സംസ്ഥാന വ്യവസായ ഡയറക്ടര്‍ക്ക് നടീല്‍ ശിക്ഷ വിധിച്ച് ഹൈക്കോടതി. നൂറ് മരങ്ങള്‍ നടാനാണ് ജസ്റ്റിസ് അമിത് റാവലിന്റെ നിര്‍ദേശം. വൃക്ഷങ്ങള്‍ നടേണ്ട സ്ഥലം വനം വകുപ്പ് നിര്‍ദേശിച്ച് കൈമാറണമെന്നും കോടതി ഉത്തരവിട്ടു. വിധി നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് കെ ബിജുവിന് ശിക്ഷ. കൊല്ലത്ത് പ്രവര്‍ത്തിക്കുന്ന എസ്എസ് കെമിക്കല്‍സ് വ്യവസായ വകുപ്പിന് ഒരു അപേക്ഷ നല്‍കിയിരുന്നു. അതിന്‍മേല്‍ ഹിയറിംഗ് നടന്നു. എന്നാല്‍ തുടര്‍ന്ന് ഒരു ഉത്തരവും നടപ്പായില്ല. കെമിക്കല്‍സ് കമ്പനികളുടെ വില്‍പ്പന നികുതി ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ചില പരാതികളിലാണ് കാലതാമസം വരുത്തിയതെന്നാണ് വിവരം.
വിഷയത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ വ്യവസായ വകുപ്പ് ഡയറക്ടറായ കെ ബിജുവിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തില്‍ നിന്ന് നടപടികള്‍ ഉണ്ടായില്ല. തുടര്‍ന്ന് നേരിട്ട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. കോടതി നിര്‍ദേശങ്ങള്‍ പ്രകാരം നടപടി സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാല്‍ ഡയറക്ടറുടെ ശമ്പളത്തില്‍ നിന്ന് പിഴയീടാക്കേണ്ടി വരുമെന്ന് ജസ്റ്റിസ് അമിത് റാവല്‍ പറഞ്ഞു. എന്നാല്‍ ഇത് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ എതിര്‍ത്തതോടെ കെ ബിജുവിനോട് നൂറ് മരങ്ങള്‍ നടാന്‍ ഉത്തരവിടുകയായിരുന്നു.