ഉത്തർപ്രദേശിലെ ഗോരഖ്‌പൂർ ഗ്രാമത്തിൽ മഴ പെയ്യുന്നതിനായി തവളകളെ വിവാഹം കഴപ്പിച്ച് പൂജ. ഹിന്ദു മഹാസംഘ് സംഘടിപ്പിച്ച കല്യാണം ഗോരഖ്‌പൂരിലെ കാളിബരി ക്ഷേത്രത്തിൽവെച്ചാണ് നടന്നത്. നൂറുകണക്കിനാളുകളാണ് കല്യാണത്തിൽ പങ്കെടുക്കാൻ എത്തിയത്.
പ്രദേശമാകെ വരൾച്ചയ്ക്ക് സമാനമായ സാഹചര്യമാണ് നേരിടുന്നതെന്നും സാവൻ (ഹിന്ദു കലണ്ടറിലെ ഒരു മാസം) മാസത്തിലെ അഞ്ച് ദിവസം ഇതിനകം കഴിഞ്ഞിട്ടും മഴയില്ലാത്തതുമാണ് തവളകല്യാണം നടത്താൻ കാരണം എന്ന് ഹിന്ദു മഹാസംഘിന്റെ നേതാവ് രമാകാന്ത് വർമ പറഞ്ഞു.
കഴിഞ്ഞയാഴ്ച ഹവൻ പൂജ നടത്തിയെന്നും ഇപ്പോൾ തവളകളെ കല്യാണം കഴിപ്പിച്ചതും ആചാരത്തിന്റെ ഭാഗമാണ് എന്നും രമാകാന്ത് വർമ്മ കൂട്ടിച്ചേർത്തു.
ജൂലായ് 13ന് യു.പിയിലെ മഹാരാജ്ഗഞ്ച് ജില്ലയിലെ ഒരു കൂട്ടം സ്ത്രീകൾ എം.എൽ.എ ജയമംഗൾ കനോജിയയെയും നഗർ പാലിക ചെയർമാൻ കൃഷ്ണ ഗോപാൽ ജയ്‌സ്വാളിനെയും ചെളിയിൽ മുക്കിയതും മുൻപ് വാർത്തയായിരുന്നു. വരൾച്ച നേരിടുന്നതുകൊണ്ട് 'ഇന്ദ്ര' ദേവനെ പ്രീതിപ്പെടുത്താനായിട്ടായിരുന്നു ചെളിയിൽ മുക്കിയുള്ള ആചാരം. തവളക്കല്യാണത്തിന് പിന്നാലെ മഴ പെയ്യുമെന്നാണ് നാട്ടുകാർ വിശ്വസിക്കുന്നത്.