കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നവജാത ശിശുവിനെ തട്ടിയെടുത്തത് കാമുകനെ ബ്ലാക്ക് മെയില്‍ ചെയ്യാനെന്ന് നീതു. കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ ഇബ്രാഹിം ബാദുഷ നീതുവിന്റെ കാമുകന്‍ ആണ്. ഇയാള്‍ നീതുവിനെ വിവാഹ വാഗ്ദാനം നല്‍കി പറ്റിച്ചതിന് പിന്നാലെയാണ് കുഞ്ഞിനെ കാണിച്ച് ഭീഷണിപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് യുവതി പറയുന്നത്.
തട്ടിയെടുത്ത കുഞ്ഞ് ഇബ്രാഹിമിന്റേതാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രമം. നീതുവിന്റെ 30 ലക്ഷം രൂപയും സ്വര്‍ണവും ഇബ്രാഹിം വാങ്ങിയിരുന്നു. ഇതി തിരികെ വാങ്ങിക്കുക എന്നതായിരുന്നു ഉദ്ദേശം എന്നും യുവതി പറഞ്ഞു.
വിവാഹതിയായ നീതു ഇബ്രാഹിമില്‍ നിന്ന് ഗര്‍ഭം ധരിക്കുകയും അത് അലസി പോവുകയും ചെയ്തിരുന്നു. എന്നാല്‍ നീതു ഗര്‍ഭിണി ആയ വിവരം ഭര്‍ത്താവ് അറിഞ്ഞിരുന്നെങ്കിലും ഇബ്രാഹിം അറിഞ്ഞിരുന്നില്ല.
നീതു കുഞ്ഞിനെ ഒറ്റയ്ക്കാണ് കടത്തി കൊണ്ട് പോയതെന്നും പിന്നില്‍ മറ്റാരും ഇല്ലെന്നും പൊലീസ് വ്യക്തമാക്കി. നീതുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല.
ഉടനടി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രിയുടെ നിര്‍ദേശം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ആശുപത്രികള്‍ക്ക് മന്ത്രി കര്‍ശന നിര്‍ദേശവും നല്‍കി.
വ്യാഴാഴ്ച വൈകിട്ട് ആശുപത്രി ജീവനക്കാരിയുടെ വേഷത്തിലെത്തിയ സ്ത്രീയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്.
സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ പൊലീസ് ആശുപത്രി പരിസരത്ത് അന്വേഷണം നടത്തുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം ഗൈനക്കോളജി വാര്‍ഡില്‍ നഴ്സിന്റെ വസ്ത്രം ധരിച്ചാണ് സ്ത്രീയെത്തിയത്.
കുട്ടിക്ക് ചില പ്രശ്നങ്ങളുണ്ട്, ഡോക്ടര്‍ പരിശോധിക്കണമെന്ന് പറഞ്ഞെന്ന് ധരിപ്പിച്ചാണ് അമ്മയില്‍ നിന്നു കുഞ്ഞിനെ വാങ്ങിയത്.
തിരികെ ഏല്‍പ്പിക്കാത്തത് കണ്ട് അന്വേഷിച്ചപ്പോഴാണ് കടത്തിക്കൊണ്ട് പോയതാണെന്ന് മനസിലായത്. ഉടന്‍ പൊലീസില്‍ വിവരം അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്.