Around us

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

കഴിഞ്ഞ ജനുവരിയിലാണ് ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായ ഹന റൗഹിതി കരേരികി മൈപി ക്ലാര്‍ക്ക് സഭയ്ക്കുള്ളില്‍ ഹക്കാ നൃത്തം ചെയ്ത് വൈറലായത്. പാര്‍ലമെന്റിലെ ആദ്യ പ്രസംഗത്തിന് ശേഷം അവര്‍ പ്രതിനിധീകരിക്കുന്ന മവോറി വിഭാഗത്തിന്റെ പരമ്പരാഗത നൃത്തമായ ഹക്കാ ഹന അവതരിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസവും അവര്‍ പാര്‍ലമെന്റില്‍ ഹക്ക അവതരിപ്പിച്ചു. ഇത്തവണ അതൊരു പ്രതിഷേധത്തിന്റെ ഭാഗമായാണ് അവര്‍ ചെയ്തത്. ഒറ്റയ്ക്കായിരുന്നില്ല. മറ്റ് എംപിമാരും സന്ദര്‍ശക ഗ്യാലറിയില്‍ ഇരുന്നവരും ഹക്കയില്‍ ചേര്‍ന്നു. ഇതോടെ സഭ നിര്‍ത്തിവെക്കുകയാണെന്ന് സ്പീക്കര്‍ പ്രഖ്യാപിച്ചു. സന്ദര്‍ശക ഗ്യാലറിയില്‍ ഉണ്ടായിരുന്നവരെ പുറത്താക്കാനും നിര്‍ദേശം നല്‍കി. ബില്‍ കീറിയെറിഞ്ഞു കൊണ്ടുള്ള പ്രതിഷേധത്തെ തുടര്‍ന്ന് രണ്ട് എംപിമാരെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

വൈതാംഗി ബില്ലും പ്രതിഷേധവും

ന്യൂസിലന്‍ഡിലെ ആദിമ ജനവിഭാഗമാണ് മവോറികള്‍. ഭരണ നിര്‍വ്വഹണം സംബന്ധിച്ച് ബ്രിട്ടീഷ് ഭരണകൂടവുമായി അവര്‍ ഏര്‍പ്പെട്ട ഉടമ്പടിയാണ് വൈതാംഗി ട്രീറ്റി. 1840ല്‍ ബ്രിട്ടീഷ് രാജ പ്രതിനിധിയും 500ലധികം മവോറി നേതാക്കളും ഒപ്പുവെച്ച രേഖയാണ് ഇത്. ന്യൂസിലന്‍ഡിന്റെ നിയമനിര്‍മാണത്തിന്റെ അടിസ്ഥാന രേഖയായി കണക്കാക്കുന്ന ഈ ഉടമ്പടി മവോറി വിഭാഗത്തിന്റെ അവകാശങ്ങള്‍ ഉറപ്പു നല്‍കുന്നു. ഭരണത്തിലും ഭൂമിയിലും പ്രകൃതി വിഭവങ്ങളിലുള്ള അധികാരത്തിലും മവോറികള്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങള്‍ നല്‍കുന്ന ഈ ഉടമ്പടിയില്‍ തിരുത്തലുകള്‍ വരുത്താനുള്ള കരട് ബില്ലാണ് വൈതാംഗി ബില്‍.

ഇത് അവതരിപ്പിക്കുന്നതിനിടെയാണ് പാര്‍ലമെന്റില്‍ പ്രതിഷേധമുണ്ടാകുന്നതും മവോറി എംപിമാര്‍ ഹക്കാ നൃത്തവുമായി നടുത്തളത്തില്‍ ഇറങ്ങിയതും. മവോറികള്‍ക്ക് വൈതാംഗി ഉടമ്പടി അനുസരിച്ച് ലഭിക്കുന്ന അവകാശങ്ങള്‍ ന്യൂസിലന്‍ഡിലെ മറ്റു പൗരന്‍മാര്‍ക്കും ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ബില്‍ അവതരിപ്പിച്ചത്. 184 വര്‍ഷം പഴക്കമുള്ള ഉടമ്പടിയാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചകളില്‍ നിറയുന്നത്. സഭയില്‍ ബില്‍ കീറിയെറിഞ്ഞുകൊണ്ട് പ്രതിഷേധത്തിന് തുടക്കമിട്ടത് ഹന റൗഹിതിയാണ്. വൈതാംഗി ഉടമ്പടിയില്‍ മാറ്റം വേണമെന്ന നിര്‍ദേശം കൊണ്ടുവന്നത്.

ഹക്കാ നൃത്തം

മവോറികളുടെ പരമ്പരാഗത നൃത്തമാണ് ഹക്കാ. വിശിഷ്ടാതിഥികളെ സ്വീകരിക്കുന്നതിനും നേട്ടങ്ങള്‍ ആഘോഷിക്കുന്നതിനും മരണാന്തര ചടങ്ങുകള്‍ക്കുമൊക്കെ ഹക്ക അവതരിപ്പിക്കും. സ്ത്രീകളും പുരുഷന്‍മാരും സംഘമായാണ് ഇത് അവതരിപ്പിക്കുക. ന്യൂസിലന്‍ഡ് സ്‌പോര്‍ട്‌സ് ടീമുകളും ചിലപ്പോള്‍ ഹക്ക അവതരിപ്പിക്കാറുണ്ട്. രാജ്യാന്തര മത്സരങ്ങള്‍ക്ക് മുന്‍പായി പലപ്പോഴും ഇത് അവതരിപ്പിച്ചു കാണാറുണ്ട്. യുദ്ധങ്ങളുടെ തയ്യാറെടുപ്പുമായി ബന്ധപ്പെട്ടാണ് പലപ്പോഴും ഹക്ക അവതരിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ശബ്ദമുയര്‍ത്തി പോരുവിളിയുടെ ശൈലിയിലുള്ള ചലനങ്ങളാണ് ഈ നൃത്തത്തിനുള്ളത്.

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

കൈരളിയെക്കുറിച്ച് മമ്മൂട്ടിക്ക് ഒരു സ്ഥാപിത താൽപര്യവുമില്ല; മമ്മൂട്ടിയുമായുള്ള 25 വർഷം നീണ്ട ബന്ധത്തെക്കുറിച്ച് ജോൺ ബ്രിട്ടാസ്

SCROLL FOR NEXT