌ എനിക്ക് മാറാനാകില്ല’. മനോജിന് വാക്കുകൾ മുഴുവനാക്കാനാകുന്നില്ല.

‘ഇവിടെയായിരുന്നു വീട്’പുഞ്ചിരിമട്ടത്തെ മൺകൂനയ്ക്ക് മുകളിലെ കൂറ്റൻപാറക്കല്ല് ചൂണ്ടി പറയുമ്പോൾ ജംഷീറിന്റെ ദുഃഖം അണപൊട്ടി. ഷാഫിക്ക് വീടുണ്ടായ സ്ഥലം തിരിച്ചറിയാനായില്ല. ബാവയും ബഫീനും വീടിന്റെ ഇടം തിരഞ്ഞുകൊണ്ടേയിരുന്നു. അവർക്കുമുന്നിൽ പാറകളും മൺതിട്ടകളും ഭൂമി പിളർന്നൊഴുകിയ പുഴയും മാത്രം. വ്യാഴാഴ്‌ച നിർമാണം പൂർത്തിയാക്കിയ ബെയ്‌ലി പാലത്തിലൂടെയാണ്‌ ഇവർ പുഞ്ചിരിമട്ടത്തേക്ക് എത്തിയത്. ഇന്നലെവരെ ജീവിച്ചയിടങ്ങളിലെ കാഴ്ചകളിൽ അവർ തളർന്നിരുന്നു. പരസ്‌പരം ആശ്വസിപ്പിക്കാനാകാതെ. ഉരുൾപൊട്ടലിൽനിന്ന്‌ അവിശ്വസനീയമായാണ് ജംഷീറും കുടുംബവും രക്ഷപെട്ടത്. തിങ്കൾ രാത്രി ഉപ്പ, ഉമ്മ, സഹോദരി, സഹോദരിയുടെ മൂന്ന് മക്കൾ, ഭാര്യ, മൂന്ന് കുട്ടികൾ എന്നിവരെ ഉമ്മയുടെ വീട്ടിൽ കൊണ്ടുവിട്ടു. ജംഷീർ തിരികെ പോകാൻ തുനിഞ്ഞെങ്കിലും പിന്നീട്‌ വേണ്ടെന്ന് വച്ചു. മണിക്കൂറുകൾ പിന്നിടുംമുമ്പേ നാടാകെ ഒഴുകിപ്പോയി. തങ്ങൾ രക്ഷപ്പെട്ടെങ്കിലും ബന്ധുക്കളും അയൽവാസികളും ഉൾപ്പെടെ അമ്പതോളം കുടുംബങ്ങളെ ഉരുൾകൊണ്ടുപോയെന്ന്‌ ജംഷീർ പറയുന്നു. ദുരന്തമറിഞ്ഞ് ഷാഫി രണ്ടുദിവസം മുമ്പാണ് വിദേശത്തുനിന്നും എത്തിയത്. അപ്പോഴേക്കും ഉപ്പയും ഉമ്മയും സഹോദരിയും നഷ്ടമായിരുന്നു.

ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത നാശം വിതച്ചാണ് പുഞ്ചിരിമട്ടത്ത് നിന്ന് ഉരുൾ താഴേക്ക് പതിച്ചത്. അനേകം മനുഷ്യർ മണ്ണിനോട് ചേർന്നു. കുറെ മനുഷ്യരുടെ മൃതദേഹങ്ങൾ അപ്പുറത്തെ ചാലിയാറിൽ നിന്ന് കിട്ടി. ആരാണെന്നോ ആരുടേതാണെന്നോ അറിയാത്ത കുറെ ശരീര അവശിഷ്ടങ്ങൾ വേറെയും ലഭിച്ചു. വയനാടിന്റെ മുറിവുണക്കണം. ആ നാടിനെ കൈപിടിച്ച് കയറ്റണം. അവരുടെ സ്വപ്നങ്ങൾക്ക് നിറം നൽകണം. അവരുടെ കുഞ്ഞുങ്ങൾ പഠിച്ച് വളരണം.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT