മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുകയാണെങ്കില്‍ അതിന്റെ നിര്‍മ്മാണം തമിഴ്‌നാടിനെ ഏല്‍പ്പിക്കണമെന്ന് നടന്‍ ഹരീഷ് പേരടി. തമിഴ്‌നാട് ആകുമ്പോള്‍ നല്ല ഡാം ഉണ്ടാക്കുമെന്നും, കേരളത്തിലെ ജനങ്ങള്‍ക്ക് സമാധാനമായി ഉറങ്ങാമെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ ഹരീഷ് പേരടി പറയുന്നുണ്ട്.
പാലാരിവട്ടം പാലത്തിന്റെയും, കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന്റെയും അനുഭവത്തിന്റെ വെളിച്ചത്തില്‍ രാഷ്ട്രീയവ്യത്യാസമില്ലാതെ പറയുകയാണെന്ന് പറഞ്ഞാണ് കുറിപ്പ് ഹരീഷ് പേരടി പങ്കുവെച്ചിരിക്കുന്നത്. കേരളമാണ് ഡാം നിര്‍മ്മിക്കുന്നതെങ്കില്‍ ഡാമില്‍ വെള്ളത്തിന് നിരോധനം ഏര്‍പ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം പരിഹസിക്കുന്നുണ്ട്.
പോസ്റ്റിന്റെ പൂര്‍ണരൂപം: '2019-ല്‍ പറഞ്ഞതാണെങ്കിലും കേരളത്തിലെ ജനങ്ങളുടെ ആശങ്കയകറ്റാന്‍ ഇപ്പോഴും ഒരു പുതിയ ഡാം ഉണ്ടാക്കുന്നകാര്യം പരിഗണിക്കാവുന്നതാണ്...പക്ഷെ നിര്‍മ്മാണ ചുമതല തമിഴ്‌നാടിന് കൊടുക്കുന്നതായിരിക്കും നല്ലത്...പാലരിവട്ടം പാലത്തിന്റെയും കോഴിക്കോട് KSRTC ബസ്റ്റാന്റിന്റെയും അനുഭവത്തിന്റെ light-ല്‍ രാഷ്ടിയ വിത്യാസമില്ലാതെ പറയുകയാണ്...തമിഴ്‌നാട് ആവുമ്പോള്‍ അവര്‍ നല്ല ഡാം ഉണ്ടാക്കും കേരളത്തിലെ ജനങ്ങള്‍ക്ക് സമാധാനമായി കിടന്നുറങ്ങാം...അല്ലെങ്കില്‍ ഡാമില്‍ വെള്ളത്തിന് നിരോധനം ഏര്‍പ്പെടുത്തേണ്ടിവരും.'
അതേസമയം മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. അണക്കെട്ടിന്റെ ബലപ്പെടുത്തല്‍ നടപടികളില്‍ തമിഴ്‌നാട് വീഴ്ചവരുത്തിയെന്നും, സുരക്ഷ വിലയിരുത്താന്‍ രൂപീകരിച്ച മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ പരാജയമെന്നും ആരോപിച്ചുകൊണ്ടുള്ള പൊതുതാല്‍പര്യ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
അണക്കെട്ടില്‍ ജലനിരപ്പ് 137 അടിയായ സാഹചര്യത്തില്‍, ഡാം ഡീകമ്മീഷന്‍ ചെയ്യണം എന്ന ആവശ്യം ഉയര്‍ത്തി വന്‍ കാമ്പെയിനുകളാണ് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ നടക്കുന്നത്. ജലനിരപ്പ് 138 അടിയായാലാണ് രണ്ടാമത്തെ അറിയിപ്പ് നല്‍കുക. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നാണ് ജില്ലാഭരണകൂടം അറിയിച്ചിരിക്കുന്നത്.