ഫെയ്‌സ്ബുക്കിലൂടെ വിദ്വേഷ പ്രചരണം നടത്തുകയും മുസ്ലിങ്ങള്‍ക്കുനേരെ ഭീഷണിമുഴക്കുകയും ചെയ്ത ശ്രീജിത് രവീന്ദ്രന്‍ അറസ്റ്റില്‍. ഡിവൈഎഫ്‌ഐ മുക്കാലി യൂണിറ്റിന്റെ പരാതിയിലാണ് സംഘപരിവാര്‍ പ്രവര്‍ത്തകന്‍ പിടിയിലായത്. ഇയാള്‍ക്കെതിരെ സിആര്‍പിസി 353A വകുപ്പ് പ്രകാരമാണ് കേസെടുത്തത്. മുസ്ലീം സമൂഹത്തെയും ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്ന സ്ത്രീകളെയും അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും കഴിഞ്ഞ ദിവസം ഇയാള്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. കടുത്ത വിദ്വേഷ പരാമര്‍ശങ്ങളാണ് ഇയാളില്‍ നിന്നുണ്ടായത്.
മതസ്പര്‍ദ്ധ വളര്‍ത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും വ്യക്തിധിക്ഷേപങ്ങളും ഇയാളില്‍ നിന്നുണ്ടായി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയില്‍ നിന്ന് തിരികെ വിമാനം കയറിയാലുടന്‍ പൗരത്വ പ്രക്ഷോഭകര്‍ക്ക് നേരെ കടുത്ത നടപടികളുമുണ്ടാകുമെന്നടക്കം പരാമര്‍ശിച്ചിരുന്നു.ഡല്‍ഹി സംഭവങ്ങളുടെ പശ്ചാത്തലത്തില്‍, സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടികളുണ്ടാകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിരുന്നു.