ഹിറ്റ്‌ലറും മുസോളിനിയും ജനാധിപത്യത്തിന്റെ ഉല്‍പ്പന്നങ്ങളാണെന്ന വാദവുമായി ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ്. സമയമെടുത്താണ് ജനാധിപത്യങ്ങള്‍ മുതിരുന്നത്. ജനാധിപത്യ പ്രക്രിയയില്‍ തോറ്റുപോയവര്‍ പൗരത്വഭേദഗതി നിയമം ഉയര്‍ത്തി കലാപം അഴിച്ചുവിടുകയാണെന്നും അദ്ദേഹം ആരോപിച്ചു. 2014 ഡിസംബര്‍ 31 ന് മുന്‍പ് ഇന്ത്യയില്‍ എത്തിയ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് 1955 ലെ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തിയിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇന്ത്യക്ക് ഊര്‍ജസ്വലവും ശക്തമായതുമായ ഭരണഘടനയുണ്ട്. നമ്മളെല്ലാം അതുമായി വിവാഹബന്ധത്തിലാണ്. ജനാധിപത്യപ്രക്രിയയില്‍ തോറ്റശേഷം 'തെരുവുകളെ ജനാധിപത്യ വേദികളാക്കി' അക്രമം അഴിച്ചുവിടുകയും സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്ന് പറയുകയുമാണ്. എന്നാല്‍ ഏറ്റവും ജനാധിപത്യപരമായ രീതിയിലാണ് പൗരത്വ നിയമം പാസാക്കിയിരിക്കുന്നത്. വിമര്‍ശനങ്ങള്‍ക്കെല്ലാം സര്‍ക്കാര്‍ ചര്‍ച്ചയ്ക്കിടെ തന്നെ മറുപടി നല്‍കിയിട്ടുണ്ട്.
ഭിന്നാഭിപ്രായമുള്ളവര്‍ ശരിയായ വേദികളില്‍ ഉചിതമായ രീതിയിലാണ് വിമര്‍ശനങ്ങള്‍ അവതരിപ്പിക്കേണ്ട്. ശരിയായ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സര്‍ക്കാര്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. അതുകൊണ്ട് ഞങ്ങള്‍ വിമര്‍ശനങ്ങളോട് അസഹിഷ്ണുക്കളാണെന്ന് പറയരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെയ്‌സിന ഡയലോഗ് പരിപാടിയിലായിരുന്നു റാം മാധവിന്റെ വാക്കുകള്‍.