Around us

ധന്യ രാജേന്ദ്രന‍െതിരായ വ്യാജവാർത്ത; ജനം, ജന്മഭൂമി, കർമ്മ ന്യൂസ് റിപ്പോർട്ടുകൾ പിൻവലിക്കണമെന്ന് ഡൽഹി ഹൈക്കോടതി

യാതൊരു തെളിവുകളുമില്ലാതെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് കോടതി

പ്രമുഖ മാധ്യമപ്രവർത്തകയും ദ ന്യൂസ് മിനുട്ട് ഫൗണ്ടറും എഡിറ്ററുമായ ധന്യാ രാജേന്ദ്രനെതിനെ അപകീർത്തിപ്പെടുത്തുന്ന വ്യാജവാർത്തകൾ നൽകിയ ജനം, ജന്മഭൂമി, കർമ്മ ന്യൂസ് എന്നീ മാധ്യമങ്ങൾക്ക് തിരിച്ചടി. കട്ടിം​ഗ് സൗത്ത് കോൺ​ക്ലേവിന് പിന്നാലെ ധന്യ രാജേന്ദ്രനെതിരെയും സ്വതന്ത്ര മാധ്യമ കൂട്ടായ്മയായ ഡിജിപബ് ഇന്ത്യക്കെതിരെയും തുടർച്ചയായി നൽകിയ വ്യാജവാർത്തകൾക്ക് പിന്നാലെയാണ് കോടതി നടപടി.

ധന്യ രാജേന്ദ്രനെ അധിക്ഷേപിക്കുന്ന യൂട്യൂബ് വീഡിയോകളും ന്യൂസ് റിപ്പോർട്ടുകളും പത്ത് ദിവസത്തിനകം പിൻവലിക്കാൻ കർമ്മ ന്യൂസ്, ജനം ടിവി, ജന്മഭൂമി ദിനപത്രം എന്നിവരോട് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. പത്ത് ദിവസത്തിനകം വീഡിയോകൾ നീക്കാത്ത പക്ഷം ഹർജിക്കാരിയ ധന്യ രാജേന്ദ്രന് യൂട്യൂബിനെ സമീപിക്കാമെന്നും ഹൈക്കോടതി. ധന്യ രാജേന്ദ്രൻ നൽകിയ അപകീർത്തി കേസിലാണ് ജസ്റ്റിവ് വികാസ് മഹാജന്റെ ഇടക്കാല ഉത്തരവ്. ജനം, ജന്മഭൂമി, കർമ്മ ന്യൂസ് വാർത്തകൾ ആരോപണങ്ങൾ മാത്രമാണന്നും കോടതി നിരീക്ഷിച്ചു.

Dhanya_Rajendran___Anr_v_Galaxy_Zoom_India_Ovt_Ltd_and___Ors (1).pdf
Preview

ന്യൂസ് ലോൻട്രി, ന്യൂസ് മിനുട്ട്, കോൺഫ്ളുവൻസ് മീഡിയ എന്നീ സ്വതന്ത്ര മാധ്യമസ്ഥാപനങ്ങളും കേരള മീഡിയ അക്കാദമിയും കൊച്ചിയിൽ സംഘടിപ്പിച്ച കട്ടിം​ഗ് സൗത്ത് മീഡിയ കോൺക്ലേവുമായി ബന്ധപ്പെടുത്തി ധന്യ രാജേന്ദ്രനെതിരെ കർമ്മ ന്യൂസ്, ജനംടിവി എന്നിവർ നിരന്തരം വ്യാജവാർത്തകളും അധിക്ഷേപ പരാമര്ശവും നടത്തിയിരുന്നു. അമേരിക്കൻ ശതകോടീശ്വരൻ ജോർജ് സോറോസിന്റെ ഇന്ത്യൻ ഏജന്റാണ് ധന്യ രാജേന്ദ്രൻ എന്നായിരുന്നു സംഘപരിവാർ മുഖപത്രമായ ജന്മഭൂമി നൽകിയ വാർത്ത. കട്ടിം​ഗ് സൗത്ത് മീഡിയ കോൺക്ലേവ് ദക്ഷിണേന്ത്യയെ വിഭജിക്കാനാണെന്ന വ്യാജവാർത്തയും ജന്മഭൂമി നൽകിയ ജോർജ് സോറോസിന്റെ ഇന്ത്യൻ ഏജന്റാണ് ധന്യ രാജേന്ദ്രനെന്ന വ്യാജപ്രചരണവും കർമ്മ ന്യൂസ് ഏറ്റെടുത്ത് വീഡിയോ റിപ്പോർട്ടായി നൽകി. ഇതേ തുടർന്നാണ് ഡിജിപബ് ഇന്ത്യ, ദ ന്യൂസ് മിനുട്ട്, ധന്യാ രാജേന്ദ്രൻ തുടങ്ങിയവർ ദേശീയ തലത്തിൽ നിയമനടപടികളിലേക്ക് കടന്നത്.

മാധ്യമ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് നല്‍കി സ്വാധീനിച്ച് സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ജോര്‍ജ് സോറോസിന്റെ ഇന്ത്യയിലെ പ്രതിനിധിയാണ് ധന്യ രാജേന്ദ്രനെന്നും, ധന്യക്കെതിരെ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം നടത്തിയതായും ജന്മഭൂമി പത്രത്തിലും ഓൺലൈനിലും വാർത്ത നൽകിയിരുന്നു. ഈ വാർത്തക്ക് പിന്നാലെ ധന്യ രാജേന്ദ്രൻ മാധ്യമപ്രവർത്തനം അവസാനിപ്പിച്ചെന്ന വ്യാജ പ്രചരണവും ജന്മഭൂമി നടത്തി.

തെളിവുകളില്ലാതെ അപകീർത്തിപ്പെടുത്തലെന്ന് കോടതി

യാതൊരു തെളിവുകളുമില്ലാതെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് കോടതി പ്രഥമദൃഷ്ട്യാ കണ്ടെത്തി. കർമ്മ ന്യൂസ് നടത്തിപ്പുകാരായ ​ഗാലക്സി സൂം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെതിരെ ധന്യ രാജേന്ദ്രൻ കോടതിയില്‍ സമര്‍പ്പിച്ച അപകീർത്തി കേസില്‍ കട്ടിംഗ് സൗത്ത് എന്ന പേര് ‘കട്ടിംഗ് ചായ്’, ‘കട്ടിംഗ് എഡ്ജ്’ എന്നീ പദങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് വ്യക്തമാക്കുന്നുണ്ട്.

അപകീർത്തി വാർത്തയിൽ മുമ്പും കർമ്മ ന്യൂസിന് ഡൽഹി ഹൈക്കോടതി താക്കീത്

ന്യൂസ്‌ലോണ്ട്രി, കോൺഫ്ലുവെൻസ് മീഡിയ എന്നീ മാധ്യമ സ്ഥാപനങ്ങൾക്കെതിരായി അപകീർത്തികരമായ വാർത്ത നൽകിയതിന് കർമ്മ ന്യൂസിനെ ഡൽഹി ഹൈക്കോടതി താക്കീത് നൽകിയിരുന്നു. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അപകീർത്തികരമായ യാതൊരു വാർത്തയും നൽകരുതെന്നായിരുന്നു 2023 ജൂലൈയിൽ ഡൽഹി ഹൈക്കോടതി കർമ്മ ന്യൂസിന് താക്കീതു നൽകിയിരുന്നത്.. ന്യൂസ്‌ലോണ്ട്രിയും, മുതിർന്ന മാധ്യമപ്രവർത്തകൻ ജോസി ജോസഫിന്റെ നേതൃത്വത്തിലുള്ള കോൺഫ്ലുവെൻസ് മീഡിയയും ചേർന്ന് കൊച്ചിയിൽ നടത്തിയ മീഡിയ ഫെസ്റ്റിവൽ വിഘടനവാദ ശ്രമമാണെന്നും ദേശവിരുദ്ധ ആശയം പ്രചരിപ്പിക്കാൻ വേണ്ടിയാണ് സംഘടിപ്പിക്കപ്പെട്ടത് എന്നുമായിരുന്നു കർമ്മ ന്യൂസ് യൂട്യൂബിലൂടെ പ്രചരിപ്പിച്ചത്. എന്നാൽ തെറ്റിദ്ധാരണാജനകമായ വിവരങ്ങൾ പ്രചരിക്കുന്നത് നമ്മൾ ജീവിച്ചുകൊണ്ടിരിക്കുന്ന കാലത്തിന്റെ പ്രതിഫലനമായിക്കൂടി കാണണമെന്നും, ഒരിക്കൽ ഈ അവസ്ഥയിൽ നിന്നും നമ്മൾ രക്ഷപ്പെടുമെന്നും, ന്യൂസ്‌ലോണ്ട്രിയുടെ സഹസ്ഥാപകനും സി.ഇ.ഓയുമായ അഭിനന്ദൻ സിക്രി ദ ക്യുവിനോട് പറഞ്ഞിരുന്നു.

രണ്ടു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ന്യൂസ്‌ലോണ്ട്രിയും കോൺഫ്ലുവെൻസ് മീഡിയയും നൽകിയ അപകീർത്തിക്കേസിലാണ് ഡൽഹി ഹൈക്കോടതി അന്ന് ഉത്തരവിട്ടിരുന്നത്. 2023 മാർച്ചിലാണ് കൊച്ചിയിൽ വെച്ച് കട്ടിങ് സൗത്ത് എന്ന മീഡിയ ഫെസ്റ്റിവൽ നടക്കുന്നത്. കട്ടിങ് സൗത്ത് എന്ന പേര് സൗത്ത് ഇന്ത്യയെ വിഘടിപ്പിക്കണം എന്ന ആവശ്യത്തിന്റെ പുറത്താണെന്നും, സൗത്ത് ഇന്ത്യ മറ്റൊരു രാജ്യമാക്കണമെന്നാണ് ഈ സംഘാടകരുടെ ആവശ്യമെന്നും കർമ്മ ന്യൂസും മറുനാടൻ മലയാളിയുമുൾപ്പെടെയുള്ള യൂട്യൂബ് ചാനലുകൾ അന്ന് ആരോപിച്ചിരുന്നു. ഇത് ഏറ്റെടുത്തുകൊണ്ട് സംഘപരിവാർ ബി.ജെ.പി നേതാക്കൾ കേരളത്തിലും കേരളത്തിന് പുറത്തും രംഗത്ത് വരികയും ചെയ്തു.

ഡിജിറ്റൽ മാധ്യമ സ്ഥാപനങ്ങളായ ന്യൂസ്‌ലോണ്ട്രി, ദി ന്യൂസ് മിനിറ്റ്, കോൺഫ്ലുവെൻസ് മീഡിയ എന്നിവ കേരള മീഡിയ അക്കാഡമിയുമായി ചേർന്നാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. ഈ മീഡിയ ഫെസ്റ്റിവൽ സംഘാടകർ വിഘടനവാദപരമായ ആശയമാണ് പ്രചരിപ്പിക്കുന്നത് എന്ന് മാത്രമല്ല ഖാലിസ്ഥാൻ വാദികളുമായും നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്നും കർമ്മ ന്യൂസിന് വേണ്ടി ഹാജരായ അഡ്വക്കേറ്റുമാരായ ഉദ്ദവ് ഖന്ന, കൃഷൻ കുമാർ എന്നിവർ കോടതിയിൽ പറഞ്ഞു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT