കോഴിക്കോട് ചീങ്കണ്ണിപ്പാലയില്‍ എംഎല്‍എ പി വി അന്‍വറിന്റെ ഭാര്യാപിതാവിന്റെ പേരിലുള്ള സ്ഥലത്തെ തടയണ പൂര്‍ണ്ണമായും പൊളിക്കണമെന്ന് ഹൈക്കോടതി. പൂര്‍ണമായും പൊളിച്ചു നീക്കി കളഞ്ഞ ശേഷം വെള്ളം ഒഴുക്കി വിടണം. ഇതിന്റെ ചെലവ് തടയണ പണിതവര്‍ തന്നെ വഹിക്കണം. ഇത്രയുമൊക്കെ ആയിട്ടും നമ്മള്‍ എന്തുകൊണ്ടാണ് പഠിക്കാത്തതെന്നും ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതി ചോദിച്ചു.
തടയണ സ്ഥിതി ചെയ്യുന്ന സ്ഥലം തന്റെ പേരില്‍ അല്ലെന്നും വിഷയത്തില്‍ താന്‍ മറുപടി പറയേണ്ട ആവശ്യമില്ലെന്നുമാണ് പി വി അന്‍വര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
കെട്ടിക്കിടക്കുന്ന വെള്ളം നിര്‍ബന്ധമായും ഒഴുക്കികളഞ്ഞില്ലെങ്കില്‍ പരിസ്ഥിതിക്ക് വലിയ ദോഷം ചെയ്യും. ജില്ലാ കളക്ടര്‍ ഈ മണ്‍സൂണ്‍ കാലത്ത് തന്നെ സ്ഥലത്തെത്തി വെള്ളം കെട്ടിക്കിടപ്പുണ്ടോ എന്ന് പരിശോധിച്ച് വെള്ളം ഒഴുക്കിക്കളയണം. ജലസേചന വകുപ്പ് ഉദ്യോഗസ്ഥരും ഖനനവകുപ്പ് ഉദ്യോഗസ്ഥരും കളക്ടറുടെ ഒപ്പം പരിശോധന നടത്തണം. രണ്ടാഴ്ച്ചയ്ക്ക് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും അപ്പോഴേക്കും കാര്യത്തില്‍ എന്ത് നടപടിയെടുത്തു എന്നത് കോടതിയെ അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
തടയണ സ്ഥിതി ചെയ്യുന്ന കക്കാടംപൊയില്‍ ഭാഗത്ത് തുടര്‍ച്ചയായി ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുന്നത് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ദുരന്തമുണ്ടായ കവളപ്പാറ 10 കിലോമീറ്റര്‍ മാത്രം ദൂരെയാണെന്നും ഹര്‍ജിക്കാര്‍ അറിയിച്ചു.